ധാക്ക: റോഹിങ്യൻ മുസ്ലിം അഭയാർഥികളെ തിരിച്ചയക്കുന്നതുമായി ബന്ധപ്പെട്ട് ബംഗ്ലാദേശ് മ്യാന്മാറുമായി ധാരണയിലെത്തി. രാജ്യത്തെ ആയിരക്കണക്കിന് റോഹിങ്യകളെ രണ്ട് മാസത്തിനുള്ളിൽ തിരിച്ചയക്കുമെന്ന് ബംഗ്ലാദേശ് വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.

സൈന്യത്തിന്റെ അടിച്ചമർത്തലിനെ തുടർന്ന് ഏകദേശം ആറ് ലക്ഷത്തിലധികം റോഹിങ്യൻ മുസ്ലീങ്ങൾ മ്യാന്മാറിൽ നിന്നും അഭയാർഥികളായി ബംഗ്ലാദേശിലേക്കെത്തിയിട്ടുണ്ടെന്നാണ് കണക്കുകൾ. ഇവരെ പുനരധിവസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ പ്രതിസന്ധിയിൽ തുടരുന്നതിനിടെയാണ് ഇരു രാജ്യങ്ങളും തമ്മിൽ ധാരണയായത്.

2017 ഓഗസ്ത് 25ന് മ്യാന്മാറിലെ സുരക്ഷാ സേനകൾക്ക് നേരെ ആക്രമണം നടത്തിയതാണ് റോഹിങ്യൻ പ്രതിസന്ധിക്ക് തുടക്കം കുറിച്ചത്. പ്രവർത്തകരെ അടിച്ചമർത്താൻ സൈന്യം ആരംഭിച്ചതോടെ പ്രശ്നം കലൂഷിതമായി. തുടർന്നാണ് ബംഗ്ലാദേശ് അടക്കമുള്ള അയൽരാജ്യങ്ങളിലേക്ക് റോഹിങ്യൻ മുസ്ലിം അഭയാർത്ഥി പ്രവാഹം ആരംഭിച്ചത്.

അതേസമയം റോഹിങ്യകൾക്കെതിരെയുള്ള മ്യാന്മാർ സൈന്യത്തിന്റെ നടപടി വംശീയ ഉന്മൂലന ശ്രമങ്ങളാണെന്നായിരുന്നു യുഎന്നും അമേരിക്കയും ആരോപിച്ചത്. റോഹിങ്യൻ മുസ്ലീങ്ങളെ അടിച്ചമർത്താൻ ആസൂത്രിതമായ ശ്രമങ്ങളുണ്ടായെന്ന് ബംഗ്ലാദേശും ആരോപിച്ചു.
റോഹിങ്യൻ സ്ത്രീകളും കുട്ടികളും നേരിടുന്ന പീഡനങ്ങളെ കുറിച്ചും പ്രശ്നങ്ങളെ കുറിച്ചും അന്താരാഷ്ട്ര തലത്തിൽ നടന്ന പഠനങ്ങളും റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. സ്വന്തം രാജ്യത്തേക്ക് തിരിച്ചെത്തിക്കാതെ റോഹിങ്യകളുടെ സുരക്ഷ ഉറപ്പാക്കാൻ സാധിക്കില്ലെന്നായിരുന്നു റോഹിങ്യൻ പ്രതിസന്ധിയിൽ ഇടപെട്ട അന്താരാഷ്ട്ര ഏജൻസികളുടെ വിലയിരുത്തൽ.