ന്യൂഡൽഹി: ലോഗോയിൽ മാറ്റം വരുത്തി ഓൺലൈൻ വസ്ത്രവ്യാപാര കമ്പനിയായ മിന്ത്ര. നിലവിൽ വെബ്‌സൈറ്റ് ലോഗോയിലാണ് കമ്പനി മാറ്റംവരുത്തിയിരിക്കുന്നത്. മൊബൈൽ ആപ്പ്, പാക്കിങ് മെറ്റീരിയൽ ഉൾപ്പെടെയുള്ള മിന്ത്രയുടെ എല്ലാ പ്ലാറ്റ്‌ഫോമുകളിലേയും ലോഗോയിൽ ഉടൻ മാറ്റംവരുത്തുമെന്നാണ് റിപ്പോർട്ട്. സ്ത്രീകളെ അപകീർത്തിപ്പെടുത്തുന്നതാണ് നിലവിലെ ലോഗോ എന്ന പരാതിയെ തുടർന്നാണ് കമ്പനി ലോ​ഗോ പരിഷ്കരിച്ചത്.

ലോഗോ മാറ്റണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ വർഷം ഡിസംബർ 20ന് മുംബൈ അവേസ്ത ഫൗണ്ടേഷന്റെ പ്രവർത്തകയായ നാസ് പട്ടേലാണ് മുംബൈ സൈബർ ക്രൈം വിഭാഗത്തിന് പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ മിന്ത്ര പ്രതിനിധികളുമായി യോഗം വിളിച്ചിരുന്നുവെന്നും ലോഗോ മാറ്റാൻ കമ്പനി സമ്മതം അറിയിച്ചുവെന്നും മുംബൈ സൈബർ ക്രൈം ഡെപ്യൂട്ടി കമ്മീഷ്ണർ രശ്മി കരന്ദികർ അറിയിച്ചു.

2007ലാണ് ഫാഷൻ ഇ കൊമേഴ്സ് രം​ഗത്തേക്ക് മിന്ത്ര ചുവടുറപ്പിച്ചത് ഇന്ത്യയിലെ തന്നെ ഒാൺലൈൻ വ്യാപാര ഭീമന്മാരായ ഫ്ലിപ്പ്കാർട്ട് 2014-ൽ 2000 കോടിക്ക് കമ്പനി ഏറ്റെടുത്തു. ബാം​ഗ്ലൂർ‌ ആസ്ഥാനമായാണ് മിന്ത്ര പ്രവർത്തിക്കുന്നത്.