തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിൽ എംവി ജയരാജൻ എത്തിയത് ഗുണം ചെയ്തു. ഇനി ഈ മാറ്റം മന്ത്രിമാരുടെ ഓഫീസിലേക്ക്. പാർട്ടിനേതാക്കളെ പ്രൈവറ്റ് സെക്രട്ടറിമാരായി നിയമിച്ച് മന്ത്രിമാരുടെ ഓഫീസുകളിൽ അഴിച്ചുപണിക്ക് സി.പി.എം. തീരുമാനം.

നിലവിൽ സി.പി.എം. അനുകൂല സർവീസ് സംഘടനാനേതാക്കൾ പ്രൈവറ്റ് സെക്രട്ടറിമാരായി തുടരുന്ന മന്ത്രിമാരുടെ ഓഫീസുകളിലാണ് മാറ്റംവരിക. മന്ത്രിമാരുടെ ഓഫീസുകളിലെ താക്കോൽസ്ഥാനങ്ങളിൽ നേതാക്കളെ നിയമിക്കുന്ന പതിവ് തുടരേണ്ടെന്നായിരുന്നു ഈസർക്കാരിന്റെ തുടക്കത്തിൽ സി.പി.എം. തീരുമാനിച്ചിരുന്നത്. എന്നാൽ പ്രൈവറ്റ് സെക്രട്ടറിമാരുടെ പിഴവുകൾ സർക്കാരിന് വിനയായി. മുഖ്യമന്ത്രിയുടെ ഓഫീസ് പോലും നിരന്തരം വിവാദത്തിൽപ്പെട്ടു. ഇതോടെ എംവി ജയരാജനെ മുഖ്യമന്ത്രിയുടെ ഓഫീസിൽ പ്രൈവറ്റ് സെക്രട്ടറിയാക്കി. അത് വമ്പൻ വിജയമായി. മുഖ്യമന്ത്രിയുടെ പ്രതിച്ഛായ പതിന്മടങ്ങ് കൂടി. ഈ മാതൃക മറ്റ് മന്ത്രി ഓഫീസിലേക്കും നീട്ടുകയാണ്.

മന്ത്രിമാരുടെ ഓഫീസുകളിൽ നിലവിലുള്ള ഉദ്യോഗസ്ഥസംവിധാനം ഭരണനിർവഹണം നടത്താൻ സഹായകരമാണെങ്കിലും ഭരണം ജനകീയമാകുന്നില്ലെന്നാണ് പാർട്ടി വിലയിരുത്തൽ. രാഷ്ട്രീയപരിചയമുള്ള പ്രൈവറ്റ് സെക്രട്ടറിമാരെ ആവശ്യമുള്ള മന്ത്രിമാർ പേരുകൾ നിർദേശിക്കണമെന്നും സി.പി.എം.നേതൃത്വം ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്ന് മന്ത്രി ജി. സുധാകരന്റെ ഓഫീസിൽ പുനലൂർ മുനിസിപ്പാലിറ്റി മുൻ ചെയർമാൻ ഡി. സുരേഷ്‌കുമാറിനെ പ്രൈവറ്റ് സെക്രട്ടറിയായി രണ്ടാഴ്ചമുമ്പ് നിയമിച്ചു. ഇതുവരെ സുധാകരന്റെ ഓഫീസിൽ പ്രൈവറ്റ് സെക്രട്ടറി പദവി ഒഴിഞ്ഞുകിടക്കുകയായിരുന്നു.

പാർട്ടിനേതാക്കൾ പ്രൈവറ്റ് സെക്രട്ടറിമാരായി വരുന്ന ഓഫീസുകളിൽ നിലവിലുള്ള പ്രൈവറ്റ് സെക്രട്ടറിമാരെ സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറിമാരാക്കും. മന്ത്രിമാരായ എ.സി. മൊയ്തീൻ, കെ.കെ. ശൈലജ എന്നിവരുടെ ഓഫീസുകളിലും പാർട്ടിനേതാക്കളെ നിയമിക്കും. മറ്റുചില മന്ത്രിമാരുടെ ഓഫീസുകളിലും വൈകാതെ മാറ്റംവരും. ഓഫീസ് കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞയാഴ്ച എ.കെ.ജി. സെന്ററിൽ പാർട്ടിമന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫംഗങ്ങളുടെ യോഗം വിളിച്ചിരുന്നു.