സോഷ്യൽ മീഡിയയിലൂടെ ഏറെ പ്രസക്തമായ കവിതയാണ് സാം മാത്യു എഴുതിയ സഖാവ് എന്ന് കവിത. തലശ്ശേരി ബ്രണ്ണൻ കോളജിലെ ആര്യാ ദയാൽ ആലപിച്ചു ഫേസ്‌ബുക്കിൽ വന്നതോടെയാണ് കവിതയ്ക്ക് ഇത്രയേറെ സ്വീകാര്യത ഉണ്ടായത്. അതിനു പിന്നാലെ കവിതയെ വിവാദങ്ങളും ചുറ്റി പിടിച്ചു. ആദ്യം കവിതയുടെ പിതൃത്വത്തെത്തുടർന്നുള്ള സംസാരം കൈരളി ചാനലിലെ ജെബി ജംങ്ഷൻ വരെയെത്തി.

ജെബി ജംങ്ഷനിൽ ആര്യാ ദയാലും സാം മാത്യുവും കൂടിയായിരുന്നു പങ്കെടുത്തത്. വേദിയിൽ സാം തന്റെ പുതിയ കവിത പടർപ്പ് ആലപിക്കുകയും ചെയ്തു. ബലാത്സംഗത്തിന് ഇരയാക്കപ്പെട്ട പെൺകുട്ടി ബലാത്സംഗിയെ പ്രണയിക്കുന്നു 

എന്ന ആശയം സൈബർ ലോകത്ത് കൈരളി ടിവിയുടെ ജെ ബി ജംഗ്ഷനെക്കുറിച്ചും അവതാരകൻ ജോൺ ബ്രിട്ടാസിനെതിരെയും വിമർശനങ്ങൾ വന്നു.

 സഖാവ് കവിതയുമായി ബന്ധപ്പെട്ട ജെബി ജംഗ്ഷൻ ഉയർത്തിയ അനുരണനങ്ങൾക്ക് ഇനിയും ശമനം വന്നിട്ടില്ല.ഇതിൽ ചിലർക്കെങ്കിലും മരം കണ്ടിട്ട് കാട് കാണാത്ത അവസ്ഥയാണ്. ഇവർക്കൊരു ലളിതമായ ഗൃഹപാഠം താഴെ കൊടുക്കുന്നു.

1.വാർത്തയും വാർത്താ പരിപാടിയും അനുദിനം വിനോദവത്ക്കരിക്കപ്പെടുന്നു എന്ന വിമർശനം ശക്തമാണ്.അണിയറയിൽ തയ്യാറാക്കിയ തിരക്കഥകളും നാടകീയതകളുമാണ് വാർത്താ മണിക്കൂറുകളെ പോലും നയിക്കുന്നത്.ഇതേ കുറിച്ചുള്ള ഒരു ആശങ്കയും കപട ബുദ്ധിജീവികളിൽ നിന്ന് ഉയരുന്നില്ല.

2.ജെബി ജംഗ്ഷൻ ഈ ഇനത്തിൽപ്പെടുന്ന പരിപാടി അല്ല. ഇതൊരു കേവല വിനോദ പരിപാടി മാത്രം,പല തവണ പറഞ്ഞതും പ്രഖ്യാപിച്ചതുമായ കാര്യം. എന്നാൽ ആദ്യത്തെ കാര്യത്തിൽ ഒരു കടുംപിടുത്തവും ഇല്ലാത്തവരാണ് വിനോദ പരിപാടി എങ്ങിനെയായിരിക്കണമെന്ന് ശഠിക്കുന്നത്.

3.ജെബി ജംഗ്ഷനിൽ താൻ സ്ത്രീയുടെ മനോവികാരത്തിൽ കവിതകൾ എഴുതിയിട്ടുണ്ടെന്ന് തെളിയിക്കാൻ സാം മാത്യു ആകസ്മികമായി ചൊല്ലിയതാണ് 'പടർപ്പ്'.വിരസതയും മടുപ്പും ഒഴിവാക്കാനുള്ള സന്ദർഭോചിതമായ പരാമർശങ്ങൾ ഉണ്ടായിട്ടുണ്ടാവാം.അതെല്ലാം ഒരു വിനോദ പരിപാടിയിലെ ചേരുവകൾ മാത്രം.

