കോഴിക്കോട്: ചിത്രീകരണം പൂർത്തിയായ 'സോറോ' എന്ന സിനിമയിൽ നിന്ന് തിരക്കഥാകൃത്തും സംവിധായകനുമായ തന്റെ പേര് മാറ്റി പകരം നിർമ്മാതാക്കളിൽ ഒരാളായ സുരേഷ് സോപാനത്തിന്റെ പേര് ചേർത്തുവെന്ന ആക്ഷേപവുമായി സംവിധായകൻ ചാലിയാർ രഘു രംഗത്ത്. 2020 നവംബർ രണ്ടിനായിരുന്നു ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. അതേ മാസം 27 ന് ചിത്രീകരണം പൂർത്തിയാവുകയും ചെയ്തു. എന്നാൽ ഇപ്പോൾ സംവിധായക സ്ഥാനത്തു നിന്നും തന്റെ പേര് മാറ്റുകയും പകരം നിർമ്മാതാവ് സുരേഷ് സോപാനത്തിന്റെ പേര് ചേർക്കുകയും ചെയ്തിരിക്കുകയാണെന്ന് ചാലിയാർ രഘു പറഞ്ഞു.

സിനിമയുമായി ബന്ധപ്പെട്ട് പ്രതിഫലം എന്ന നിലയിൽ പതിനായിരം രൂപയുടെ ചെക്കാണ് തനിക്ക് നൽകിയത്. ബാക്കി തുക സിനിമ പൂർത്തീകരിച്ച ശേഷം നൽകാമെന്നായിരുന്നു വാഗ്ദാനം. എന്നാൽ തുക നൽകാതെ നിർമ്മാതാവ് തന്നെ ചതിക്കുകയായിരുന്നുവെന്ന് സംശയിക്കുന്നതായും സംവിധായകൻ പറഞ്ഞു. തിരക്കഥാകൃത്ത്, സംവിധായകൻ എന്നീ നിലകളിൽ സിനിമയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും രജിസ്‌ട്രേഷനിലും തന്റെ പേര് മാത്രമായിരുന്നു ഉണ്ടായത്. സിനിമയുടെ ട്രെയിലർ പ്രമുഖ താരങ്ങളടക്കം അവരുടെ പേജിൽ റിലീസ് ചെയ്തതാണ്.

പിന്നീട് ഇപ്പോഴാണ് സിനിമാ മാസികയിൽ വന്ന വാർത്തയിൽ ഡയറക്ടർ സ്ഥാനത്ത് സുരേഷ് സോപാനം എന്ന പേര് ശ്രദ്ധയിൽ പെടുന്നത്. മാത്രമല്ല നിർമ്മാതാക്കളിൽ ഒരാളായ ജിഷ കൊസൈൻ ഗ്രൂപ്പിന്റെ പേര് എടുത്തു മാറ്റിയതും ശ്രദ്ധയിൽ പെട്ടു. കലാകാരനെന്ന നിലയിൽ തന്റെ കഴിവിനെയും വ്യക്തിത്വത്തെയും ഹനിക്കുകയാണ് നിർമ്മാതാവ് ചെയ്തത്. സിനിമയിൽ പ്രവർത്തിച്ച പലരും പണം കിട്ടിയില്ല എന്നും പറഞ്ഞ് തന്നെ വിളിക്കുന്നതായും സംവിധായകൻ പറഞ്ഞു. ജിഷ കൊസൈൻ ഗ്രൂപ്പിനെ പ്രൊഡ്യൂസർ സ്ഥാനത്തു നിന്നും നീക്കിയതായും മാധ്യമങ്ങൾ വഴി അറിഞ്ഞതിന്റെ അടിസ്ഥാനത്തിൽ നിയമപരമായി മുന്നോട്ട് പോകുമെന്നും മലബാർ കലാസി എന്ന പുസ്തകത്തിലൂടെ ശ്രദ്ധേയനായ ചാലിയാർ രഘു വ്യക്തമാക്കി.

ഇതേ സമയം സഹ നിർമ്മാതാവിന്റെ പേര് സിനിമയുടെ ടൈറ്റിലിൽ നിന്ന് നീക്കി എന്ന പരാതിയിൽ സോറോ എന്ന ചിത്രത്തിന്റെ പ്രദർശനം താത്ക്കാലികമായി നിർത്തിവെക്കാൻ കോടതി ഉത്തരവിട്ടിരിക്കുകയാണ്. കോഴിക്കോട് ഒന്നാം അഡീഷണൽ മുൻസിഫ് സി ഉബൈദുല്ലയാണ് ഇനിയൊരുത്തരവുണ്ടാവും വരെ താത്ക്കാലികമായി ചിത്രത്തിന്റെ പ്രദർശനം തടഞ്ഞത്. പ്രൊഡ്യൂസർമാരിൽ ഒരാളായ ആർ സുരേഷ്, ഭാര്യ മഞ്ജു സുരേഷ്, ചിത്രാഞ്ജലി സ്റ്റുഡിയോ മാനേജിങ് ഡയറക്ടർ, മേഖല സെൻസർ ഓഫീസർ എന്നിവർ എതിർകക്ഷികളായ കേസിൽ സഹനിർമ്മാതാവായ കൊസൈൻ ഗ്രൂപ്പ് ഉടമ യു ജിഷയാണ് ഹർജി നൽകിയത്.

