കുട്ടികളിൽ കണ്ടെത്തിയ ദുരൂഹമായ ഹെപ്പറ്റൈറ്റിസ് രോഗം അതിന്റെ മൂർദ്ധന്യാവസ്ഥയിൽ എത്തിയതായി ബ്രിട്ടനിലെ ആരോഗ്യ വിദഗ്ദർ പറയുന്നു. കഴിഞ്ഞ അഞ്ചു മാസങ്ങൾക്കുള്ളിൽ 180 ഓളം കുട്ടികളാണ് അസാധാരണമായ ഈ കരൾ രോഗത്തിന് അടിമകളായത്. അതിൽ കൂടുതലും 5 വയസ്സിൽ താഴെയുള്ള കുരുന്നുകളാണ്. അതിസാരവും ഛർദ്ദിയുമായി തുടങ്ങുന്നരോഗം സാവധാനം മഞ്ഞപ്പിത്തമായി മാറുകയാണിവിടെ, ത്വക്കും കണ്ണുകളും മഞ്ഞനിറമാകും.

അമേരിക്കയ്ക്കും പശ്ചിമ യൂറോപ്പിനും പുറമെ മറ്റു ചില രാജ്യങ്ങളിലും കൂടി കാണപ്പെട്ട ഈ രോഗത്തിന്റെ യഥാർത്ഥ കാരണം എന്താണെന്ന് ഇതുവരെ ശാസ്ത്രലോകത്തിന് കണ്ടെത്താനായിട്ടില്ല. ആഗോളാടിസ്ഥാനത്തിൽ തന്നെ ചുരുങ്ങിയത് 12 പേരെങ്കിലും ഈ രോഗം മൂലം മരണമടഞ്ഞതായി കണക്കുകൾ പറയുന്നു. മറ്റനേകം പേർക്ക് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ആവശ്യമായി വന്നിട്ടുണ്ട്. ഈ അജ്ഞാത രോഗം ബാധിച്ച ചില കുട്ടികളെ ചികിത്സിച്ച, ലണ്ടനിലെ കിങ്സ് കോളേജ് ഹോസ്പിറ്റലിലെ ഡോ. ടസ്സൊസ് പറയുന്നത് രോഗവ്യാപനത്തിന്റെ മൂർദ്ധന്യഘട്ടം കഴിഞ്ഞിരിക്കുന്നു എന്നാണ്.

കഴിഞ്ഞ എതാനും ആഴ്‌ച്ചകൾക്ക് മുൻപ് രോഗബാധിതരുടെ എണ്ണം വർദ്ധിക്കാൻ തുടങ്ങിയതായി അദ്ദേഹം പറയുന്നു. എന്നാൽ, ഇപ്പോൾ അത് കുറഞ്ഞുവരികയാണെന്നും അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും ചില പുതിയ കേസുകൾ ഇപ്പോഴും ഉണ്ടാകുന്നുണ്ട്. ഈ രോഗം ബാധിച്ചവരിൽ നടത്തിയ പരിശോധനകളിൽ ഒന്നും തന്നെ സാധാരണ ഹെപ്പറ്റൈറ്റിസിന് കാരണമാകുന്ന ഹെപ്പറ്റൈറ്റിസ് എ, ബി, സി, ഡി, ഇ വൈറസുകളെ കണ്ടെത്താനായിട്ടില്ല. അതിനാൽ തന്നെ തികച്ചും ദുരൂഹമായി തുടരുന്ന ഈ രോഗത്തിന്റെ രോഗകാരി ആരെന്നത് ഇപ്പോഴും അജ്ഞാതമായി തുടരുന്നു.

സാധാരണയായി ജലദോഷം, ഉദര രോഗങ്ങൾ എന്നിവയ്ക്ക് കാരണമാകുന്ന അഡെനോ വൈറസ് ആയിരിക്കും ഇതിന്റെ രോഗകാരി എന്നാണ് ഇപ്പോൾ സംശയിക്കപ്പെടുന്നത്. മറ്റൊരു പുതിയ തരം വൈറസാണ് രോഗകാരി എന്ന് മറ്റു ചിലർ കരുതുമ്പോൾ, ഇത് ദീർഘകാല കോവിഡ് ആയിരിക്കാം എന്ന നിഗമനവും ഏറെപേർ പുലർത്തുന്നുണ്ട്. ഈ രോഗം ബാധിച്ച ഏറെ കുട്ടികളും വരുന്നത് സ്വന്തമായി വളർത്തു നായ്ക്കൾ ഉള്ള വീടുകളിൽ നിന്നായതിനാൽ, രോഗം പടർത്തുന്നതിൽ നായ്ക്കൾക്ക് പങ്കുണ്ടോ എന്ന കാര്യവും പഠന വിഷയമായിരുന്നു. എന്നാൽ, നായ്ക്കളെ ഇതുമായി നേരിട്ട് ബന്ധിപ്പിക്കുന്ന തെളിവുകൾ ഒന്നുംകിട്ടാത്തതിനാൽ അവയെ പ്രതിപ്പട്ടികയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

