ജുഡീഷ്യറി കേന്ദ്രസർക്കാർ നിയന്ത്രിക്കുന്ന കേവലമൊരു ഡിപ്പാർട്ട്മെന്റോ, ജഡ്ജിമാർ അതിലെ ശിപായിമാരോ ആയി അധ:പതിച്ചുകൂട. എന്തൊക്കെ ന്യൂനതകളുണ്ടായാലും നീതിക്കായുള്ള ജനങ്ങളുടെ അഭയകേന്ദ്രം തന്നെയാണ് ജുഡീഷ്യറി. സമീപകാല സംഭവവികാസങ്ങൾ ജുഡീഷ്യറിയുടെ വിശ്വാസ്യത തകർത്തിട്ടുണ്ടെന്നത് വസ്തുതയാണ്. 40.15 ലക്ഷം കേസുകൾ വിവിധ കോടതികളിൽ കെട്ടിക്കിടക്കുന്നു എന്ന വാർത്ത ഏതൊരു പൗരനെയും ഉൽക്കണ്ഠപ്പെടുത്തുന്നതാണ്. അതിൽ 6.42 ലക്ഷം കേസുകൾ പത്തുവർഷത്തിലധികം പഴക്കമുള്ളതാണ്. എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു..!?

സുപ്രീംകോടതിയിൽ 6ഉം ഹൈക്കോടതികളിൽ 403ഉം കീഴ്ക്കോടതികളിൽ 5925ഉം ന്യായാധിപന്മാരുടെ സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നതാണ് പ്രധാന കാരണം. എന്നാൽ പല കാരണങ്ങൾ പറഞ്ഞ് കോടതികൾ കേസുകൾ നീട്ടിക്കൊണ്ടുപോകുന്നുമുണ്ട്. ഉയർന്ന കോടതികളിലെ നിയമനങ്ങൾ കൊളീജിയമാണല്ലോ നടത്തിവരുന്നത്. ജുഡീഷ്യറിയിൽ ചില സന്ദർഭങ്ങളിൽ ഉയർന്നുവരുന്ന പുഴുക്കുത്തുകൾ നിയമനകാര്യങ്ങളിൽ വിവാദങ്ങൾ സൃഷ്ടിക്കുന്നു.നിയമനവും സ്ഥലംമാറ്റവും ജഡ്ജിമാർക്കുള്ള പെരുമാറ്റച്ചട്ടവും ലക്ഷ്യമാക്കി സ്വതന്ത്രവും നീതിപൂർവ്വകവുമായ 'ജുഡീഷ്യൽ കമ്മീഷൻ' വേണമെന്ന അഭിപ്രായം ശക്തമാണ്. അഴിമതിരഹിതവും സുതാര്യവുമായ ജുഡീഷ്യറി വേണമെന്നതാണ് ഈ അഭിപ്രായത്തിന്റെ കാരണം. കേന്ദ്രസർക്കാരാകട്ടെ ഈ പൊതുബോധത്തെ ശരിയായി കാണാതെ ജുഡീഷ്യറിയെ നീതി ആയോഗിനെപ്പോലെ സ്വന്തം വരുതിയിലാക്കാൻ ശ്രമിക്കുന്നു.ജുഡീഷ്യറി ഈ നീക്കം അനുവദിക്കുന്നുമില്ല. കേന്ദ്ര സർക്കാർ കൊണ്ടുവന്ന ജുഡീഷ്യൽ കമ്മീഷൻ ഭരണഘടനാവിരുദ്ധമാണെന്ന് സുപ്രീംകോടതി പ്രഖ്യാപിച്ചത് ഈ നീക്കത്തിന്റെ ഭാഗമാണ്.

വൈകിയെത്തുന്ന നീതി നീതിനിഷേധമാണ്.സുപ്രീംകോടതികളിലും ഹൈക്കോടതികളിലും നിലവിലുള്ള ഒഴിവുകൾ നികത്താൻ ചില പേരുകൾ കൂടി കൊളീജിയം ശുപാർശ ചെയ്തപ്പോൾ കേന്ദ്രം തിരസ്‌കരിച്ചു. 120 ജഡ്ജിമാരുടെ നിയമനഃശുപാർശ പൂഴ്‌ത്തിവെച്ചു. ഉത്തരാഖണ്ഡിൽ രാഷ്ട്രപതിഭരണം ഏർപ്പെടുത്തിക്കൊണ്ടുള്ള കേന്ദ്ര സർക്കാർ വിജ്ഞാപനം റദ്ദാക്കിയതാണ് ചീഫ് ജസ്റ്റിസ് കെ.എം. ജോസഫിനെ സുപ്രീംകോടതി ജഡ്ജിമാരുടെ പാനലിൽ നിന്നും കേന്ദ്രസർക്കാർ ഒഴിവാക്കാൻ കാരണം. രാഷ്ട്രപതിഭരണം ഏർപ്പെടുത്തിക്കൊണ്ടുള്ള കേന്ദ്രസർക്കാർ തീരുമാനം രാഷ്ട്രീയമായിരുന്നു.അത് റദ്ദാക്കിക്കൊണ്ടുള്ള ജുഡീഷ്യറിയുടെ തീരുമാനമാകട്ടെ ഭരണഘടനാപരവും നിയമപരവുമാണ്. ഇത്തരം സന്ദർഭങ്ങളിൽ പരാജയപ്പെടുന്നത് ഭരണഘടനയാണ്.

ഭരണഘടന ജനങ്ങളുടേതാണ്. ജുഡീഷ്യറി ഭരണഘടനയുടെ കാവൽക്കാരാണ്. ജുഡീഷ്യറിയെ കീഴ്പ്പെടുത്താനുള്ള കേന്ദ്രസർക്കാർ നീക്കങ്ങൾ ഭരണഘടന അട്ടിമറിക്കാനുള്ള നീക്കമാണ്. അതിനെതിരെ ജാഗ്രതപാലിക്കേണ്ടതുണ്ട്.