മുംബൈ: അയ്യക്കും ഔറങ്കസേബിനും ശേഷം പൃഥ്വിരാജ് അഭിനയിക്കുന്ന ബോളിവുഡ് ചിത്രം നാം ഷബാനയുടെ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി. പൃഥ്വിയുടെ ആരാധകർ ഏറെ കാത്തിരിക്കുന്ന ബോളിവുഡ് ചിത്രത്തിൽ അദ്ദേഹത്തിന് വില്ലൻ വേഷമാണ്. തപ്‌സി പന്നുവാണ് ഷബാന എന്ന ടൈറ്റിൽ കഥാപാത്രമായെത്തുന്നത്. സൂപ്പർ താരം അക്ഷയ് കുമാർ അതിഥി വേഷത്തിലെത്തും.

ഇന്ന് റിലീസ് ചെയ്ത ട്രെയ്‌ലർ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. റിലീസ് ചെയ്തു മണിക്കൂറുകൾക്കം അറുപതിനായിരത്തിനു മുകളിൽ പേർ വീഡിയോ കണ്ടുകഴിഞ്ഞു.

2015ൽ പുറത്തിറങ്ങിയ ബേബി എന്ന ചിത്രത്തിലെ തപ്‌സിയുടെ കഥാപാത്രത്തിന്റെ പൂർവകാലമാണ് നാം ഷബാന പറയുന്നത്. ആക്ഷൻ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രത്തിൽ അനുപം ഖേർ, മനോജ് ബാജ്‌പേയി, ഡാനി ഡെൻസോങ്പാ, എല്ലി അവ്‌രാം, മധുരിമ തുളി എന്നിവരും അഭിനയിക്കുന്നു. ഫ്രാൻസിൽ നിന്നുള്ള സിറിൾ റാഫേലി, അബ്ബാസ് അലി ഖാൻ എന്നിവരാണ് ചിത്രത്തിലെ സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത്.

ശിവം നയാർ സംവിധാനം ചെയ്യുന്ന നാം ഷബാന നിർമ്മിക്കുന്നത് സംവിധായകനായ നീരജ് പാണ്ഡേയാണ്. ചിത്രം മാർച്ച് 31ന് തിയേറ്ററുകളിലെത്തും.