വിസ്മയവും ആശങ്കയും വിതറി ആകാശത്ത് സൗരക്കാറ്റ് ഒരുക്കിയ വർണക്കാഴ്ചകൾ. ലോകത്തിന്റെ പല ഭാഗങ്ങളിലും ഇന്നലെ രാത്രി ദൃശ്യമായ അപ്രതീക്ഷിത വെളിച്ചങ്ങളും ആകാശത്തെ നിറഭേദങ്ങളും സൗരക്കാറ്റിന്റെ (സോളാർ സ്‌റ്റോം) ഫലമാണെന്ന് കരുതുന്നു. റഷ്യയിൽ ദൃശ്യമായ അപ്രതീക്ഷിത വെളിച്ചവും ഇതിന്റെ ഫലമാണെന്നാണ് കരുതുന്നത്.

സൂര്യന്റെ കാന്തിക മണ്ഡലം വ്യതിചലിക്കുന്നതിന്റെ ഭാഗമായി 12 വർഷത്തിലൊരിക്കലുണ്ടാകുന്ന പ്രതിഭാസമാണ് സോളാർ സ്‌റ്റോം. വെള്ളിയാഴ്ച സൂര്യഗ്രഹണം സംഭവിക്കാനിരിക്കെ, ഇപ്പോഴത്തെ സോളാർ സ്‌റ്റോമിനെ താല്പര്യത്തോടെയാണ് ശാസ്ത്രജ്ഞർ നിരീക്ഷിക്കുന്നത്. ഉത്തര, ദക്ഷിണ ധ്രുവങ്ങളിൽനിന്ന് പുറപ്പെടുന്ന പ്രകാശവീചികളായാണ് പലയിടത്തും സോളാർ സ്‌റ്റോം ദൃശ്യമായത്.

ഇതിനിടെയാണ് റഷ്യൻ ആകാശത്ത് അപ്രതീക്ഷിതമായ വെളിച്ചം ദൃശ്യമായത്. തെക്കൻ റഷ്യയിലെ സ്റ്റാവ്‌റോപൊലീലാണ് ഇടിമുഴക്കമില്ലാതെ വെളിച്ചം മാത്രം ദൃശ്യമായത്. മൂന്നുതവണ തെളിഞ്ഞ വെളിച്ചത്തെച്ചൊല്ലി പലവിധ കഥകളാണ് റഷ്യയിൽ പ്രചരിക്കുന്നത്. പറക്കും തളികയിറങ്ങിയതാണെന്ന് വിശ്വസിക്കുന്നവരുമുണ്ട്. ശക്തമായ വെളിച്ചം മിന്നിയപ്പോൾ വീടുകളിലെ ബൾബുകൾ അണഞ്ഞതായും റിപ്പോർട്ടുകളുണ്ട്.

എന്നാൽ, ആകാശത്തുനിന്നല്ല, ഭൂമിയിൽനിന്നുതന്നെയാണ് ഈ പ്രതിഭാസം പുറപ്പെട്ടതെന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം. സൈനിക അഭ്യാസമോ വൈദ്യുത ശൃംഖലയിലെ തകരാറോ ഉൽക്കാപതനമോ ആകാമിതെന്ന് അവർ നിരൂപിക്കുന്നു. ഇതാദ്യമല്ല റഷ്യയിൽ അപ്രതീക്ഷിത വെളിച്ചം ആശങ്ക പരത്തുന്നത്. കഴിഞ്ഞവർഷം നവംബറിൽ യെക്കാറ്റരിൻബർഗിൽ 11 സെക്കൻഡ് നേരം അജ്ഞാത വെളിച്ചം വന്നിരുന്നു.