ദുബായ്: വീടുകളിൽ കത്തുകൾ എത്തിക്കുന്ന മൈ ഹോം പദ്ധതി അവതരിപ്പിച്ചിരിക്കുകയാണ് എമിറേറ്റ്‌സ് പോസ്റ്റ് ഗ്രൂപ്പ്. ആദ്യഘട്ടത്തിൽ വില്ലകളിലാണ് പോസ്റ്റ് ബോക്‌സുകൾ സ്ഥാപിക്കുക.

വില്ലയുടെ മെയിൻ ഡോറിലോ കോംപൗണ്ട് ഗെയ്റ്റിലാണോ ആണ് പോസ്റ്റ് ബോക്‌സ് ഘടിപ്പിക്കുക. കത്തുകൾ അയക്കാനും വരുന്ന കത്തുകൾ എടുക്കാനും പ്രത്യേക സംവിധാനം ഉണ്ടാകും. ആഴ്ചയിൽ മൂന്നു തവണയോ എല്ലാ ദിവസവുമോ കത്തുകൾ ശേഖരിക്കുവാനായി പോസ്റ്റുമാൻ എത്തും. പ്രദേശത്തെ ഏവർക്കും പരിചിതനായ ഒരു വ്യക്തിയെ ആകും പോസ്റ്റുമാനായി നിയമിക്കുക.

പോസ്റ്റ് ഓഫീസിലെ പ്രത്യേക ബോക്‌സുകളിലെത്തുന്ന കത്തുകൾ മേൽവിലാസക്കാരനെത്തി കൈപ്പറ്റുന്നതായിരുന്നു ഇതുവരെയുള്ള രീതി. എളുപ്പത്തിൽ സന്ദേശങ്ങൾ കൈമാറാനുള്ള സാങ്കേതിക വിദ്യകൾ എത്തിയതോടെ ഇല്ലാതായ പോസ്റ്റ് ഓഫീസുകളും പോസ്റ്റ് ബോക്‌സുകളുമാണ് പുതിയ പദ്ധതിയിലൂടെ തിരികെ എത്തുന്നത്.

ഈ സർവ്വീസ് ലഭ്യമാകുവാനായി എല്ലാ പോസ്റ്റ് ഓഫീസിൽ നിന്നും ലഭിക്കുന്ന മൈഹോം സർവ്വീസിന്റെ ഫോം പൂരിപ്പിച്ച് നൽകാം. ഇപിജി വെബ്ബ്‌സൈറ്റ് വഴിയും ഫോം ലഭ്യമാകും. അപേക്ഷ നൽകി ഏഴ് ദിവസത്തിനുള്ളിൽ സ്റ്റാൻഡേർഡ് മെയിൽ ബോക്‌സുകൾ സ്ഥാപിക്കും.