കണ്ണൂർ: വീണ്ടും കോടതിക്കെതിരെ ആഞ്ഞടിച്ച് എം വി ജയരാജൻ. സർക്കാർ ജീവനക്കാർക്ക് പണിമുടക്കാൻ അവകാശമില്ലെന്ന ഹൈക്കോടതി പരാമർശത്തിനെതിരെയാണ് രൂക്ഷ വിമർശനവുമായി സിപിഎം കണ്ണൂർ ജില്ല സെക്രട്ടറി രംഗത്ത് വന്നത്.സർക്കാർ ജീവനക്കാർക്ക് പണിമുടക്കാൻ അവകാശമില്ലെന്ന കോടതി പരാമർശം അപലപനീയമാണെന്ന് ജയരാജൻ പറഞ്ഞു.കോടതിക്ക് ബ്രിട്ടീഷ് പ്രേതം ബാധിച്ചിരിക്കുന്നു. സമരം ചെയ്യാൻ അവകാശമില്ലെന്ന് പറയാൻ ഇതെന്താ വെള്ളരിക്കാ പട്ടണമോ. ജഡ്ജിമാർ അടക്കം ജോലി ചെയ്യുന്നത് സമരങ്ങളിലൂടെ നേടിയ സ്വാതന്ത്ര്യത്തിലൂടെയാണെന്നും ജയരാജൻ മാധ്യമങ്ങളോട് പ്രതികരിച്ചു.

മാർച്ചിൽ പണിമുടക്ക് നോട്ടീസ് ലഭിച്ചിട്ടും ഉത്തരവുകളിലൂടെയോ മറ്റോ സർക്കാർ അത് തടയാൻ ശ്രമിച്ചില്ലെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം വിമർശിച്ചിരുന്നു. പണിമുടക്ക് സമരങ്ങളിൽ സർക്കാർ ജീവനക്കാർ പങ്കെടുക്കുന്നത് തടഞ്ഞ് സർക്കാർ ഉത്തരവിറക്കണമെന്ന വിധി പുറപ്പെടുവിച്ചാണ് ഹൈക്കോടതി വിമർശിച്ചത്.

കടകമ്പോളങ്ങളും സർക്കാർ ഓഫിസുകളും അടഞ്ഞുകിടക്കുകയും ഗതാഗതം നിലക്കുകയും ചെയ്ത കാഴ്ചയാണ് കൺമുന്നിലുള്ളത്. ട്രേഡ് യൂനിയൻ ആക്ട് പ്രകാരം പ്രവർത്തിക്കുന്ന ട്രേഡ് യൂനിയനുകൾക്ക് അവരുമായി ബന്ധമില്ലാത്ത കാര്യത്തിൽ ഇപ്രകാരം ദേശീയതലത്തിൽ ഭരണനിർവഹണം സ്തംഭിപ്പിക്കാൻ കഴിയുമോ എന്ന് കോടതി സംശയം പ്രകടിപ്പിച്ചു.

സംസ്ഥാന സർക്കാർ എന്ന തൊഴിൽ ദാതാവുമായി തൊഴിൽ തർക്കങ്ങളൊന്നും നിലവിലില്ല. എന്നാൽ, മാർച്ചിൽ പണിമുടക്ക് നോട്ടീസ് ലഭിച്ചിട്ടും ഉത്തരവുകളിലൂടെയോ മറ്റോ സർക്കാർ അത് തടയാൻ ശ്രമിച്ചില്ല. ജീവനക്കാർക്ക് ജോലിക്ക് എത്താനാവുംവിധം ബസുകൾ ഓടിക്കാൻ തയാറായില്ല. ജീവനക്കാരെ തടയുന്നവർക്കെതിരെ നടപടി സ്വീകരിക്കുന്നതോ വാഹനങ്ങൾ ഓടിക്കേണ്ടതോ സംബന്ധിച്ച് ഉത്തരവുകൾ പുറപ്പെടുവിച്ചില്ല.

പൗരന്മാരെ സംരക്ഷിക്കാനുള്ള ബാധ്യത മാത്രമല്ല, ജോലികൾ തടസ്സമില്ലാതെ തുടരുന്നുണ്ടെന്ന് ഉറപ്പിക്കാനുള്ള ബാധ്യതയും ഒരു ക്ഷേമ സർക്കാറിനുണ്ട്. ജീവനക്കാർക്ക് ജോലിക്കെത്താൻ പൊലീസ് സംരക്ഷണത്തോടെ മതിയായ ബസ് സർവിസുകൾ സർക്കാർ ഉറപ്പു വരുത്തേണ്ടിയിരുന്നു. സമരം തുടരുന്നവർക്കെതിരെ ഡയസ്‌നോൺ ഉപയോഗിക്കാനും കഴിയും.

