മുംബൈ:എച്ച്ഡിഎഫ്സി വൈസ് പ്രസിഡന്റ് സിദ്ധാർത്ഥ് കിരൺ സാംഘ്‌വി (39)യുടെ കൊലയാളിയെ പിടികൂടിയിട്ടും ദുരൂഹത അവസാനിക്കുന്നില്ല. കൊല നടത്തിയ പ്രതി ടാക്സി ഡ്രൈവറായ സർഫറാസ് ഷെയ്ഖിനെ പൊലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. ഇയാളുടെ മൊഴിയാണ് മുംബൈ പൊലീസിനെ വലക്കുന്നത്. സിദ്ധാർത്ഥിനെ കൊലപ്പെടുത്തിയത് ബൈക്കിന്റെ ബാങ്ക് ലോണടയ്ക്കാനുള്ള വെറും 35,000 രൂപയ്ക്ക് വേണ്ടിയെന്ന പ്രതിയുടെ മൊഴി പൂർണമായും പൊലീസ് വിശ്വസിച്ചിട്ടില്ല. അതുകൊണ്ടു തന്നെ പ്രതിയെ വിശദമായി ചോദ്യം ചെയ്യണമെന്ന് മുംബൈ പൊലീസ് അറിയിച്ചു.

ബൈക്കിന്റെ വായ്പ തിരിച്ചടവിനു 35,000 രൂപ ആവശ്യമായിരുന്നെന്നും അതിനാണു സിദ്ധാർത്ഥിൽ നിന്നു പണം ആവശ്യപ്പെട്ടതെന്നും സർഫറാസ് മൊഴി നൽകിയിട്ടുണ്ട്. ആവശ്യം നിഷേധിച്ചതോടെ ഭീഷണിപ്പെടുത്തിയെന്നും സിദ്ധാർത്ഥ് ഒച്ച വച്ചതോടെ കയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ചു കുത്തുകയായിരുന്നെന്നുമാണു മൊഴി.

ബുധനാഴ്ച വൈകീട്ടാണ് സംഭവം. മധ്യമുംബൈ ലോവർ പരേൽ കമലാ മിൽസിലെ ഓഫീസിൽ നിന്നും ദക്ഷിണ മുബൈ മലബാർ ഹിൽസിലെ വീട്ടിലേക്ക് മടങ്ങിയ സാംഘ്‌വിയെ കാണാതാവുകയായിരുന്നു. ഓഫീസിൽ നിന്ന് തിരിച്ചതിന് പിന്നാലെ അദ്ദേഹത്തിന്റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫായിരുന്നു.

സാംഘ്‌വിയുടെ കാർ പിറ്റേന്ന് നവി മുംബൈയിൽ നിന്നും ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. കാറിൽ നിന്ന് രക്തക്കറ കണ്ടെത്തിയതോടെയാണ് സാംഘ്വിയെ ആരെങ്കിലും അപായപ്പെടുത്തിയതാണോ എന്ന സംശയം ബലപ്പെട്ടത്. വീട്ടിൽ നിന്നും പതിവ് പോലെ ഓഫീസിലേക്ക് പോയ സാംഘ്‌വി ബുധനാഴ്ച വൈകുന്നേരം 7.30 ഓടെ ബാങ്കിൽ നിന്നും മടങ്ങി. ഓഫീസിൽ നിന്നും നടന്നു പോവുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ ഉണ്ടെങ്കിലും കാറിന്റെ ദൃശ്യങ്ങൾ കണ്ടെത്താനായിരുന്നില്ലെന്ന് പൊലീസ് പറഞ്ഞിരുന്നു.

സിദ്ധാർത്ഥിനെ കാണാതായി മൂന്നാം ദിവസം പിതാവിനു ലഭിച്ച ഫോൺകോളാണു സർഫാസിലേക്കു പൊലീസിനെ എത്തിച്ചത്. സിം കാർഡ് മാറ്റി മറ്റൊരു നമ്പറിൽനിന്നു സിദ്ധാർത്ഥിന്റെ ഫോൺ ഉപയോഗിച്ചായിരുന്നു വിളിച്ചത്. മകൻ സുരക്ഷിതനാണെന്നും ആശങ്കപ്പെടേണ്ടതില്ലെന്നുമായിരുന്നു സന്ദേശം. നവി മുംബൈയിൽ നിന്നാണു വിളിച്ചതെന്നു മനസിലാക്കി തേടിയെത്തിയ പൊലീസ് സർഫാസിന്റെ പക്കൽ നിന്നു ഫോണും കണ്ടെടുത്തു.

തൊഴിൽപരമായ അസൂയയാണു കൊലപാതകത്തിനു കാരണമെന്നും സഹപ്രവർത്തകർക്കു സംഭവത്തിൽ ബന്ധമുണ്ടെന്നും കേസ് അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തിൽ പറഞ്ഞ പൊലീസ് പിന്നീട് അത് തിരുത്തുകയായിരുന്നു.