ബ്ബർബോർഡിന്റെ കേന്ദ്രഗുണനിലവാരപരിശോധനാശാലയ്ക്ക് എൻ.എ.ബി.എൽ. അംഗീകാരം (അക്രഡിറ്റേഷൻ) ലഭിച്ചു. കെമിക്കൽ, മെക്കാനിക്കൽ പരിശോധനകൾക്കാണ് അംഗീകാരം.
നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ടെസ്റ്റിങ് ആൻഡ് കാലിബ്രേഷൻ ലബോറട്ടറീസ് (എൻ.എ.ബി.എൽ.) ആണ് ഈ അക്രഡിറ്റേഷൻ നൽകുന്നത്. പരിശോധനാശാലകളുടെ ഗുണനിലവാര നിയന്ത്രണത്തിനുവേണ്ടി കേന്ദ്രശാസ്ത്രസാങ്കേതികവകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് എൻ.എ.ബി.എൽ. ഐ.എസ്.ഒ./ഐ.ഇ.സി. 17025:2005 നിബന്ധനകൾക്കനുസൃതമായി പ്രവർത്തിക്കുന്ന പരിശോധനാശാലകൾക്കാണ് എൻ.എ.ബി.എൽ.-ന്റെ അക്രഡിറ്റേഷൻ ലഭിക്കുന്നത്. അക്രഡിറ്റേഷൻ സർട്ടിഫിക്കറ്റ് റബ്ബർബോർഡ് ചെയർമാൻ ഡോ. എ. ജയതിലക് പി.&പി.ഡി. ഡയറക്ടർ എൻ. രാജഗോപാലിന് കൈമാറി.

റബ്ബർബോർഡിന്റെ കേന്ദ്രഗുണനിലവാരപരിശോധനാശാല 1980-ലാണ് സ്ഥാപിതമായത്. അസംസ്‌കൃതറബ്ബർ, രാസവസ്തുക്കൾ, വളങ്ങൾ, ജലം എന്നിവയുടെ ഗുണനിലവാരം അറിയുന്നതിനുള്ള പരിശോധനകൾ ഇവിടെ നടത്തിവരുന്നു. കർഷകർ, സംസ്‌കർത്താക്കൾ, വ്യവസായികൾ, പൊതുജനങ്ങൾ തുടങ്ങിയവർക്കെല്ലാം പ്രയോജനപ്പെടുന്ന ഇത്തരം പരിശോധനകൾക്ക് ചെറിയ തുക മാത്രമാണ് ഫീസിനത്തിൽ ഈടാക്കിവരുന്നത്. ബോർഡിന്റെ പ്രോസസ്സിങ് ആൻഡ് പ്രോഡക്ട് ഡെവലപ്‌മെന്റ് (പി.&പി.ഡി.) വകുപ്പിന്റെ കീഴിലാണ് പരിശോധനാശാല പ്രവർത്തിക്കുന്നത്.

രാജ്യത്ത് സംസ്‌കരിക്കപ്പെടുന്ന റബ്ബറിന്റെയും ഇറക്കുമതി ചെയ്യപ്പെടുന്ന പ്രകൃതിദത്തറബ്ബറിന്റെയും ഗുണമേന്മ ഉറപ്പാക്കുന്നതിൽ റബ്ബർബോർഡിന്റെ പരിശോധനാശാലയ്ക്ക് വലിയ പങ്കുണ്ട്. കൂടാതെ ഇന്ത്യൻ റബ്ബറിന്റെ ഗുണമേന്മ തിട്ടപ്പെടുത്തി ഐ.എസ്.ഐ. മാർക്കിങ് നടത്തുന്നതിന് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡുമായി യോജിച്ചു പ്രവർത്തിക്കുകയും ചെയ്യുന്നു.

റബ്ബർബോർഡിന്റെ പരിശോധനാശാലകൾക്കു ലഭിച്ചിട്ടുള്ള എൻ.എ.ബി.എൽ. അക്രഡിറ്റേഷനുകളിൽ രണ്ടാമത്തേതാണ് ഇപ്പോൾ കേന്ദ്രഗുണനിലവാരപരിശോധനാശാലയ്ക്കു ലഭിച്ചിട്ടുള്ളത്. പി.&പി.ഡി. ഡിപ്പാർട്ടുമെന്റിന്റെ തന്നെ കീഴിലുള്ള കേന്ദ്രതടിപരിശോധനാശാലയ്ക്ക് 2009-ൽ അക്രഡിറ്റേഷൻ ലഭിച്ചിരുന്നു.