4.വിനോദ പരിപാടിയുടെ അവതാരകൻ മാത്രമായാണ് ജോൺ ബ്രിട്ടാസ് ഈ ഷോയിൽ വരുന്നത്.മൂന്നു പതിറ്റാണ്ടു കാലത്തെ അനുഭവ സമ്പത്തുള്ള മാദ്ധ്യമ പ്രവർത്തകനെന്നോ,കൈരളിയുടെ എംഡി എന്നോ,എന്തിനേറെ അദ്ദേഹത്തിന് ഈ അടുത്ത് ലഭിച്ച മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് പദവിയോ ചിത്രത്തിൽ വരുന്നേ ഇല്ല.മാദ്ധ്യമ ഉപദേഷ്ടാവിന്റെ സ്ഥാനം(Honorary)ലഭിക്കുന്നതിന് എത്രയോ മുമ്പ് തുടങ്ങിയതാണ് ജെബി ജംഗാഷൻ.ജനപ്രതിനിധികളായതു കൊണ്ട് ഇനി ഇന്നസെന്റും സുരേഷ് ഗോപിയും സിനിമയിൽ മുദ്രാവാക്യം മാത്രമേ വിളിക്കാവൂ എന്ന് ആരെങ്കിലും ശഠിക്കുമോ...?

5.ജെബി ജംഗ്ഷൻ യുഡിഎഫ് സർക്കാരിന്റെ പോലും സംസ്ഥാന പുരസ്‌കാരങ്ങൾക്ക് പാത്രമായ പരിപാടിയാണ്.അതിൽ വന്നു പോയവരുടെ പട്ടിക നീണ്ടതാണ്.അതിഥികൾക്കനുസരിച്ച് അതിന്റെ സ്വഭാവവും മാറും.

6.എന്നാൽ പറയാൻ വന്ന കാര്യം ഇതൊന്നുമല്ല.ഒരു വിനോദ പരിപാടി പോലാണോ പുസ്തക പ്രകാശനം?കവിതകളെ അപഗ്രഥിച്ച് വിലയിരുത്തി.പല തട്ടുകളിലൂടെ അരിച്ചിറക്കിയതിനു ശേഷമാണ് അവ പുസ്തകമായി പ്രസാധനം ചെയ്യുന്നത്.ഒരു ടെലിവിഷൻ ഷോ ഓളമായിപ്പോയി മറയും.പുസ്തകവും അക്ഷരങ്ങളും എന്നും ജീവിക്കും.

7.വിവാദ കവിതയും മറ്റും കേരളത്തിലെ ഏറ്റവും വലിയ പ്രസാധക സംരഭമാണ് ആഘോഷമായി പുറത്തിറക്കിയത്.പ്രകാശനവേദിയിൽ ഈ പുസ്തകം നെഞ്ചോട് ചേർത്തത് ആരൊക്കെയാണ്...?എം മുകുന്ദൻ,ബെന്ന്യാമിൻ,ടിഡി രാമകൃഷ്ണൻ.സുഭാഷ് ചന്ദ്രൻ....പട്ടിക നീളുന്നു.എന്തുകൊണ്ട് മഹാകവി സച്ചിദാനന്ദനോ എഴുത്തുകാരി ശാരദക്കുട്ടിയോ ഏറ്റവും കാതലായ ഇക്കാര്യത്തെക്കുറിച്ച് കമാന്ന് ഒരക്ഷരം പറഞ്ഞില്ല.വാ തുറന്നാൽ തങ്ങളുടെ അന്നം മുട്ടുമെന്ന് ഇവർക്ക് പേടിയുണ്ടോ...?

8.ടെലിവിഷൻ ഉള്ളടക്കം ജനാധിപത്യപരവും മാതൃകാപരവുമാണെന്ന് ആരും അഭിപ്രായപ്പെടില്ല.എന്നാൽ ടെലിവിഷൻ കാഴ്ച പരിപൂർണമായും ജനാധിപത്യപരമാണ്.ചെറിയൊരു ഈർഷ്യ തോന്നിയാൽ കൈവള്ളയിലുള്ള റിമോട്ടിന്റെ ബട്ടൻ അമർത്തുകയേ വേണ്ടു.ജെബി ജംഗ്ഷന്റെ ഓരോ എപ്പിസോഡും സാകൂതം വീക്ഷിച്ചിട്ടാണ് ഈ കപട ബുദ്ധിജീവികൾ അതിന്റെ വളവും തിരിവും നിർണയിക്കുന്നത്.ഇത് തന്നെ കാപട്യമല്ലേ?

