- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ക്രൈസ്തവരുടെ മതവിശ്വാസത്തെ മുറിപ്പെടുത്തുന്നു'; നാദിർഷാ - ജയസൂര്യ ചിത്രമായ 'ഈശോ; നോട്ട് ഫ്രം ദ് ബൈബിൾ' നെതിരെ കടുത്ത വിമർശനം; ടാഗ് ലൈൻ ആവശ്യമില്ലെന്ന് വൈദികരടങ്ങുന്ന സംഘം; ക്രിസ്ത്യൻ ഹിന്ദു വിശ്വാസങ്ങളെ അധിക്ഷേപിക്കാൻ കള്ളപ്പണം ഒഴുക്കുന്നുവെന്നും ആരോപണം
തിരുവനന്തപുരം: ജയസൂര്യയെ നായകനാക്കി സംവിധായകനും നടനുമായ നാദിർഷ സംവിധാനം ചെയ്യുന്ന 'ഈശോ; നോട്ട് ഫ്രം ദ് ബൈബിൾ' എന്ന ത്രില്ലർ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വന്നതിന് പിന്നാലെ സാമൂഹ്യ മാധ്യമങ്ങളിൽ ചൂടേറിയ ചർച്ച.
ഇപ്പോഴിതാ ചിത്രത്തിനെതിരെ വിമർശനശരങ്ങളുയർത്തി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ചിത്രം ക്രൈസ്തവരുടെ മതവിശ്വാസത്തെ മുറിപ്പെടുത്തുന്നു എന്ന വാദമാണ് വിശ്വാസികളുയർത്തുന്നത്. ഈ വാദം വളരെ വിചിത്രമാണെന്ന് ചൂണ്ടിക്കാട്ടി മറ്റൊരു വിഭാഗവും രംഗത്തുണ്ട്.
നാദിർഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രങ്ങളുടെ പേരുകളാണ് വിമർശന വിധേയമാകുന്നത്. ഈശോ, കേശു ഈ വീടിന്റെ നാഥൻ എന്നീ സിനിമകളുടെ പേരിനെ ചൊല്ലിയാണ് വിമർശനം.
ചിത്രത്തിന്റെ ഷൂട്ടിങും ഡബ്ബിംഗുമൊക്കെ പൂർത്തിയായിരുന്നു. ചിത്രം ഒരു ത്രില്ലർ ആണെന്നുള്ള സൂചനകളുമായി ചില നിഗൂഡതകൾ ഒളിപ്പിച്ചാണ് ഫസ്റ്റ് ലുക്ക് പുറത്തുവന്നത്. സുനീഷ് വാരനാടിന്റേതാണ് കഥയും തിരക്കഥയും സംഭാഷണവും. അരുൺ നാരായണൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ അരുൺ നാരായണനാണ് ചിത്രം നിർമ്മിക്കുന്നത്. നമിത പ്രമോദാണ് നായികയായെത്തുന്നത്. ഇത് ബൈബിളിൽ ഉള്ള ഈശോ അല്ല എന്ന ടാഗ് ലൈനിന് ഒപ്പമായിരുന്നു സിനിമയുടെ പോസ്റ്റർ പുറത്തുവന്നത്.
അതേസമയം നാദിർഷ ഇപ്പോൾ ദിലീപ് നായകനാകുന്ന കേശു ഈ വീടിന്റെ നാഥൻ എന്ന സിനിമയുടെ ഷൂട്ടിനായി പൊള്ളാച്ചിയിലാണുള്ളത്. ലൊക്കേഷനിൽ നിന്നും ദിലീപിന്റെ വേറിട്ട ഗെറ്റപ്പിലുള്ള ചിത്രങ്ങളുമായി നാദിർഷ ഫേസ്‌ബുക്കിലെത്തിയിരുന്നു. കഴിഞ്ഞ ദിവസം ഇത്തരത്തിൽ പങ്കുവെച്ച ഒരു ചിത്രത്തിന് താഴെയാണ് നാദിർഷയ്‌ക്കെതിരെ വിമർശനങ്ങളുമായി ഒരു കൂട്ടരെത്തിയിട്ടുള്ളത്.
