മുംബൈ: മഹാരാഷ്ട്രയിൽ അടുത്ത വർഷം നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ മഹാവികാസ് അഘാഡി സഖ്യം മത്സരിക്കും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ശിവസേന ബിജെപി സഖ്യത്തോടൊപ്പം മത്സരിക്കുകയും പിന്നീട് കോൺ​ഗ്രസും എൻസിപിയുമായും ചേർന്ന് സർക്കാർ രൂപീകരിക്കുകയുമായിരുന്നു. എന്നാൽ, തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിയെ പൂർണമായും പരാജയപ്പെടുത്താൻ മൂന്നു പാർട്ടികളും മുന്നണിയായി മത്സരിക്കുമെന്നാണ് സൂചന.

കോൺഗ്രസും എൻസിപിയും ശിവസേനയും അടങ്ങുന്ന മഹാവികാസ് അഘാഡി ഒറ്റക്കെട്ടായി കളത്തിലിറങ്ങിയാൽ തദ്ദേശ തിരഞ്ഞെടുപ്പിലും ബിജെപിയെ തറപറ്റിക്കാനാകുമെന്നു കോൺഗ്രസ് അധ്യക്ഷൻ ബാലാസാഹേബ് തൊറാട്ട് വ്യക്തമാക്കി. തദ്ദേശ തിരഞ്ഞെടുപ്പിലും ശിവസേനയുമായും എൻസിപിയുമായും സഖ്യത്തിനു കോൺഗ്രസ് തയാറാണ്. പ്രാദേശിക നേതാക്കളുമായി ചർച്ച നടത്തിയശേഷം അന്തിമതീരുമാനം എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്ഥിതിഗതികൾ വിലയിരുത്താൻ 12 മന്ത്രിമാരെയാണു നിയോഗിച്ചിരിക്കുന്നത്. കർഷകരുടെ വായ്പകൾ എഴുതിത്ത്തള്ളിയ സംസ്ഥാന സർക്കാർ, കനത്ത മഴയിൽ കൃഷിനാശം സംഭവിച്ചവർക്കു ധനസഹായം നൽകിയിരുന്നു. കോവിഡ് കാലത്ത് കോൺഗ്രസ് പ്രവർത്തകർ മാതൃകാപരമായ പ്രവർത്തനമാണു നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

നവി മുംബൈ, ഔറംഗാബാദ്, വസായ്-വിരാർ, കല്യാൺ-ദോംബിവ്‌ലി, കോലാപുർ എന്നീ മുനിസിപ്പൽ കോർപറേഷനുകളിലും രണ്ട് ജില്ലാ പരിഷത്തുകൾ, 13 മുനിസിപ്പൽ കൗൺസിലുകൾ, 83 നഗരപഞ്ചായത്തുകൾ എന്നിവിടങ്ങളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾക്കായി 13 അംഗ സമിതിയെയും നിരീക്ഷകരെയും നിയോഗിച്ചു.

മൂന്നു പതിറ്റാണ്ട് കാലത്തെ സഖ്യം ഉപേക്ഷിച്ചാണ് ശിവസേന കോൺ​ഗ്രസും എൻസിപിയുമായി ചേർന്ന് മന്ത്രിസഭ രൂപീകരിച്ചത്. മുഖ്യമന്ത്രിപദം പങ്കുവയ്ക്കണമെന്ന ആവശ്യം ബിജെപി അംഗീകരിക്കാത്തതിനെ തുടർന്നുണ്ടായ പ്രതിസന്ധിയും തുടർനീക്കങ്ങളുമാണ് എൻഡിഎ വിടുന്നതിലേക്കു ശിവസേനയെ എത്തിച്ചതെങ്കിലും ഏറെ കാലമായുള്ള അസ്വാരസ്യങ്ങളും ഇതിനു പിന്നിലുണ്ട്. ശിവസേന സ്ഥാപകൻ ബാൽ താക്കറെയുടെ കാലത്ത് പാർട്ടിയുടെ നിഴലിൽ കഴിഞ്ഞിരുന്ന ബിജെപി, കഴി‍ഞ്ഞ ഏതാനും വർഷങ്ങളായി വല്യേട്ടൻ കളിക്കുന്നുവെന്നും സേനയെ സഖ്യത്തിലെ രണ്ടാം സ്ഥാനക്കാരായി മാത്രം പരിഗണിക്കുന്നുവെന്നുവെന്ന പരാതിയും ശിവസേന ഉയർത്തിയിരുന്നു. സംസ്ഥാനത്ത് പാർട്ടിയുടെ അപ്രമാദിത്വം സഖ്യകക്ഷിയായ ബിജെപി കൈയടക്കുന്നുവെന്ന തിരിച്ചറിവ് സേനാ നേതൃത്വത്തെ ചൊടിപ്പിച്ചിരുന്നു.

ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിനെ തുടർന്ന് സർക്കാർ രൂപീകരണ ചർച്ചാവേളയിൽ മുഖ്യമന്ത്രിപദം പങ്കുവയ്ക്കണമെന്ന ആവശ്യം ശിവസേന ശക്തമായി ഉന്നയിച്ചെങ്കിലും ബിജെപി വഴങ്ങാത്തതോടെ എൻസിപി, കോൺഗ്രസ് എന്നീ രാഷ്ട്രീയ കക്ഷികളുമായി ചേർന്ന് സർക്കാർ രൂപീകരണത്തിന് ശിവസേന ശ്രമങ്ങൾ ആരംഭിക്കുകയായിരുന്നു.

ശിവസേന സ്ഥാപകൻ ബാൽ താക്കറെയും ബിജെപിയുടെ മുതിർന്ന നേതാവ് അന്തരിച്ച പ്രമോദ് മഹാജനുമായുള്ള ചർച്ചകളെ തുടർന്ന് 1989ലാണ് ശിവസേന – ബിജെപി സഖ്യം ആരംഭിക്കുന്നത്. ‘മഹാരാഷ്ട്ര ശിവസേനയ്ക്ക്, കേന്ദ്രം ബിജെപിക്ക്' എന്ന നിലയിൽ ഒരു അലിഖിത ധാരണയും ഇരുവരും ചേർന്നുണ്ടാക്കിയിരുന്നു. സഖ്യത്തിന്റെ ഭാഗമായി സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകളിൽ ശിവസേനയും ലോക്സഭാ തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകളിൽ ബിജെപിയും മൽസരിക്കുമെന്നായിരുന്നു ധാരണ.