പണിമുടക്കുന്നത് തടയാനുള്ള നടപടികൾ സ്വീകരിക്കുകയോ ജോലിക്ക് എത്താൻ വേണ്ട സൗകര്യങ്ങൾ ഒരുക്കുകയോ സർക്കാർ ചെയ്യാത്ത സാഹചര്യം വിലയിരുത്തിയാണ് സർക്കാർ ജീവനക്കാർ പണിമുടക്കിൽ പങ്കെടുക്കുന്നത് തടഞ്ഞും ലംഘിക്കുന്നവർക്കെതിരെ നടപടിക്ക് നിർദേശിച്ചും വകുപ്പുമേധാവികൾക്ക് ഉടൻ ഉത്തരവ് നൽകാൻ ചീഫ് സെക്രട്ടറിക്കും പൊതുഭരണ, ധനകാര്യ പ്രിൻസിപ്പൽ സെക്രട്ടറിമാർക്കും കോടതി നിർദ്ദേശം നൽകിയത്.

ജീവനക്കാർക്ക് ജോലിക്കെത്താൻ മതിയായ വാഹന സൗകര്യം ഉറപ്പു വരുത്തി ഉത്തരവിടണമെന്നും കോടതി നിർദേശിച്ചു. ഉത്തരവ് എത്രയും വേഗം സർക്കാറിന് കൈമാറണം. നിയമം നടപ്പാക്കാനും ക്രമസമാധാനം പരിപാലിക്കാനും നടപടികൾക്ക് സർക്കാറിന് ബാധ്യതയുണ്ട്. ട്രേഡ് യൂനിയനുകളെയും സർവിസ് സംഘടനകളെയും കേസിൽ കക്ഷിചേർക്കൽ ഈ ഘട്ടത്തിൽ അനിവാര്യമല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

ഹൈക്കോടതി ഇടപെടലിന്റെ സാഹചര്യത്തിൽ തിങ്കളാഴ്ച വൈകിട്ടോടെ സംസ്ഥാന സർക്കാർ ഡയസ്‌നോൺ പ്രഖ്യാപിച്ചിരുന്നു. സർക്കാർ ജീവനക്കാർ ചൊവ്വാഴ്ച ജോലിക്ക് ഹാജരാകണമെന്നും പണിമുടക്കിൽ പങ്കെടുക്കുന്ന താൽക്കാലിക ജീവനക്കാരെ പിരിച്ചുവിടുമെന്നും സമരത്തോടനുബന്ധിച്ച് പൊതുമുതൽ നശിപ്പിക്കുന്നവരെ പ്രോസിക്യൂട്ട് ചെയ്യുമെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടിയിരുന്നു.

അവശ്യ സാഹചര്യത്തിലല്ലാതെ ചൊവ്വാഴ്ച ആർക്കും അവധി അനുവദിക്കില്ല. ജീവനക്കാർക്കോ അടുത്ത ബന്ധുക്കൾക്കോ അസുഖം ബാധിച്ചാലോ ജീവനക്കാരന് പരീക്ഷയുണ്ടെങ്കിലോ പ്രസവസംബന്ധമായതോ മറ്റ് ഒഴിച്ചുകൂടാനാകാത്തതോ ആയ കാര്യങ്ങളുണ്ടെന്ന് ബോധ്യപ്പെടുന്ന സാഹചര്യത്തിൽ മാത്രമാകും അവധി അനുവദിക്കുക. ഇക്കാര്യങ്ങൾ വകുപ്പ് മേധാവികൾ പരിശോധിച്ച് ഉറപ്പുവരുത്തണം.

സർക്കാർ ജീവനക്കാർക്ക് ജോലിക്കെത്താനുള്ള സൗകര്യങ്ങൾ കെ.എസ്.ആർ.ടി.സി എം.ഡിയും ജില്ല കലക്ടർമാരും ഉറപ്പുവരുത്തണം. ജോലിക്കെത്തുന്നവർക്ക് സംരക്ഷണം നൽകണമെന്ന് ജില്ല കലക്ടർമാർക്കും വകുപ്പ് മേധാവികൾക്കും പൊലീസ് മേധാവിക്കും നിർദ്ദേശം നൽകി. ഓഫിസുകൾക്ക് മുന്നിൽ കൂട്ടംകൂടി നിൽക്കാൻ അനുവദിക്കരുതെന്നും ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.