കുരങ്ങുപനി കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിക്കുന്നു

ദുരൂഹമായ ഹെപ്പറ്റൈറ്റിസ് കുരുന്നുകളെ ബാധിക്കുമ്പോൾ മറുവശത്ത് കുരങ്ങുപനിയും ലോകമാകെ വ്യാപിക്കാൻ തുടങ്ങുകയാണ്. ഇന്നലെ ഇറ്റലിയിലും സ്വീഡനിലും കുരങ്ങു പനി സ്ഥിരീകരിച്ചതോടെ ഇതിന്റെ ആഗോളവ്യാപനം ആരംഭിച്ചതായി ഈ രംഗത്തെ വിദഗ്ദർ പറയുന്നു. കാനറി ദ്വീപ് സന്ദർശിച്ച് തിരിച്ചെത്തിയ ഒരു വ്യക്തിക്കാണ് റോമിൽ കുരങ്ങുപനി സ്ഥിരീകരിച്ചത്. സ്വീഡനിൽ രോഗം സ്ഥിരീകരിച്ചിരിക്കുന്നത് സ്റ്റോക്ക്ഹോമിലും.

ഇതു സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ഒന്നും പുറത്തുവിട്ടിട്ടില്ല. ഇതോടെ ആഫ്രിക്കയ്ക്ക് പുറത്ത് ഈ രോഗത്തിന്റെ സാന്നിദ്ധ്യം ഇതുവരെ ഏഴ് രാജ്യങ്ങളിൽ സ്ഥിരീകരിക്കപ്പെട്ടിരിക്കുകയാണ്. അമേരിക്ക, ബ്രിട്ടൻ, സ്പെയിൻ, പോർച്ചുഗൽ എന്നീ രാജ്യങ്ങളിൽ ഇതിനോടകം തന്നെ കുരങ്ങുപനിയുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ചിരിക്കുകയാണ്. കാനഡയിൽ ഇതുമായി ബന്ധപ്പെട്ട പരിശോധനാ ഫലം വരാനായി കാത്തിരിക്കുകയുമാണ്.

രോഗബാധ സ്ഥിരീകരിക്കപ്പെട്ടവരിൽ പലരും പരസ്പരം ബന്ധമുള്ളവർ അല്ലാത്തതിനാൽ, ഇപ്പോൾ ലഭിച്ചിരിക്കുന്ന കണക്ക് മഞ്ഞുമലയുടെ അഗ്രം മാത്രമാണെന്നാണ് ഈ രംഗത്തെ വിദഗ്ദർ പറയുന്നത്. തികച്ചും അസാധാരണമായ രീതിയിലാണ് ഇപ്പോൾ കുരങ്ങുപനിയുടെ വ്യാപനം നടക്കുന്നതെന്ന് കരുതപ്പെടുന്നു. വ്യക്തികളിൽ നിന്നും നേരിട്ട് വ്യക്തികളിലേക്ക് പടരുന്നത് അപൂർവ്വമായി മാത്രമാണ് ഇപ്പോൾ സംഭവിക്കുന്നത് എന്നും കരുതപ്പെടുന്നു.

ഇതിനു മുൻപ് ആഫ്രിക്കയ്ക്ക് പുറത്ത് നാലു രാജ്യങ്ങളിൽ മാത്രമായിരുന്നു ഈ വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത്. അതുതന്നെ ആഫ്രിക്കയിൽ സന്ദർശനം കഴിഞ്ഞ് തിരിച്ചെത്തിയവരിലും. എന്നാൽ, ഇപ്പോൾ സ്ഥിതിഗതികൾ തികച്ചും വ്യത്യസ്തമാണ്. രോഗം സ്ഥിരീകരിച്ചവരിൽ പലരും ആഫ്രിക്കൻ സന്ദർശനം നടത്താത്തവരോ, സന്ദർശിച്ചവരുമായി സമ്പർക്കം പുലർത്താത്തവരോ ആണ്. ബ്രിട്ടനിലെയും സ്പെയിനിലേയും കുരങ്ങുപനി ബാധിച്ചവരിൽ ഏറെയുംസ്വവർഗ്ഗ രതിയിൽ താത്പര്യമുള്ളവരായതിനാൽ, ഇത് ലൈംഗിക ബന്ധത്തിലൂടെ പടരുന്നു എന്ന ഒരു അനുമാനവും ഇപ്പോൾ ഉണ്ട്.