9.ഉർവ്വശിക്കും സീമക്കും നൽകിയ ചോദ്യത്തിലാണ് എഴുത്തുകാരി ശാരദക്കുട്ടിക്ക് വിഷമം.വിഷമം പ്രകടിപ്പിക്കാൻ അവർ പ്രകടിപ്പിച്ച ഭാഷയാകട്ടെ തെരുവു ഗുണ്ടയുടേതും.അവരുടെ എഴുത്ത് നന്നായി നിരീക്ഷിച്ചവർക്ക് ഇക്കാര്യത്തിൽ പരാതി ഉണ്ടാവാൻ സാധ്യതയില്ല.ഒരു ടെലിവിഷൻ അഭിമുഖം സന്ദർഭത്തിന്റ്യെും സാഹചര്യത്തിന്റെയും സൃഷ്ടിയാണ്.ഉർവശിയുടെ സ്വഭാവത്തെ ചോദ്യം ചെയ്ത് അവരുടെ ഭർത്താവായിരുന്ന മനോജ് കെ ജയൻ എറണാംകുളം കുടുംബ കോടതിയിൽ ഫയൽ ചെയ്ത ഹർജിയായിരുന്നു പ്രസ്തുത അഭിമുഖത്തിന്റെ പശ്ചാത്തലം.ഹർജിയിലെ ആരോപണങ്ങളെ കുറിച്ച് അഭിമുഖത്തിൽ ചോദിച്ചില്ലെങ്കിൽ ബ്രിട്ടാസ് എന്ത് മഠയൻ എന്ന് ഈ എഴുത്തുകാരി തന്നെ ചോദിക്കില്ലായിരുന്നോ...?

10.കാപട്യത്തിന്റെ മറ്റൊരു മുഖം കാണിച്ചു തരാം:കേരളത്തിലെ പുകൾപെറ്റ സാഹിത്യ-സാംസ്‌കാരിക പ്രസിദ്ധീകരണമാണ് മാതൃഭൂമി ആഴ്ച പതിപ്പ്.അതിന്റെ ഓണ പതിപ്പിൽ ശാരദക്കുട്ടി വിഖ്യാത സാഹിത്യകാരി സാറാ ജോസഫുമായി നടത്തിയ അഭിമുഖം അടിച്ചു വന്നിട്ടുണ്ട്.ഈ അഭിമുഖത്തിൽ എട്ടിലേറെ ചോദ്യങ്ങൾ സന്ദർഭം ഇല്ലാഞ്ഞിട്ടും ലൈംഗികതയെ കുറിച്ചാണ്.സാറാ ജോസഫിന്റെ വിവാഹ ജീവിതത്തിൽ അവർക്ക് സംതൃപ്തി ലഭിച്ചിട്ടില്ല എന്ന് സ്ഥാപിക്കാനായിരുന്നു ശാരദക്കുട്ടിയുടെ ശ്രമം.അതു കൊണ്ട് വിവാഹേതര മാർഗങ്ങളിലൂടെ അതിനു ശ്രമിച്ചോ വിജയിച്ചോ എന്ന് പല രൂപത്തിലും ഭാവത്തിലും ചോദിക്കുന്നുണ്ട്.സാറാ ജോസഫിനെ മുൻ നിർത്തി ഇങ്ങിനൊരു വിവാദം ഇന്ന് ഉണ്ടായിരുന്നെങ്കിൽ ചോദ്യത്തിന് പ്രസക്തിയുണ്ടെന്ന് വാദത്തിന് വേണ്ടി സമ്മതിക്കാം.ഇവരാണ് ഒരു ടെലിവിഷൻ ഷോയിലെ സന്ദർഭോചിതമായ ചോദ്യത്തെ ഒരു പതിറ്റാണ്ടിനു ശേഷം അയവിറക്കി തന്റെ സദാചാരബോധം വെളിപ്പെടുത്തുന്നത്.

11.സച്ചിദാനന്ദൻ നല്ല കവിയാണ്.ആദ്ദേഹത്തിന്റെ നിലപാടും ശ്ലാഘനീയമാണ്.എന്നാൽ പല ഘട്ടങ്ങളിലും പല കവികളും ഇവിടെ ചിലരെ അധ:കൃതരായി മുദ്ര കുത്തിയിട്ടുണ്ട്.കലാഭവൻ മണിയുടെ നാടൻ പാട്ടോ എന്തിനേറെ മുരുകൻ കാട്ടാക്കടയുടെ ജനപ്രിയ കവിതകളോ ഇക്കൂട്ടർ കണ്ടെന്നു നടിക്കാൻ പോലും തയ്യാറായിട്ടില്ല.ലാറ്റിനമേരിക്കയിൽ പോയതുകൊണ്ട് മാത്രം മാനവികത സിദ്ദിഖാൻ കഴിയില്ല.

