ലാസ് വെയ്ഗസ്: അമേരിക്കയിലെ ലാസെ വെയ്ഗസിൽ 50 ലേറെ പേരുടെ കൂട്ടക്കുരുതിയുടെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു. തങ്ങളുടെ പോരാളിയാണ് വെടിവയ്പ് നടത്തിയതെന്ന് അവകാശപ്പെട്ടെങ്കിലും, ഇയാളുടെ പേര് വെളിപ്പെടുത്താൻ തയ്യാറായില്ല. എന്നാൽ അക്രമി സ്റ്റീഫൻ പാഡോക്കിന്റെ ഐഎസ് ബന്ധം തെളിയിക്കാൻ പൊലീസിന് തെളിവുകളൊന്നും കിട്ടിയിട്ടില്ല. ഇയാളുടെ മൃതദേഹം മണ്ഡാല ബേ റിസോർട്ടിലെ ഒരു മുറിയിൽ നിന്ന് കണ്ടെടുത്തു. ഇയാൾ മണ്ടാലേ ബേ റിസോർട്ടിലെ മുറിയിൽ തന്നെ ആത്മഹത്യ ചെയ്യുകയായിരുന്നു. 10 ഓളം റൈഫിളുകളും മുറിയിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്.

ലാസ് വെയ്ഗസിനടുത്ത് മെസ്‌ക്വിറ്റ് നഗരത്തിൽ രണ്ടു വർഷം മുമ്പ് വാങ്ങിയ വീട്ടിലാണ് 64 കാരനായ സ്റ്റീഫൻ പാഡൊക്ക് താമസിച്ചിരുന്നത്.പറയത്തക്ക ക്രിമിനൽ കേസുകളൊന്നും ഇയാളുടെ പേരിലില്ല.പൈലറ്റ് ലൈസൻസിനൊപ്പം ഹണ്ടിങ്, ഫിഷിങ് ലൈസൻസുകളും പാഡൊക്കിനുണ്ടായിരുന്നു.ലോക്ഹീഡ് മാർട്ടിനിൽ ഓഡിറ്ററായി ജോലി ചെയ്തിരുന്നുവെന്നും കരുതുന്നു. 62 കാരിയായ കാമുകി മരിൽല്യു ഡാൻലിക്കൊപ്പമായിരുന്നു താമസം.

ക്രിമിനൽ റെക്കോഡുകൾ ഇല്ലാതിരുന്ന പശ്ചാത്തലത്തിൽ എന്തായിരുന്നു കൂട്ടക്കുരുതിക്കുള്ള പ്രചോദനമെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്. ഇയാളുടെ പിതാവ് ബഞ്ചമിൻ ഹോസ്‌കിൻസ് പാഡൊക്ക് തുടർച്ചയായി ബാങ്ക് കൊള്ളകൾ നടത്തുകയും, 20 വർഷം ഇരുമ്പഴിക്കുള്ളിൽ കഴിഞ്ഞ ശേഷം ജയിൽ ചാടുകയും തുടർന്ന് എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിൽ പെട്ട വ്യക്തിയാണ്.

58 ലധികം പേരെ കൂട്ടക്കൊല ചെയ്യുകയും 500 ലധികം പേരെ പരിക്കേൽപ്പിക്കുകയും ചെയ്ത വെടിവയ്പ് അമേരിക്കയുടെ ചരിത്രത്തിൽ തന്നെ സമാനതകളില്ലാത്തതാണ്. റൂട്ട് 91 ഹാർവെസ്റ്റ് സംഗീത പരിപാടിയിൽ ജേസൺ അൾഡീൻ സ്റ്റേജിൽ പാടിക്കൊണ്ടിരിക്കുമ്പോഴാണ് പാഡൊക്കിന്റെ ആക്രമണമുണ്ടായത്. 20,000 ത്തോളം പേരാണ് പരിപാടിയിൽ പങ്കെടുത്തത്. നിർത്താതെയുള്ള വെടിവയ്പിന് ഇടവേളയുണ്ടായത് അക്രമി തോക്ക് വീണ്ടും നിറയ്ക്കുന്നതിന് ഇടയിൽ മാത്രമാണ്. എന്തൊക്കെ ആയുധങ്ങളാണ് അക്രമി ഉപയോഗിച്ചതെന്നും പൊലീസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.പാഡൊക്ക് ഒറ്റയ്ക്കാണ് ഈ കൂട്ടക്കൊല നടത്തിയതെന്ന് ഇതിനകം തെളിഞ്ഞിട്ടുണ്ട്. നേരത്തെ ഒന്നിലധികം ഷൂട്ടർമാരുണ്ടെന്ന് സംശയമുയർന്നിരുന്നു.

