ബെംഗളൂരു: മൈസൂരുവിൽ എംബിഎ വിദ്യാർത്ഥിനി കൂട്ട ബലാത്സംഗത്തിന് ഇരയായ സംഭവത്തിന് പിന്നാലെ മൈസൂർ യൂണിവേഴ്‌സിറ്റി പുറപ്പെടുവിച്ച വിവാദ സർക്കുലർ പിൻവലിച്ചു. മാനസഗംഗോത്രി ക്യാംപസിലെ വിദ്യാർത്ഥിനികൾ വൈകിട്ട് 6.30ന് ശേഷം ഒറ്റയ്ക്കു പുറത്തിറങ്ങുന്നതു നിരോധിച്ച് പുറത്തിറക്കിയ സർക്കുലറാണ് പിൻവലിച്ചത്. സർക്കുലറിനെതിരെ വ്യാപക പ്രതിഷേധങ്ങളുയർന്നിരുന്നു. പിന്നാലെയാണ് സർക്കുലർ പിൻവലിച്ചത്.

പെൺകുട്ടികളുടെ സുരക്ഷ പരിഗണിച്ചാണ് ഇത്തരത്തിൽ ഒരു സർക്കുലർ പുറപ്പെടുവിച്ചത് എന്നായിരുന്നു അധികൃതരുടെ വാദം. വെള്ളിയാഴ്ചയായിരുന്നു യൂണിവേഴ്‌സിറ്റി ഇത്തരത്തിൽ ഒരു സർക്കുലർ പുറത്തിറക്കിയത്. പെൺകുട്ടികൾക്ക് മാത്രമായിരുന്നു നിർദ്ദേശം ഉണ്ടായിരുന്നത്. ആൺകുട്ടികൾക്ക് യാതൊരു വിലക്കുകളും സർക്കുലറിൽ പറഞ്ഞിരുന്നില്ല.

മാനസഗംഗോത്രി ക്യാംപസിൽ 85 പിജി ഡിപ്പാർട്ട്മെന്റുകളും മൂന്നു പെൺകുട്ടികളുടെ ഹോസ്റ്റലും ആൺകുട്ടികളുടെ ഒരു ഹോസ്റ്റലുമാണുള്ളത്. പൊലീസിൽനിന്നുള്ള നിർദേശപ്രകാരമാണ് നിരോധനം ഏർപ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ചത്. ദിവസവും വൈകിട്ട് 6 മുതൽ രാത്രി 9 വരെ കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥർ മേഖലയിൽ പട്രോളിങ് നടത്തുമെന്നുമാണ് സർക്കുലറിൽ പറഞ്ഞിരുന്നത്.

ചൊവ്വാഴ്ച നടന്ന കൂട്ട ബലാത്സംഗത്തിന്റെ പശ്ചാത്തലത്തിൽ യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥിനികളുടെ സുരക്ഷയെക്കുറിച്ച് പൊലീസ് ആശങ്ക ഉയർത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു സർക്കുലർ പുറത്തിറക്കിയത്. ഇത് വിവാദമായതോടെ മൈസൂർ യൂണിവേഴ്‌സിറ്റി വൈസ് ചാൻസിലർ പ്രൊഫസർ ജി ഹേമന്ത കുമാർ സർക്കുലർ പിൻവലിക്കുകയായിരുന്നു.