- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഒമ്പതാം വയസ്സിൽ ഇറാഖിൽ നിന്നും അഭയാർത്ഥിയായി ബ്രിട്ടനിൽ എത്തിയപ്പോൾ ഇംഗ്ലീഷ് വായിക്കാൻ പോലും അറിയില്ല; യോഗോ എന്ന പോളിങ് കമ്പനി തുടങ്ങി കോടീശ്വരനായി; ഒടുവിൽ ബ്രിട്ടനിലെ പുതിയ എഡ്യുക്കേഷൻ സെക്രട്ടറിയായും; നദിം സഹാവിയുടേ കഥ
ലണ്ടൻ: കുടിലിൽ നിന്നും കൊട്ടാരത്തിലേക്കെത്തിയ കഥയാണ് പുതിയ എഡ്യുക്കേഷൻ സെക്രട്ടറിയായി ചുമതലയേൽക്കുന്ന നദീം സഹാവിയുടേത്. ഒമ്പതു വയസ്സു മാത്രം പ്രായമുള്ളപ്പോൾ ഇംഗ്ലീഷ് സംസാരിക്കാൻ പോലും അറിയാതെ ഒരു അഭയാർത്ഥിയായി ബ്രിട്ടനിലെത്തിയ ഈ ഇറാഖ് വംശജൻ സുപ്രധാനമായ ചുമതലയാണ് ഏല്ക്കാൻ പോകുന്നത്. വാക്സിനേഷൻ ചുമതലയുള്ള മന്ത്രിയായിരുന്ന നദിമിനെ കാബിനറ്റ് റാങ്കോടെ വിദ്യാഭ്യാസ മന്ത്രിയാക്കിയിരിക്കുകയാണ് പുതിയ മന്ത്രിസഭ പുനഃസംഘടനയിലൂടെ.
സദ്ദാം ഹുസൈന്റെ കീഴിലുള്ള ഇറാഖിൽനിന്നും കുടുംബസമേതം രക്ഷപ്പെട്ടെത്തിയ ഈ 54 കാരൻ പുതിയ ചുമതലയുമായി ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഓഫീസ് വിട്ടിറങ്ങുമ്പോൾ അത് ഒരു ചരിത്രം കുറിക്കലായിരുന്നു. ബ്രിട്ടനിലുടനീളം വാക്സിൻ പദ്ധതി നടപ്പിലാക്കുന്നതിന്റെ ചുമതലയുണ്ടായിരുന്ന സഹാവി അത് വിജയകരമാക്കുന്നതിൽ സുപ്രധാന പങ്ക് വഹിച്ചിരുന്നു. അതുതന്നെയാണ് കോവിഡ് പ്രതിസന്ധിയിൽ കുത്തഴിഞ്ഞ വിദ്യാഭ്യാസ വകുപ്പിനെനേരെയാക്കാൻ അദ്ദേഹത്തെ ചുമതലയേൽപിക്കാനുള്ള കാരണവും.
രക്ഷകർത്താക്കൾക്ക് വിദ്യാഭ്യാസ സമ്പ്രദായത്തിൽ നഷ്ടപ്പെട്ട വിശ്വാസം വീണ്ടെടുക്കുക എന്ന ഭാരിച്ച ചുമതലയാണ് ഈ മുൻ വാക്സിൻ മന്ത്രിക്കുള്ളത്. നേരത്തെ വിദ്യാഭ്യാസ വകുപ്പിൽ മന്ത്രിയായീ പ്രവർത്തിച്ച പരിചയം ഇക്കാര്യത്തിൽ അദ്ദേഹത്തിന് തുണയാവുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്. രാജ്യം തന്നെ ഏൽപിച്ചിരിക്കുന്ന ചുമതലയുടെ ഗൗരവം മനസ്സിലാക്കുന്നു എന്നുപറഞ്ഞ സഹാവി രാജ്യത്തെ എല്ലാ കുട്ടികൾക്കും യുവാക്കൾക്കും വിദ്യാഭ്യാസം ലഭ്യമാക്കുക എന്നതിനായിരിക്കും തന്റെ പ്രഥമ പരിഗണന എന്നും പറഞ്ഞു.
കൂടുതൽ നല്ല ജോലി ലഭിക്കുവാൻ ഉയർന്ന വിദ്യാഭ്യാസ യോഗ്യത ആവശ്യമാണ്. അതുകൊണ്ടുതന്നെ വ്യക്തികൾകും രാജ്യത്തിന്റെ പൊതുവായ സമ്പദ്ഘടനയ്ക്കും വിദ്യാഭ്യാസം അതീവ പ്രാധാന്യമുള്ള ഒരു വിഷയം തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുൻപത്തേക്കാൾ ഇപ്പോൾ വിദ്യാഭ്യാസത്തിന് പ്രസക്തി ഏറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വിവിധ അദ്ധ്യാപക യൂണിയനുകളും അതുപോലെ സ്കൂൾ- കോളേജ് അധികൃതരും നദീം സഹാവിയുടെ നിയമനത്തിൽ സംതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്.
പടിഞ്ഞാറൻ ലണ്ടനിലെ കിങ്സ് കോളേജ് സ്കൂളിൽ പ്രൈവറ്റായി പഠനമാരംഭിച്ച അദ്ദേഹം യൂണിവേഴ്സിറ്റി കോളേജ് ലണ്ടനിൽ നിന്നും കെമിക്കൽ എഞ്ചിനീയറിംഗിൽ ബിരുദവും എടുത്തിട്ടുണ്ട്. യൂ ഗവ് എന്ന പോളിങ് കമ്പനിയുടെ സ്ഥാപകനായ ഈ മുൻ അഭയാർത്ഥി ഇന്ന് ബ്രിട്ടീഷ് പാർലമെന്റംഗങ്ങളിൽ ഏറ്റവും ധനികരിൽ ഒരാൾ കൂടിയാണ്. ഏകദേശം 100 മില്യൺ പൗണ്ടിന്റെ ആസ്തി ഇദ്ദേഹത്തിനുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.
മറുനാടന് ഡെസ്ക്