20 ലക്ഷം രൂപ സിനിമക്ക് മുടക്കിയ തന്റെ പേര് ഒഴിവാക്കി എതിർ കക്ഷി സ്വന്തം പേരുമാത്രം വച്ച് സിനിമ പുറത്തിറക്കി എന്നാണ് ജിഷ നൽകിയ പരാതിയിൽ പറയുന്നത്. ട്രെയിലറിൽ തന്റെ പേരുണ്ടെങ്കിലും സിനിമയിൽ നിന്ന് മാറ്റുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു.
സമകാലിക വിഷയങ്ങളെ ആസ്പദമാക്കി ചിത്രീകരിച്ച ചിത്രമാണ് സോറോ. പുതിയ കാലഘട്ടത്തിലെ, ലഹരിമരുന്നുകളായ സിന്തറ്റിക് ഡ്രഗ്‌സിന്റെ ദൂഷ്യ ഫലങ്ങൾ എടുത്തുകാണിക്കുന്ന സോറോ പുതുതലമുറയിലെ യുവതീയുവാക്കളെ ബോധവത്ക്കരിക്കാനാണ് ശ്രമിക്കുന്നത്.

മുരുകൻ എന്ന കേന്ദ്രകഥാപാത്രമായി തലൈവാസൽ വിജയ് എത്തുന്നു. കോയാക്ക എന്ന കഥാപാത്രമായി സുനിൽ സുഗതയും, മൂർത്തി എന്ന റിസോർട്ട് മുതലാളിയായി മാമുക്കോയയും രാധിക എന്ന പൊലീസ് ഉദ്യോഗസ്ഥയായി വമിക സുരേഷും എത്തുന്നു. സിബി തോമസ്, എ ആർ രാജേഷ്, ആരുൺ രാജ്, ബിജു ചീക്കിലോട്, ആർവിൻ സുരേഷ് എന്നിവർക്കൊപ്പം ശബരി എന്ന വില്ലൻ വേഷത്തിൽ ചാലിയാർ രഘുവും ചിത്രത്തിൽ വേഷമിട്ടിട്ടുണ്ട്. ജിഗോള എന്ന ചിത്രവും രഘു ഒരുക്കുന്നുണ്ട്.

കലാസികളുടെ കൂടെ ജോലി ചെയ്ത് രണ്ട് വർഷം എടുത്താണ് മലബാർ കലാസി എന്ന പുസ്തകം രഘു രചിച്ചത്. കടലുണ്ടി ട്രെയിനപടം പശ്ചാത്തലമാക്കി ഒരുക്കിയ ഈ പുസ്തകം സിനിമയാകുന്നത് സംബന്ധിച്ചും നേരത്തെ വിവാദം ഉയർന്നിരുന്നു. മിഷൻ കൊങ്കൺ എന്ന പേരിൽ വി എ ശ്രീകുമാർ പ്രഖ്യാപിച്ചിരിക്കുന്ന ചിത്രത്തിന്റെ പ്രമേയം തന്റെ മലബാർ കലാസിയുടേതാണെന്നായിരുന്നു രഘുവിന്റെ ആരോപണം.

പുതിയ സിനിമകൾക്കായി വിഷയം ക്ഷണിച്ചുകൊണ്ടുള്ള വി എ ശ്രീകുമാറിന്റെ പരസ്യം കണ്ട് കഥയുടെ രൂപരേഖ അയച്ചു. തുടർന്ന് അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. കടലുണ്ടി ട്രെയിൻ അപകടവുമായി ബന്ധപ്പെട്ട് താൻ എഴുതിയ കഥ കൊങ്കൺ റെയിലുമായി ബന്ധപ്പെടുത്തി അവതരിപ്പിക്കാമെന്ന് ശ്രീകുമാർ മേനോൻ പറയുകയായിരുന്നു. എന്നാൽ പിന്നീട് വിവരമൊന്നും ഇല്ലാതായപ്പോൾ ബന്ധപ്പെട്ടെങ്കിലും തൃപ്തികരമായ മറുപടി ലഭിച്ചില്ലെന്നായിരുന്നു രഘുവിന്റെ ആരോപണം.