എന്റെ മകൾ എസ്എഫ്‌ഐയിൽ ചേർന്നിട്ടില്ല; അവൾ കെ.എസ്.യു പ്രവർത്തകയാണ്; ഞാൻ ബിജെപിയിൽ ചേരുന്നുമില്ല; സോഷ്യൽ മീഡിയയിലെ വ്യാജ പ്രചാരണങ്ങളോട് ആഞ്ഞടിച്ച് വി.ഡി.സതീശൻ

പറവൂർ: തന്റെ മകൾ എസ്എഫ്‌ഐയിൽ ചേർന്നെന്ന തരത്തിലുള്ള വ്യാജപ്രചാരണത്തിനെതിരെ ആഞ്ഞടിച്ച് വി.ഡി.സതീശൻ എംഎൽഎ രംഗത്തെത്തി. മകൾ കോളേജിൽ കെ.എസ്.യു പ്രവർത്തകയാണെന്നും ജനസേവ ശിശുഭവനിൽ കുട്ടികൾക്ക് സൗജന്യമായി ട്യൂഷൻ നൽകാൻ പോയിരുന്നുവെന്നും വിഡി സതീശൻ വിശദീകരിച്ചു.തന്നെ അപകീർത്തിപ്പെടുത്തുവാനായി ചിലർ മകളുടെ പേര് വിവാദങ്ങളിലേക്ക് വലിച്ചിഴക്കുകയാണ്. താൻ ബിജെപിയിലേക്ക് ചേരുന്നുവെന്ന് പ്രചരിപ്പിക്കുന്നവർ തന്നെയാണ് ഇതിന് പിന്നിലെന്നും സതീശൻ ആരോപിച്ചു.

വി.ഡി.സതീശന്റെ പോസ്റ്റിന്റെ പൂർണ രൂപം:

'എന്റെ മകൾ എസ് എഫ് ഐയിൽ ചേർന്നു എന്ന വ്യാജ പ്രചാരണം ഇന്ന് രാവിലെ മുതൽ സോഷ്യൽ മീഡിയയിൽ നടക്കുകയാണ് . ഇത് ശുദ്ധ അസംബന്ധമാണ്.
അവൾ കോളേജിലെ കെ.എസ്.യു .പ്രവർത്തകയാണ്, നേതാവല്ല. കോളേജിലെ കെ.എസ്.യു യൂണിറ്റ് ജനസേവ ശിശുഭവനിൽ കുട്ടികൾക്ക് സൗജന്യമായി ട്യൂഷ്യൻ എടുക്കുവാൻ പോയപ്പോൾ അവൾ ആ ടീമിലെ വോളണ്ടിയറായിരുന്നു.
സത്യമിതായിരിക്കെ എന്നെ അപകീർത്തിപ്പെടുത്തുവാൻ എന്റെ മകളെ വലച്ചിഴക്കുന്നത് ദൗർഭാഗ്യകരമാണ്. ഞാൻ ബിജെപിയിൽ ചേരുന്നു എന്ന വ്യാജ വാർത്ത പ്രചരിപ്പിച്ചവർ തന്നെയാണ് ഇതിനു പിന്നിലെന്ന് എനിക്കറിയാം.
അവരൊന്നറിയണം....ഞാനിതെഴുതി കൊണ്ടിരിക്കുമ്പോൾ, മതേതര നിലപാട് ശക്തിയായി ഉയർത്തിപ്പിടിച്ചതിനെതിരെ ഹിന്ദു ഐക്യവേദിക്കാർ എന്റെ വീട്ടിലേക്ക് മാർച്ച് നടത്തി കൊണ്ടിരിക്കുകയാണ്.
പോസ്റ്റുകൾ വായിച്ചിട്ട് ഒന്നുമാലോചിക്കാതെ അത് പ്രചരിപ്പിച്ചവർ ,അത് ശരിയായിരുന്നോ എന്ന് അവരുടെ സ്വന്തം മനസ്സാക്ഷിയോട് ചോദിക്കട്ടെ....!