യാങ്കോൺ: മ്യാന്മറിൽ 105 യാത്രക്കാരും 11 ജീവനക്കാരുമായി സൈനിക വിമാനം കാണാതായി. ദക്ഷിണ നഗരമായ മെയ്‌ക്കിനും യാങ്കോണിനുമിടയ്ക്കാണ് വിമാനം കാണാതായതെന്നു സൈന്യം അറിയിച്ചു.

യാങ്കൂണിൽനിന്നു രാവിലെയാണ് വൈ8 വിമാനം സർവീസ് ആരംഭിച്ചത്. ഉച്ചയ്ക്ക് 1.35 ഓടെ വിമാനവുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു. ദവേയ് നഗരത്തിനു 20 മൈൽ പടിഞ്ഞാറെത്തിയപ്പോഴായിരുന്നു ഇതെന്ന് സൈന്യം വാർത്താക്കുറിപ്പിൽ അറിയിച്ചു.

വിമാനത്തിൽ 105 യാത്രക്കാരും 11 ജീവനക്കാരുമടക്കം 116 പേരാണു വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാരിലേറെയും സൈനികരും അവരുടെ കുടുംബാംഗങ്ങളുമാണെന്നാണു വിവരം.

വിമാനം കാണാതായ സമയത്തു കാലാവസ്ഥ അനുകൂലമായിരുന്നതിനാൽ വിമാനത്തിന് എന്തോ സാങ്കേതിക തകരാർ സംഭവിച്ചതാണ് സൂചന. വിമാനത്തിനായുള്ള തിരച്ചിൽ ശക്തമാക്കി. വിമാനങ്ങളും കപ്പലുകളും തിരച്ചിലിൽ പങ്കെടുക്കുന്നുണ്ട്.