- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിബിസിയിൽ 'സോങ് ഓഫ് ദ വീക്കായി മലയാള ഗാനം; ലോക ശ്രദ്ധനേടി നദി; വീണ്ടും താരമായി ആര്യ ദയാൽ
കൊച്ചി: ലോകശ്രദ്ധ നേടി ഒരു മലയാള ആൽബം.ഗ്രീൻട്യൂൺസ് മ്യൂസിക്കൽസ് പുറത്തിറക്കിയ 'നദി'എന്ന ആൽബമാണ് ബിബിസിയുടെ സോങ്ങ് ഓഫ് ദ വീക്കായി ശ്രദ്ധ നേടുന്നത്. ബിബിസി സൗണ്ട്സിലെ 'അശാന്തി ഓംകാർ ഷോ'യിലാണ് ആര്യ ദയാൽ പാടിയ 'നദി' ഇടം നേടിയത്.
അനിൽ രവീന്ദ്രൻ രചിച്ച ഗാനത്തിന് ഈണം പകർന്നത് സംഗീത് വിജയനാണ്. മലയാളത്തിലെ ഏറ്റവും മികച്ച സംഗീതജ്ഞരും സാങ്കേതിക വിദഗ്ധരുമാണ് ഈ പാട്ടിനു പിന്നിൽ അണിനിരന്നത്. ഗാനത്തിന്റെ കീബോർഡ് പ്രോഗ്രാമിങ് നിർവഹിച്ചത് സാജൻ കമലാണ്. ഗിറ്റാർ, ഉകുലേലെ എന്നിവ കൈകാര്യം ചെയ്തത് ഗൗതം ശ്രീനിവാസനാണ്. ബേസ് ഗിറ്റാർ: ജോസി ജോൺ; സ്ട്രിങ്സ് അറേഞ്ച്മെന്റ്: ഋതു വൈശാഖ്; മിക്സിങ്ങും മാസ്റ്ററിങ്ങും എബിൻ പോൾ. ഗ്രീൻ ട്യൂൺസിനുവേണ്ടി പ്രോജക്ട് ഡിസൈൻ നിർവഹിച്ചത് സിനോവ് സത്യനാണ്.ഗാനരംഗത്തിൽ അഭിനയിച്ചിരിക്കുന്നത് യു ബി അഭിജിത്ത്, അനഘ അശോക്, ജി റീന എന്നിവരാണ്. ദൃശ്യങ്ങളൊരുക്കിയത് ശംഭു മനോജ്. ഛായാഗ്രഹണം: വേണു ശശിധരൻ ലേഖ. എഡിറ്റിങ്: ബോബി രാജൻ.
പ്രശസ്ത സംവിധായകരായ ജീത്തു ജോസഫ്, പിആർ അരുൺ, എഴുത്തുകാരനും സംവിധായകനുമായ പ്രശാന്ത് നാരായണൻ, സംഗീതസംവിധായകൻ മനു രമേശൻ, മാധ്യമപ്രവർത്തകൻ ജോർജ് പുളിക്കൻ, നിരൂപകയും കവയിത്രിയുമായ കല സാവിത്രി എന്നിവരാണ് ഗാനം സോഷ്യൽ മീഡിയയിൽ റിലീസ് ചെയ്തത്.
'ബിലീവർ' എന്ന പാശ്ചാത്യ ഗാനത്തിനൊപ്പം കർണാടക സംഗീതവും സമന്വയിപ്പിച്ച് ആര്യ ദയാൽ ഒരുക്കിയ വീഡിയോ അടുത്തിടെ സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.ആഗോളതലത്തിൽവരെ ഈ വീഡിയോ ശ്രദ്ധിക്കപ്പെട്ടു. ഇന്ത്യയുടെ ബിഗ് ബി അമിതാഭ് ബച്ചനും ആര്യയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർചെയ്തു. മുമ്പ് 'സഖാവ്' എന്ന കവിതയിലൂടെയും ആര്യ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ഇതിനു പിന്നാലെയാണിപ്പോൾ ആര്യ ദയാൽ പാടിയ ആദ്യ മലയാളം ആൽബം ഗാനമായ 'നദി'യും ശ്രദ്ധ നേടുന്നത്.
ന്യൂസ് ഡെസ്ക്