ആലപ്പുഴ: കാളാത്ത് സെയ്ന്റ് പോൾസ് റോമൻ കത്തോലിക്ക പള്ളി വികാരി ഫാദർ സണ്ണി അറയ്ക്കൽ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ടുള്ള പൊലീസ് അന്വേഷണത്തിൽ വഴിത്തിരിവ്. ഫാദർ സണ്ണി അറയ്ക്കൽ സ്വന്തം കൈപ്പടയിൽ എഴുതിയിരുന്ന ആത്മഹത്യാക്കുറിപ്പിൽ സാമ്പത്തിക ഇടപാടുകളുണ്ട് എന്ന് പരാമർശിച്ചിരുന്ന വ്യക്തികളുടെ പേരുകൾ വ്യാജമാണെന്ന് പൊലീസ് കണ്ടെത്തി.

അഞ്ചുപേജുള്ള കുറിപ്പിൽ വ്യക്തതയില്ലാത്ത പല കാര്യങ്ങളുമുണ്ടായിരുന്നു. തുടരന്വേഷണത്തിലാണ് കുറുപ്പിൽ പരാമർശിച്ച വ്യക്തികളുടെ പേര് വ്യാജമാണെന്ന് പൊലീസ് കണ്ടെത്തിയത്. ഇതോടെ ഫാദർ ഫാദർ സണ്ണി അറയ്ക്കലിന്റെ ആത്മഹത്യയിൽ ദുരൂഹതയേറുകയാണ്. അച്ചന്റെ കയ്യിലുണ്ടായിരുന്ന പണവും സ്വർണവും പള്ളിയുടെ ആയിരുന്നു എന്നും അത് തിരികെ പള്ളിയിൽ ഏൽപ്പിച്ചു എന്നും പൊലീസ് പറഞ്ഞു.

ചൊവ്വാഴ്ച വൈകിട്ട് നാലരയോടെയാണ് വികാരിയെ പള്ളിയുടെ ഓഡിറ്റോറിയത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അന്നേ ദിവസം രാവിലെ കുട്ടികളുമൊത്ത് സന്തോഷവാനായി ആണ് ഫാദറെ കണ്ടിരുന്നത് എന്ന് പള്ളിയിലുള്ളുവർ പറഞ്ഞിരുന്നു. കൂടാതെ അച്ഛന് സാമ്പത്തിക ബാധ്യത ഉണ്ടാകേണ്ട കാര്യമില്ല എന്ന് അദ്ദേഹത്തെ അറിയുന്നവർ പറയുന്നു.

സംഭവത്തിൽ ബന്ധുക്കളുടെയോ പള്ളിയുടെയോ പരാതികളൊന്നും ലഭിച്ചിട്ടില്ലെങ്കിലും പൊലീസ് സ്വമേധയാ അന്വേഷിക്കുകയാണ്. ആത്മഹത്യാക്കുറിപ്പിൽ സാമ്പത്തികപ്രശ്നങ്ങളെക്കുറിച്ച് പരാമർശിക്കുന്നുണ്ടെന്നും അതിനാലാണ് അന്വേഷണമെന്നും ആലപ്പുഴ ഡിവൈ.എസ്‌പി. പറഞ്ഞു. അച്ചൻ തന്നെയാണ് ആത്മഹത്യാക്കുറിപ്പ് എഴുതിയിരിക്കുന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൈയക്ഷരം പരിചയക്കാർ തിരിച്ചറിഞ്ഞിട്ടുണ്ട്.

മാരാരിക്കുളം ചെത്തി സ്വദേശിയായ ഫാ. സണ്ണി കഴിഞ്ഞ അഞ്ച് വർഷമായി കത്തോലിക്ക സഭക്ക് കീഴിലുള്ള കാളാത്ത് പള്ളിയിൽ വികാരിയായിരുന്നു. സംഭവത്തിൽ സമഗ്രാന്വേഷണം വേണമെന്ന് കെഎൽസിഎ ആലപ്പുഴ രൂപത മുൻ ജനറൽ സെക്രട്ടറി ഇവി രാജു ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്കും കത്ത് നൽകിയിട്ടുണ്ട്.

ആലപ്പുഴ നോർത്ത് പൊലീസിനാണ് അന്വേഷണ ചുമതല.