- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബെംഗളൂരുവിൽ നിന്ന് തൃശൂരിലേക്ക് മകൾ മടങ്ങി വരുന്ന സന്തോഷത്തിൽ ഇരിക്കെ ഈറോഡ് പൊലീസിന്റെ കോൾ; ആശുപത്രിയിൽ എത്തിയപ്പോൾ മരിച്ച നിലയിൽ; ബെംഗളൂരുവിൽ പഠിക്കുന്ന പെൺകുട്ടി ഈറോഡിൽ എങ്ങനെ എത്തി? ശ്രുതിയുടെ മരണത്തിൽ എത്തുംപിടിയും കിട്ടാതെ മാതാപിതാക്കൾ
തൃശൂർ: ബെംഗളൂരുവിൽ പഠിക്കാൻ പോയ മലയാളി നിയമവിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയത് തമിഴ്നാട്ടിലെ ഈറോഡിൽ. ഓഗസ്റ്റ് 20 ന് നാട്ടിൽ, തൃൂശുർ വലപ്പാടേക്ക് വരാനിരുന്ന ശ്രുതി(22)യാണ് അതിന് മൂന്നുനാൾ മുമ്പ് ഈറോഡിൽ വച്ച് മരിച്ചത്. മറ്റുയാത്രകൾ ഉണ്ടെന്ന് ശ്രുതി മാതാപിതാക്കളായ കാർത്തികേയൻ-കൈരളി ദമ്പതിമാരോട് സൂചിപ്പിച്ചിരുന്നില്ല. ബെംഗളൂരുവിലെ സ്വകാര്യ ഹോസ്റ്റലിൽ ശ്രുതിക്കൊപ്പം താമസിച്ചവർക്കും ഒരുവിവരവുമില്ല. ഇതിനിടയിൽ എന്താണ് സംഭവിച്ചത്? ഈറോഡ് പൊലീസ് എന്തൊക്കെയോ മറയ്ക്കുന്നു. ആർക്കോ ഒത്താശ ചെയ്യുന്നു എന്നാണ് മാതാപിതാക്കൾ ആരോപിക്കുന്നു. കാരണങ്ങൾ പലതാണ്.
ഈറോഡ് സൗത്ത് പൊലീസ് പറയുന്നത്
ശ്രുതി വിഷം കഴിച്ച് ആത്മഹത്യ ചെയ്തു എന്നാണ് ഈറോഡ് സൗത്ത് പൊലീസ് പറയുന്നത്. പെൺകുട്ടിക്ക് ഒപ്പം ഉണ്ടായിരുന്ന യുവാവിനെയു വിഷം കഴിച്ച നിലയിൽ ആശുപത്രിയിൽ കണ്ടിരുന്നു. മകൾക്ക് സുഖമില്ല, ആശുപത്രിയിലാണ് എന്ന് ഈറോഡ് പൊലീസ് അറിയിച്ചപ്പോഴേ പന്തികേട് തോന്നി. എന്നാൽ, അവിടെ എത്തിയപ്പോഴാണ് ചങ്ക് തകർക്കുന്ന ദുരന്തം അറിഞ്ഞത്. റെയിൽവെ സ്റ്റേഷനിൽ നിന്നാണ് ആശുപത്രിയിൽ എത്തിച്ചതെന്ന് പൊലീസ് പറയുന്നു. അപകടം എന്ന് ആദ്യം പറഞ്ഞ അവർ പിന്നീട് വിഷം കഴിച്ചതാണ് എന്നുതിരുത്തി. കൈയിലുണ്ടായിരുന്ന ബാഗോ, മൊബൈലോ പൊലീസ് കണ്ടെത്താത്തിലും ദുരൂഹതയുണ്ട്. ആകെ കൈമാറിയത് ആധാർ കാർഡ് മാത്രം.