12.സച്ചിദാനന്ദൻ കവിതയിലൂടെ നൽകിയ സംഭാവനകളുടെ ചെറിയൊരു അംശമെങ്കിലും ജോൺ ബ്രിട്ടാസ് തന്റെ മൂന്നു പതിറ്റാണ്ടു കാലത്തെ മാദ്ധ്യപ്രവർത്തനത്തിലൂടെ നടത്തിയിട്ടുണ്ട്.പഞ്ച നക്ഷത്ര ഹോട്ടലിന്റെ ബാൾ റൂമിൽ ഇരുന്നല്ലെന്ന് മാത്രം.ബാബറി മസ്ജിദ് തകർച്ചയും ഇറാഖ് യുദ്ധവും ഗുജറാത്ത് കലാപവും എണ്ണമറ്റ വർഗീയ കലാപങ്ങളും മലയാളികൾക്ക് പകർന്നു നൽകിയ മാദ്ധ്യമ പ്രവർത്തകനാണ് ജോൺ ബ്രിട്ടാസ്.നൂറു കണക്കിന് ഭീഷണികളെ അതിജീവിച്ചാണ് ഗെയിൽ ട്രെഡ് വെല്ലിന്റെ അഭിമുഖം ചെയ്തത്(പലരുടേയും എതിർപ്പ് അതിൽ നിന്ന് തികട്ടി വരുന്നതാണ്). ജീർണിച്ച ഉമ്മൻ ചാണ്ടി സർക്കാരിനെ പുറത്താക്കിയ എല്ലാ കുംഭകോണങ്ങളുടേയും മറ നീക്കിയത് ബ്രിട്ടാസ് എംഡിയായ ചാനൽ ശൃംഘലയായിരുന്നു.ഒരു വിനോദ ഷോയിലെ (അദ്ദേഹം കണ്ടിട്ടില്ല എന്ന് അദ്ദേഹം തന്നെ പറയുന്ന) ഒരു പരാമർശത്തെ എടുത്തു കാട്ടിയാണ് ഫാസിസ്റ്റ് ശക്തികളുടെ കൈയിലെ ആയുധമാകാൻ സച്ചിദാനന്ദൻ നിന്നു കൊടുത്തത്.

13.ജെബി ജംഗ്ഷനിൽ വന്നു പോയവരുടെ പട്ടികയെടുത്താൽ അതിന്റെ മാനവികതയും ജനപ്രിയതയും മനസിലാകും.ഭിന്നശേഷിക്കാർ മുതൽ ആതുര സേവകർ വരേയും ഭിന്ന ലൈംഗികക്കാർ മുതൽ സൂപ്പർ താരങ്ങൾ വരേയും ഈർഷ്യയുടേയും നീരസത്തിന്റെയും ഒരു കണിക പോലുമില്ലാതെ ഈ ഷോയിൽ വന്നു പോയിട്ടുണ്ട്.ബ്രിട്ടാസ് തന്നെ പറഞ്ഞതു പോലെ അവിടെ ഉയരുന്ന ഓരോ ചോദ്യവും ആരുടെയെങ്കിലും മനസിൽ പൊട്ടിമുളക്കുന്നതായിരിക്കും.ഒരാൾക്ക് ഹിതകരമല്ലെന്ന് തോന്നുന്നത് മറ്റൊരാൾക്ക് പഥ്യമാകുമെന്ന് തിരിച്ചറിയുന്നതാണ് യഥാർത്ഥ ബഹുസ്വരതയും സഹിഷ്ണുതയും.നിയന്ത്രണമോ ഉത്തരവാദിത്വമോ നിർവഹിക്കേണ്ടതില്ലാത്തതിനാൽ നവമാദ്ധ്യങ്ങളുടെ പ്രതലങ്ങളിൽ അജ്ഞാതരായിപ്പോലും എന്തും കോറിയിടുന്നവർ ഒരൊറ്റ നിമിഷം സ്വന്തം നെഞ്ചിൽ കൈവച്ച് ചിന്തിച്ചാൽ ഉത്തരം കിട്ടുന്ന സമസ്യ മാത്രമേ ഇവിടുള്ളു.