കളമശ്ശേരി: ലൈസൻസില്ലാതെ സ്‌കൂട്ടറോടിച്ച പതിനേഴുകാരനെ മോട്ടോർ വാഹന വകുപ്പ് പിടികൂടി. വീട്ടിലേക്ക് പാൽ വാങ്ങാനെന്ന് പറഞ്ഞാണ് പ്ലസ്ടു വിദ്യാർത്ഥി സ്‌കൂട്ടറിൽ കറങ്ങിയത്. വാഹനത്തിന്റെ ഉടമയായ കുട്ടിയുടെ അമ്മാവന് 25,000 രൂപ പിഴ അടയ്ക്കണമെന്ന് കാണിച്ച് നോട്ടീസ് നൽകി.

കുസാറ്റിന് സമീപം കുമ്മൻചേരി ജംഗ്ഷനിൽവച്ചാണ് പതിനേഴുകാരന് പിടിവീണത്. തുടർന്ന് വണ്ടിയുടെ ഉടമയായ കുട്ടിയുടെ അമ്മാവനെ വിളിച്ചുവരുത്തി പിഴ ചുമത്തി. വണ്ടിയോടിച്ച വിദ്യാർത്ഥിക്കെതിരെ ജൂവനൈൽ ജസ്റ്റിസ് നിയമപ്രകാരം കേസെടുക്കുമെന്ന് വെഹിക്കിൾ ഇൻസ്പെക്ടർമാർ അറിയിച്ചു.25 വയസാകാതെ ഈ കുട്ടിക്ക് ലൈസൻസ് നൽകില്ലെന്നും മാട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

കളമശ്ശേരിയിൽ കഴിഞ്ഞ ദിവസം പതിനാറുകാരൻ വാഹനാപകടത്തിൽ മരിച്ചിരുന്നു. ഈ സാഹചര്യത്തിൽ'കുട്ടിഡ്രൈവർ' മാരെ കണ്ടെത്താൻ എൻഫോഴ്സ്മെന്റ് ആർ ടി ഒ ജി അനന്തകൃഷ്ണൻ പ്രത്യേക സ്‌ക്വാഡിന് രൂപം നൽകിയിരുന്നു.