മൃതദേഹം കാട്ടിയപ്പോൾ മുഖം മാത്രം കാണിച്ചതിലും ദുരൂഹത തോന്നി. വിഷം കഴിച്ച എറണാകുളം സ്വദേശിയായ കൂട്ടുകാരനൊപ്പം ഉണ്ടായിരുന്ന കോഴിക്കോട് സ്വദേശിയുടെ പെരുമാറ്റവും സംശയം ജനിപ്പിക്കുന്നതായിരുന്നു. എന്തൊക്കെയോ മറച്ചുവയ്ക്കുന്ന പോലെ. പോ്സ്റ്റ്മോർട്ടത്തിന്റെ ആവശ്യമില്ലെന്നും ശ്രുതിയുടെ മരണത്തിന് വിഷം കഴിച്ച് ചികിത്സയിൽ കഴിയുന്ന യുവാവിനെ പഴിക്കരുതെന്നും അയാൾ പറഞ്ഞു. എന്നാൽ, പോസ്റ്റ്മോർട്ടം നടത്തണമെന്ന് മാതാപിതാക്കൾ നിർബന്ധിക്കുകയായിരുന്നു.
ശ്രുതിക്ക് സംഭവിച്ചത് എന്ത്?
പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നപ്പോൾ ശ്രുതിയുടെ വാരിയെല്ലുകൾക്ക് പൊട്ടൽ ഉണ്ടെന്ന് കണ്ടെത്തി. ഇതിനെ കുറിച്ച് മൗനം പാലിച്ച ഈറോഡ് പൊലീസ് പിന്നീട് ഇത് അന്വേഷിച്ച തൃശൂർ റൂറൽ എസ്പിയോട് അത് ശ്രുതി ഓട്ടോയിൽ നിന്ന് ചാടിയപ്പോൾ സംഭവിച്ചതാണെന്ന് പറഞ്ഞു. ഒരുഅപകടം നടന്നെങ്കിൽ, പൊലീസ് അത് തുറന്നുപറയാത്തത് എന്ത്, എന്തൊക്കെയൊ പൂഴ്ത്തി വയ്ക്കാൻ ശ്രമിക്കുന്നില്ലേ...കാർത്തികേയന്റെയും കൈരളിയുടെയും നെഞ്ചിലെ തീ അണയുന്നില്ല.
കേരള-തമിഴ്നാട് മുഖ്യമന്ത്രിമാർക്കും, തൃശൂർ റൂറൽ എസ്പിക്കും കുടുംബം പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ ലഹരി മാഫിയയുടെ പങ്കും കുടുംബം സംശയിക്കുന്നു. ശ്രുതിയുടെ സുഹൃത്തുക്കളുടെ ദുരൂഹ പെരുമാറ്റമാണ് ഇതിന് കാരണം. ബെംഗളൂരുവിൽ പഠിക്കുന്ന കുട്ടി ഈറോഡിൽ എത്തിയത് എങ്ങനെ എന്ന ചോദ്യം അവശേഷിക്കുന്നു. ബികോം കഴിഞ്ഞ് കൊച്ചിയിൽ ജോലി നോക്കവേയാണ് ശ്രുതി കഴിഞ്ഞ വർഷം ബെംഗളൂരുവിൽ എൽഎൽബിക്ക് ചേർന്നത്. നാട്ടിൽ വന്ന ശേഷം ജൂലൈ 13 ന് ബംഗളൂരുവിലേക്ക് മടങ്ങിയ ശ്രുതിയുടെ ജീവനറ്റ ശരീരമാണ് മാതാപിതാക്കൾ കാണുന്നത്. സംഭവം നടക്കുമ്പോൾ യുഎഇയിലായിരുന്ന പിതാവ് കാർത്തികേയൻ നാട്ടിൽ എത്തിയിട്ടുണ്ട്. പൊന്നു പോലെ നോക്കിയ മകളുടെ മേൽ മാതാപിതാക്കൾക്ക് സംശയം ഒന്നുമില്ല. പഠിക്കാൻ വളരെ ബ്രൈറ്റായ ശ്രുതി ജീവിതത്തിന്റെ പാതി പോലും എത്തും മുമ്പേ കൊഴിഞ്ഞുപോയത് ഇവർക്ക് താങ്ങാനാവുന്നില്ല. സത്യം പുറത്തു വരുമെന്ന വിശ്വാസത്തിലാണ് ഈ കുടുംബം.
മറുനാടന് മലയാളി ബ്യൂറോ