മണ്ഡാലേ ബേ റിസോർട്ടിന്റെ 32 ാം നിലയിലെ രണ്ടു ജനാലകൾ പൂർണമായി തകർന്ന നിലയിലാണ്. കഴിഞ്ഞ വ്യാഴാഴ്ചയാണ് പാഡൊക്ക് ഇവിടെ മുറിയെടുത്തത്. ചൂതാട്ടത്തിൽ കമ്പമുള്ളയാളായിരുന്നു ഇയാളെന്ന് അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. കഴിഞ്ഞ കുറെ ആഴ്ചകളിലായി ലാസ് വെയ്ഗസിൽ പതിനായിരക്കണക്കിന് ഡോളറുകളുടെ ഇടപാടുകളാണ് ഇയാൾ നടത്തിയിരുന്നത്. ഈ ഇടപാടുകൾ ലാഭമായിരുന്നോ,നഷ്ടമായിരുന്നോയെന്ന് വ്യക്തമല്ല.നെവാദയിലെ തന്റെ പുതിയ വസതി പാഡൊക്ക് ഇഷ്ടപ്പെട്ടിരുന്നത് രണ്ടുകാരണങ്ങളാലാണ്. ഒന്നു ചൂതാട്ടത്തിലെ കമ്പം. രണ്ട് സംഗീതത്തിലുള്ള താൽപര്യം.

പാഡൊക്കിന്റെ കാമുകി ഡാൻലിക്ക് സംഭവത്തിൽ പങ്കുള്ളതായി തെളിഞ്ഞിട്ടില്ല. ഇവർ ഗിയറി ഡാൻലി എന്നയാളെ 1990 ൽ വിവാഹം കഴിച്ചിരുന്നു.വിവാഹമോചിതയായതായി രേഖകളില്ല. അതേസമയം പാഡൊക്ക് വിവാഹമോചിതനാകാനുള്ള തയ്യാറെടുപ്പിലായിരുന്നു.ഡാൻലിയുടെ ഐഡി കാർഡ് ഉപയോഗിച്ചാണ് ഇയാൾ ഹോട്ടലിൽ മുറിയെടുത്തത്. ആ സമയത്ത് ഡാൻലി ഇയാൾക്കൊപ്പമില്ലായിരുന്നു താനും.റിട്ടയർ ചെയ്തവർ താമസിക്കുന്ന പോഷ് വസതിയിലാണ് പാഡൊക്കും, ഡാൻലിയും താമസിച്ചിരുന്നത്.

പാഡൊക്ക് തോക്കുകളെ സ്‌നേഹിച്ചിരുന്ന വ്യക്തിയല്ലെന്നും, സൈനിക പശ്ചാത്തലമില്ലെന്നും സഹോദരൻ എറിക് വ്യക്തമാക്കി. പാഡൊക്കിന്റെ പക്കൽ ചില കൈത്തോക്കുകളുണ്ടായിരുന്നെങ്കിലും, ഓട്ടോമാറ്റിക് തോക്കുകൾ എങ്ങനെ കൈവശം വന്നുവെന്ന് അറിയില്ലെന്നും എറിക് പറഞ്ഞു.പ്രത്യേക മത-രാഷ്ട്രീയ ചായ് വുകളില്ലാതിരുന്ന പാഡൊക്കിന്റെ ജീവിതം തുറന്ന പുസ്തകമായിരുന്നെന്നും സഹോദൻ പറഞ്ഞുവയ്ക്കുന്നതോടെ സംഭവത്തിൽ ദുരൂഹതയേറുകയാണ്.