- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
തട്ടിപ്പു തിരിച്ചറിഞ്ഞത് എക്സ്റ്റൻഷൻ മാനേജർ; പരാതി നൽകിയ് 2019 ജനുവരിയിൽ; കള്ളക്കേസിൽ കുടുക്കിയിട്ടും പതറിയില്ല; സഹകരണ ഇൻസ്പെക്ടറുടെ പദവി തട്ടിത്തെറുപ്പിച്ചപ്പോൾ വാശി കൂടി; പഴയ സഖാവ് ഇന്ന് പരിവാറുകാരൻ; കരുവന്നൂരിലെ ഹീറോ സുരേഷ്
തൃശ്ശൂർ: കരുവന്നൂർ സഹകരണബാങ്കിലെ തിരിമറികളെക്കുറിച്ച് പുറംലോകം അറിയുന്നത് ഒരു സഖാവിലൂടെയാണ്. കരുവന്നൂർ സഹകരണബാങ്കിലെ തട്ടിപ്പിനെപ്പറ്റി എംവി സുരേഷാണ് 2019 ജനുവരി 16-ന് പരാതി നൽകിയത്. അന്ന് സിപിഎമ്മുകാരനായിരുന്നു സുരേഷ്. എന്നാൽ തട്ടിപ്പു കണ്ടെത്തിയതോടെ പാർട്ടിക്ക് പുറത്തായി. ബിജെപി.യുെട പോഷകസംഘടനയായ കർഷകമോർച്ചയുടെ ഇരിങ്ങാലക്കുട മുനിസിപ്പൽ ജനറൽ സെക്രട്ടറിയാണിപ്പോൾ സുരേഷ്.
തട്ടിപ്പ് സിപിഎമ്മിനെ അറിയിച്ച ജീവനക്കാരന് ആദ്യം ജോലിയും പിന്നെ പാർട്ടിയിലെ സ്ഥാനവും നഷ്ടമായി. ബാങ്കിന്റെ സിവിൽ സ്റ്റേഷൻ എക്സ്റ്റൻഷൻ ബ്രാഞ്ചിന്റെ മാനേജറായിരുന്നു എം വി സുരേഷ്. 15 വർഷം സിപിഎമ്മിന്റെ തണ്ടാരത്തറ ബ്രാഞ്ച് സെക്രട്ടറിയും ഒൻപതുവർഷം ലോക്കൽ കമ്മിറ്റി അംഗവുമായിരുന്നു സുരേഷ്. തട്ടിപ്പ് തിരിച്ചറിഞ്ഞപ്പോൾ സുരേഷിന് അങ്കലപ്പായി. അങ്ങനെയാണ് നേതൃത്വത്തെ എല്ലാം അറിയിച്ചത്.
അന്ന് ജില്ലാ സെക്രട്ടറിയായിരുന്ന ബേബി ജോണിനാണ് പരാതി അയച്ചത്. സത്യസന്ധമായ അന്വേഷണം നടത്താൻ ബേബി ജോൺ നിർദ്ദേശം നൽകി. പിന്നീട് നടന്നത് അട്ടിമറിയും. പരാതി നൽകിയശേഷം തന്നെ കള്ളക്കേസിൽ കുടുക്കി പുറത്താക്കുകയായിരുന്നുവെന്ന് സുരേഷ് പറയുന്നു. ഇതിനെതിരേ സുരേഷ് നൽകിയ കേസ് കോടതിയിലാണ്. പുറത്താക്കിയതിനു പിന്നാലെ അധിക്ഷേപവും തുടങ്ങി.
സുരേഷ് സഹകരണവകുപ്പിന്റെ ഇൻസ്പെക്ടർ റാങ്ക് പട്ടികയിൽ മുന്നിലുണ്ടായിരുന്നു. സുരേഷിനെതിരേ മൂന്ന് കള്ളക്കേസുകൾ കൊടുക്കുകയും സസ്പെൻഷനാവുകയും ചെയ്തതു. ഇതോടെ ഈ ജോലിയും നഷ്ടമായി. എങ്കിലും പരാതിയിലെ സത്യം പുറത്തു കൊണ്ടു വരാൻ അക്ഷീണം പ്രയത്നിച്ചു. ഇതോടെ ഇരിങ്ങാലക്കുടക്കാരെ എല്ലാം ഞെട്ടിച്ച് എല്ലാം പുറത്തെത്തി. ഇന്ന് സുരേഷ് നാട്ടിലെ താരമാണ്.
കരുവന്നൂർ സർവീസ് സഹകരണ ബാങ്കിലെ സാമ്പത്തിക തട്ടിപ്പിനെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി ഇരിങ്ങാലക്കുട മുനിസിപ്പൽ കമ്മിറ്റി കേന്ദ്ര സഹകരണ വകുപ്പ് മന്ത്രി അമിത് ഷായ്ക്ക് പരാതി നൽകിയിട്ടുണ്ട്. സഹകരണ ബാങ്കിന്റെ പ്രവർത്തനം പൂർണ്ണമായും ഭരണ സമിതിക്ക് വിധേയമായതിനാൽ ഭരണസമിതി അംഗങ്ങളേയും ഗൂഡലോചനയിൽ പങ്കുള്ള സിപിഎം നേതാക്കളേയും കൂടി പ്രതി ചേർക്കേണ്ടതാണെന്ന് കേന്ദ്ര സഹകരണ മന്ത്രിക്ക് നൽകിയ പരാതിയിൽ ബിജെപി ആവശ്യപ്പെട്ടു.
അതേസമയം സഹകരണ നിയമം സെക്ഷൻ 65 പ്രകാരം നടത്തിയ പരിശോധനയിൽ കോടികളുടെ സമ്പത്തിക തട്ടിപ്പ് കണ്ടെത്തിയതിനെ തുടർന്ന് സിപിഎം നിയന്ത്രണത്തിലുള്ള ഭരണസമിതി പിരിച്ചുവിട്ടേക്കും. 46 പേരുടെ വായ്പാ തുക ഒരാളുടെ അക്കൗണ്ടിലേയ്ക്കാണ് പോയിരിക്കുന്നതെന്നും, ഇതേത്തുടർന്നുള്ള അന്വേഷണത്തിലാണ് കോടികളുടെ തട്ടിപ്പ് നടന്നതായും വിവരം ലഭിക്കുന്നത്.ഏറെ നാളായി ബാങ്കിലെ തട്ടിപ്പ് വിവരം പതിയെ പുറത്ത് വന്നതിനെ തുടർന്ന് നിക്ഷേപകർ പണം പിൻവലിക്കാൻ ബാങ്കിന് മുന്നിൽ സ്ഥിരമായി എത്താറുണ്ട്.
സാമ്പത്തിക അഴിമതിയെ തുടർന്ന് ബാങ്ക് മുൻ സെക്രട്ടറി ടി.ആർ സുനിൽകുമാർ , മുൻ ബ്രാഞ്ച് മാനേജർ എം.കെ ബിജു ,മുൻ സീനിയർ അക്കൗണ്ടന്റ് സി.കെ ജിൽസ്, കമ്മിഷൻ ഏജന്റ് എ.കെ ബിജോയ് ,സൂപ്പർ മാർക്കറ്റ് അക്കൗണ്ടന്റ് റജി അനിൽ, ഇടനിലക്കാരൻ കിരൺ എന്നിവർക്കെതിരെ ഇരിങ്ങാലക്കുട പൊലീസ്, തട്ടിപ്പ്, വ്യാജരേഖ ചമയ്ക്കൽ, വിശ്വാസ വഞ്ചന എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.
മറുനാടന് മലയാളി ബ്യൂറോ