വാദമുന്നയിക്കുന്നവർ കുറിക്കുന്നത് ഇങ്ങനെയാണ്. ഈശോ, കേശു ഈ വീടിന്റെ നാഥൻ എന്നീ സിനിമകളുടെ പേരിനെ ചൊല്ലിയാണ് വിമർശനം. നാദിർഷയുടേതായി അണിയറയിൽ റിലീസിനൊരുങ്ങുന്ന രണ്ട് ചിത്രങ്ങളുടെയും പേരിൽ ക്രൈസ്തവ വിരോധം പ്രകടമാണെന്നും അത് ക്രിസ്തീയ മതവിശ്വാസികളുടെ വിശ്വാസത്തെ വ്രണപ്പെടുത്തുന്നതാണ് എന്നുമാണ്.
ഈശോ Not from the Bible എന്ന ടാഗ് ലൈൻ ആവശ്യമില്ലായിരുന്നുവെന്നാണ് വൈദികന്മാരടങ്ങുന്ന വിമർശകരുടെ സംഘം ചൂണ്ടിക്കാട്ടുന്നത്. സിനിമക്ക് ക്രിസ്ത്യൻ പേരുകൾ നൽകുന്നത് ലേറ്റസ്റ്റ് പബ്ലിസിറ്റി സ്റ്റണ്ട് ആണെന്നും അതിന്റെ പിന്നിൽ ചെറിയ ചില്ലറ ഉദ്ദേശങ്ങൾ ഉണ്ടെന്നും വിമർശകർ പറയുന്നു. നിരവധി പേരാണ് വിമർശനങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്.
അടുത്ത പടത്തിനു മുഹമ്മദ് not from the Quran എന്ന ടാഗ്ലൈനിൽ ഒരു പടം ഇറക്കാൻ പറ്റുമോ എന്നും ഈശോ എന്ന സിനിമ ബൈബിളിലെ യേശുവല്ലാത്തതു പോലെ മുഹമ്മദ് എന്തായാലും ഖുറാനിലെ മുഹമ്മദും ആകില്ലല്ലോ എന്നും ഫാദർ സെബാസ്റ്റ്യൻ എന്ന വൈദികൻ കമന്റുകളിലൂടെ ചോദിക്കുന്നുണ്ട്.
നാദിർഷാ.ഒരു പുനർവിചിന്തനം നടത്തും എന്ന് പ്രതീക്ഷിക്കുന്നുവെന്നും വളരെ വേദനജനകം ആണെന്നും ദയവായി ഈ സിനിമകളുടെ പേരുകൾ മാറ്റണമെന്നും വിമർശകർ ആവശ്യങ്ങളുയർത്തുകയും ചെയ്യുന്നുണ്ട്. കൊച്ചിൻ കലാഭവന്റെ ആബേൽ അച്ഛനെ ഓർത്ത് എങ്കിലും ക്രൈസ്തവ വിശ്വാസതെ വൃണപെടുത്താതെയെന്നും മറ്റുള്ളവരെ അവഹേളിച്ച് പബ്ലിസിറ്റിയും വിജയവും നേടുമ്പോൾ എന്ത് ംതൃപ്തി ആണ് ലഭിക്കുന്നതെന്നും ചിലർ ചോദിക്കുന്നുണ്ട്.
കേരളത്തിലെ സിനിമാ മേഖലയിൽ കൂടി ക്രിസ്ത്യൻ ഹിന്ദു വിശ്വാസങ്ങളെ അധിക്ഷേപിക്കാൻ വിദേശ രാജ്യങ്ങളിൽ നിന്ന് ഒഴുക്കുന്ന കള്ളപ്പണത്തെക്കുറിച്ച് ദേശീയ അന്വേഷണ ഏജൻസി അന്വേഷിക്കണമെന്ന ആവശ്യവും ചിലർ ഉന്നയിക്കുന്നുണ്ട്. അതേസമയം ഈ വിമർശനങ്ങളെല്ലാം അനാവശ്യമാണെന്ന് പറഞ്ഞുകൊണ്ട് നാദിർഷായ്ക്ക് പിന്തുണയുമായി മറ്റൊരു വിഭാഗവും രംഗത്തുണ്ട്.