കൊച്ചി: ആടുജീവിതത്തിനു പകരം പശുജീവിതമായിരുന്നു ബെന്യാമിൻ എഴുതിയിരുന്നതെങ്കിൽ മേജർ രവി ബെന്യാമിനെ പൂജിച്ചേനെയെന്ന് എഴുത്തുകാരൻ എൻ എസ് മാധവൻ. ട്വിറ്ററിലൂടെയാണു മേജർ രവിയെ പരിഹസിച്ചു എൻ എസ് മാധവൻ രംഗത്തെത്തിയത്.

ദുർഗയെ അധിക്ഷേപിച്ചു എന്നാരോപിച്ചു മേജർ രവി നടത്തിയ തുപ്പൽ പ്രയോഗത്തെ ബെന്യാമിൻ വിമർശിച്ചിരുന്നു. ഇതിനു മറുപടിയായി മേജർ രവി ബെന്യാമിനെ പരിഹസിക്കുകയും ചെയ്തു. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് വിമർശനവുമായി എൻ എസ് മാധവനും എത്തിയത്.

ചാനൽചർച്ചയിൽ ദുർഗാദേവിയെ ആക്ഷേപിച്ചു എന്നാരോപിച്ചാണ് ഏഷ്യാനെറ്റ് അവതാരക സിന്ധു സൂര്യകുമാറിനെ മേജർ രവി അവഹേളിച്ചത്. പൊതുസമൂഹത്തിൽ നിന്നു വ്യാപകമായ പ്രതിഷേധമാണ് ഇതിനെതിരെ ഉയർന്നത്. ഇതേ തുടർന്നാണ് മേജർ രവിക്കെതിരെ ബെന്യാമിൻ രംഗത്തെത്തിയിരുന്നത്. ജെഎൻയു വിഷയത്തിലടക്കം മോഹൽലാൽ സ്വീകരിച്ച നിലപാടിനെ ഉദ്ധരിച്ചായിരുന്നു മേജർ രവിക്കെതിരെ ബെന്യാമിൻ രംഗത്തെത്തിയിരുന്നത്. മേജർ രവിയാൽ തെറ്റിദ്ധരിപ്പിക്കപ്പെട്ട നടനാണ് മോഹൻലാലെന്നും മേജർ രവിയെ സ്വയം തെറ്റിദ്ധരിക്കപ്പെട്ട ഒരു സംവിധായകനായാണ് കാണുന്നതെന്നും ബെന്യാമിൻ പറഞ്ഞിരുന്നു. ലെഫ്റ്റനന്റ് കേണൽ സ്ഥാനമൊക്കെ കിട്ടിയതിന്റെ സന്തോഷത്തിലാണ് ഇത്തരം ബ്ലോഗുകളെന്നും ബെന്യാമിൻ കുറ്റപ്പെടുത്തിയിരുന്നു.

തുർന്ന് ബെന്യാമിനെ അറിയില്ലെന്ന പരിഹാസവുമായി മേജർ രവി രംഗത്തെത്തുകയും ചെയ്തിരുന്നു. 'ബെന്യാമിൻ ആരെണെന്ന് പോലും എനിക്കറിയില്ല. വേറെ ഏതെങ്കിലും വിഷയമായിരുന്നെങ്കിൽ ഇക്കാര്യത്തിൽ ഞാൻ പ്രതികരിക്കില്ലായിരുന്നു. എന്നാൽ മോഹൻലാൽ എന്ന നടന്റെ പേര് ഇതിൽ വലിച്ചിഴച്ചതുകൊണ്ടാണ് ഞാൻ ഇപ്പോൾ പ്രതികരിക്കുന്നത്. മോഹൻലാലിന്റെ അടുത്ത് ചെല്ലാനോ അദ്ദേഹവുമായി സൗഹൃദം സ്ഥാപിക്കാനോ കഴിയാത്ത ചില വ്യക്തികളുടെ അസൂയ പ്രകടനമാണ് ബെന്യാമിനെ പോലുള്ളവരുടെ വാക്കുകളിലൂടെ മനസിലാക്കാൻ കഴിയുന്നത്.' എന്നായിരുന്നു മേജർ രവിയുടെ വാദം.

പ്രവാസി ജീവിതത്തിന്റെ നേർക്കാഴ്ചകൾ ചർച്ച ചെയ്ത 'ആടുജീവിതം' എന്ന ബെന്യാമിന്റെ നോവലിന് വലീയ സ്വീകര്യത മലയാളി വായനക്കാരിൽ നിന്നും കിട്ടിയിരുന്നു. ബെന്യാമിനെപ്പോലും അറിയാത്ത മേജർ രവിയെ വിമർശിച്ചും പരിഹസിച്ചും നിരവധി പേർ രംഗത്തെത്തി. സോഷ്യൽ മീഡിയയിലും പരിഹാസം ഉയർന്നു. ഇതിനു പിന്നാലെയാണു മേജർ രവിയെയും ഒപ്പം സംഘപരിവാറിനെയും പരോക്ഷമായി പരിഹസിച്ച് എൻ എസ് മാധവനും രംഗത്തെത്തിയത്.