തിരുവനന്തപുരം: മയക്കുമരുന്നു പാർട്ടികൾ തടയാനെന്ന പേരിൽ ആളുകളുടെ സ്വകാര്യതകളിലേക്ക് ഒളിഞ്ഞു നോക്കുന്ന കൊച്ചി പൊലീസിന്റെ നടപടിയെ രൂക്ഷമായ വിമർശിച്ച് പ്രമുഖ എഴുത്തുകാരനും മുൻ ഐ.എസ് ഉദ്യോഗസ്ഥനുമായി എൻ എസ് മാധവൻ രംഗത്ത. ഇന്നലെ ആഷിഖ് അബുവിന്റെ കഫേ പപ്പായയിൽ അടക്കമുള്ള കോഫീ ഷോപ്പിലടക്കം പൊലീസ് റെയ്ഡ് നടത്തിയിരുന്നു. ഇതിനെ ട്വിറ്ററിലൂടെ വിമർശിച്ചാണ് എൻഎസ് മാധവൻ രംഗത്തെത്തിയത്. മുൻ കൊച്ചി ഡി സി പി നിശാന്തിനിയെയും അദ്ദേഹം നിശിദമായി വിമർശിക്കുന്നു.

ഭീകരമാണ് കൊച്ചിയിലെ റെയ്‌ഡെന്നും ഫാഷിസമാണ് ഇതെന്നും മാധവൻ ട്വിറ്ററിൽ വിശേഷിപ്പിക്കുന്നു. മയക്കുമരുന്നിനായാണ് കാടടക്കി പരിശോധന നടത്തുന്നത്. ഈ പൊലീസിന് ഇന്റലിജൻസ് സംവിധാനം ഒന്നുമില്ലേ എന്നും മാധവൻ ചോദിക്കുന്നു. മയക്കു മരുന്ന് വേട്ടയ്ക്ക് നേതൃത്വം നൽകുകയും പിന്നീട് സ്ഥലം മാറ്റപ്പെടുകയും ചെയ്ത കൊച്ചി പൊലീസ് ഡെപ്യൂട്ടി കമ്മീഷണർ ആർ നിശാന്തിനിയെയും മാധവൻ രൂക്ഷമായി വിമർശിക്കുന്നു.

സ്ഥലം മാറ്റപ്പെട്ട ഡിസിപിയെ പരിഹസിച്ച് ശുഭയാത്ര നേരുന്നുവെന്നാണ് അദ്ദേഹം കുറിച്ചത്. കൊച്ചി രക്ഷപ്പെടുകയാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിലും മോശം അനുഭവം കൊച്ചിക്ക് ഇതിനുമുമ്പുണ്ടായിട്ടില്ല എന്നും മാധവൻ വിമർശിക്കുന്നു. ചുംബന സമരക്കാരോടുള്ള ഡിസിപിയുടെ പരുക്കൻ പെരുമാറ്റത്തെയും അദ്ദേഹം വിമർശിക്കുന്നു.

കൊച്ചി പ്രത്യേക സാമ്പത്തിക മേഖലയിൽ സ്ത്രീകളെ തുണിയഴിച്ചു പരിശോധിച്ച സംഭവത്തിൽ നിശാന്തിനി നടത്തിയ പരാമർശത്തെയും മാധവൻ ആക്രമിക്കുന്നു. സ്ത്രീകളെ തുണിയഴിച്ച് പരിശോധിച്ചപ്പോൾ ആർത്തവം അശുദ്ധമാണെന്നാണ് നിശാന്തിനി പറഞ്ഞെതെന്ന് മാധവൻ ചൂണ്ടിക്കാട്ടുന്നു.