- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എംടി രമേശിന് മറുപടിയുമായി എം വിജയരാജൻ; 'കുറച്ചൊക്കെ നാടുമായി ബന്ധം വേണം, കിറ്റിൽ അരിയില്ല'; പ്രതികരണം ഫേസ്ബുക്ക് പോസ്റ്റിലുടെ
കണ്ണൂർ: കേന്ദ്രത്തിൽ നിന്ന് അരിയെത്തിയെന്നും സംസ്ഥാനത്ത് സൗജന്യ കിറ്റ് വിതരണം ഈ മാസവും തുടരുമെന്നും പോസ്റ്റിട്ട ബിജെപി നേതാവ് എം ടി രമേശിന് മറുപടിയുമായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. 'ബിജെപി നേതാവേ, ഒരുകാര്യം പ്രത്യേകം ഓർമിപ്പിക്കട്ടെ കിറ്റിൽ അരിയില്ല' എന്ന് അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.
കിറ്റിന്റെ ഉടമസ്ഥാവകാശം പേറാൻ പലരും രംഗത്തുണ്ടെന്നും കേന്ദ്രസർക്കാരാണ് കിറ്റ് നൽകിയതെങ്കിൽ, എന്തുകൊണ്ട് രാജ്യത്താകെ അത് നൽകുന്നില്ലെന്ന് ആരും ബിജെപിക്കാരോട് ചോദിക്കല്ലേയെന്നും അദ്ദേഹം പറഞ്ഞു. കുറച്ചൊക്കെ നാടുമായി ബന്ധം വേണമെന്നേ പറയാനുള്ളൂ. ചുരുങ്ങിയപക്ഷം സാധാരണക്കാരായ, കിറ്റ് വാങ്ങുന്ന ബിജെപിക്കാരോടെങ്കിലും ചോദിക്കാമായിരുന്നുവെന്നും ജയരാജൻ പറഞ്ഞു.
കേന്ദ്രത്തിൽ നിന്ന് 70,000 മെട്രിക്ക് ടൺ അരിയെത്തി, വീണ്ടും കിറ്റ് വിതരണം എന്ന പത്രവാർത്ത പങ്കുവെച്ചുകൊണ്ടായിരുന്നു എം ടി രമേശിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
എം വി ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ്
കേരളത്തിൽ കോവിഡ് പ്രതിസന്ധി ഘട്ടത്തിൽ ആരും പട്ടിണിയാകാതിരിക്കാനാണ് സൗജന്യ ഭക്ഷ്യകിറ്റുകൾ നൽകാൻ പിണറായി സർക്കാർ തീരുമാനിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നന്മ ചോർന്നു പോകാത്തവർ ഇതിനായി നൽകിയ തുകയുൾപ്പടെ ഉപയോഗിച്ചാണ് മഹാമാരി ഘട്ടത്തിൽ ആരും പട്ടിണിയാകാതിരിക്കാൻ സംസ്ഥാന സർക്കാർ ഇടപെട്ടത്. ഒപ്പം, കോവിഡ് രോഗികൾക്കുൾപ്പടെ സമയത്ത് ഭക്ഷണമെത്തിച്ചുനൽകാൻ സാമൂഹ്യ അടുക്കളകളും ആരംഭിച്ചു.
ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകരുതെന്ന് വാശിപിടിച്ചവർക്കും നന്മ ചോർത്തിക്കളയുന്ന ആ വലതുപക്ഷ പ്രഖ്യാപനം ഏറ്റെടുത്തവർക്കും ഉൾപ്പടെ എല്ലാവർക്കുമാണ് പിണറായി സർക്കാർ ഭക്ഷ്യകിറ്റ് സൗജന്യമായി നൽകിയതെന്നത് മറ്റൊരു വസ്തുത.
ആരും പട്ടിണിയാകാതിരിക്കാനുള്ള ആ നന്മ ജനങ്ങളാകെ ഏറ്റെടുത്തപ്പോൾ, അതിന്റെ ഉടമസ്ഥാവകാശം പേറാൻ പലരും രംഗത്തുണ്ട്. കേന്ദ്രസർക്കാരാണ് കിറ്റ് നൽകിയതെങ്കിൽ, എന്തുകൊണ്ട് രാജ്യത്താകെ അത് നൽകുന്നില്ല എന്ന് ആരും ബിജെപിക്കാരോട് ചോദിക്കല്ലേ..! അവർ കുടുങ്ങും. വീണ്ടും അവകാശ വാദവുമായി രംഗത്തുവന്നിട്ടുണ്ട് ബിജെപി നേതാക്കൾ എന്നതാണ് ഈ പുതിയ എഫ്ബി പോസ്റ്റ് വ്യക്തമാക്കുന്നത്.
ഒരു കാര്യം പ്രത്യേകം ബിജെപി നേതാവിനെ ഓർമ്മിപ്പിക്കട്ടെ -' കേരളത്തിൽ നൽകുന്ന കിറ്റിൽ അരിയില്ല'. കുറച്ചൊക്കെ നാടുമായി ബന്ധം വേണമെന്നേ പറയാനുള്ളൂ. ചുരുങ്ങിയപക്ഷം സാധാരണക്കാരായ കിറ്റ് വാങ്ങിക്കുന്ന ബിജെപിക്കാരോടെങ്കിലും ചോദിക്കാമായിരുന്നു. നന്ദി, നല്ല നമസ്ക്കാരം.