- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വൈകിട്ട് ആറരക്ക് ശേഷം വിദ്യാർത്ഥിനികൾ കാമ്പസിന് പുറത്തിറങ്ങരുത്; കുക്കരഹള്ളി തടാകത്തിന് സമീപം പോകുന്നതിനും വിലക്ക്; മൈസൂരു കൂട്ടബലാത്സംഗത്തിന് പിന്നാലെ നിയന്ത്രണവുമായി സർവകലാശാല; പ്രതിഷേധം ശക്തം
ബംഗളൂരു: മൈസൂരു കൂട്ടബലാത്സംഗത്തിന് പിന്നാലെ വിദ്യാർത്ഥിനികൾക്ക് കാമ്പസിൽ നിയന്ത്രണങ്ങളുമായി മൈസൂരു സർവകലാശാല. വൈകിട്ട് ആറരക്ക് ശേഷം പെൺകുട്ടികൾ കാമ്പസിന് പുറത്തിറങ്ങരുതെന്ന് സർവകലാശാല പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. വൈകിട്ട് ആറരക്ക് ശേഷം മാനസഗംഗോത്രിയ കാമ്പസിലേക്ക് പോകരുതെന്നാണ് നിർദ്ദേശം. കൂടാതെ കുക്കരഹള്ളി തടാകത്തിന് സമീപം വൈകിട്ട് ആറരക്ക് ശേഷം പോകുന്നതിനും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
പെൺകുട്ടികൾക്ക് മാത്രമാണ് ഉത്തരവ് ബാധകം. എന്നാൽ ആൺകുട്ടികൾക്കായി ഉത്തരവുകളൊന്നും ഇറക്കിയിട്ടില്ല. വിദ്യാർത്ഥിനികൾക്ക് മാത്രമായി ഉത്തരവിറക്കിയതിനെതിരെ പ്രതിഷേധം ശക്തമായി. പൊലീസ് വകുപ്പിന്റെ വാക്കാലുള്ള നിർദ്ദേശം ലഭിച്ചതിനെ തുടർന്നാണ് ഇത്തരമൊരു ഉത്തരവിറക്കിയതെന്നാണ് സർവകലാശാലയുടെ വാദം.
വിജനമായ സ്ഥലത്തേക്ക് പെൺകുട്ടികൾ ഒറ്റക്ക് സഞ്ചരിക്കരുതെന്നാണ് സർക്കുലർ ഉദ്ദേശിക്കുന്നതെന്നും വൈസ് ചാൻസലർ വ്യക്തമാക്കി. വൈകിട്ട് ആറുമുതൽ ഒമ്പതുവരെ എല്ലാ ദിവസവും കാമ്പസിൽ അധിക സുരക്ഷ ഉദ്യോഗസ്ഥർ പട്രോളിങ് നടത്തുമെന്നും സർവകലാശാല പറഞ്ഞു.
കുറ്റകൃത്യം നടന്ന സ്ഥലത്തേക്ക് വിദ്യാർത്ഥിയും സുഹൃത്തും പോകരുതായിരുന്നുവെന്നും അവിടം വിജനമായ പ്രദേശമാണെന്നും കർണാടക ആഭ്യന്തരമന്ത്രി അരഗ ജനേന്ദ്ര പ്രസ്താവന ഇറക്കിയതിന് പിന്നാലെയാണ് സർവകലാശാലയുടെ 'കരുതൽ' ഉത്തരവുകൾ.
സംഭവത്തിൽ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ചൊവ്വാഴ്ച രാത്രി 7.30ഓടെയാണ് കൂട്ടുകാരനെ ആക്രമിച്ചശേഷം ഇതര സംസ്ഥാനത്തുനിന്നുള്ള എം.ബി.എ വിദ്യാർത്ഥിനിയായ 22 വയസ്സുകാരിയെ ആറംഗസംഘം ക്രൂര ബലാത്സംഗത്തിനിരയാക്കിയത്.
സ്ഥിരമായി ജോഗിങ്ങിന് പോകുന്ന സ്ഥലത്താണ് സംഭവം നടന്നതെന്നും 25 വയസ്സിനും 30വയസ്സിനും ഇടയിലുള്ളവരാണ് പ്രതികളെന്നുമാണ് പെൺകുട്ടിയുടെ സുഹൃത്തായ യുവാവിന്റെ മൊഴി. ക്ലാസ് കഴിഞ്ഞശേഷം രാത്രി 7.30ഓടെയാണ് ബൈക്കിൽ പോയത്. തുടർന്ന് ബൈക്കിൽ നിന്നിറങ്ങി നടക്കുന്നതിനിടെയാണ് ആറംഗസംഘം ആക്രമിച്ചത്.
അബോധാവസ്ഥയിലാകുന്നതുവരെ പാറക്കല്ല് കൊണ്ട് യുവാവിന്റെ തലക്കടിച്ചു. ബോധം വന്നപ്പോൾ പെൺകുട്ടിയെക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് കുറ്റിക്കാട്ടിൽനിന്ന് അവളെ വലിച്ചിഴച്ച് കൊണ്ടിട്ടെന്നും ശരീരം മുഴുവൻ മുറിവേറ്റ അവസ്ഥയിലായിരുന്നുവെന്നുമാണ് യുവാവിന്റെ മൊഴി. ബലാത്സംഗത്തിന്റെ ദൃശ്യങ്ങൾ പകർത്തിയശേഷം യുവാവിന്റെ ഫോണിൽനിന്നും പിതാവിനെ വിളിച്ച് പ്രതികൾ മൂന്നു ലക്ഷം രൂപ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതായും പറയുന്നു.
ന്യൂസ് ഡെസ്ക്