ദുബായ്: ദിലിപ്-കാവ്യ വിവാഹം മാദ്ധ്യമങ്ങളെ സംബന്ധിച്ചിടത്തോളം വലിയൊരു ആഘോഷമായിരുന്നു. എല്ലാ മാദ്ധ്യമങ്ങളും ഈ വിവാഹത്തെ ശരിക്കും ആഘോഷമാക്കി. ഇക്കൂട്ടത്തിൽ നാദിർഷയെ കുറിച്ചും മനോരമ ആഴ്‌ച്ചപ്പതിപ്പ് എഴുതി. മഞ്ജു വാര്യയുമായുള്ള വിവാഹത്തിന് ദിലീപിന്റെ സുഹൃത്തായ നാദിർഷ എതിരായിരുന്നുവെന്നും എന്നാൽ, കാവ്യയുമായുള്ള വിവാഹത്തിന് ചുക്കാൻ പിടിച്ചത് നാദിർഷാ ആണെന്നുമാണ് മനോരമ ആഴ്‌ച്ചപ്പതിപ്പിൽ വന്നത്. ആഴ്‌ച്ചപ്പതിപ്പിന്റെ ഈ പരാമർശത്തോടെ ക്ഷോഭത്തോടെയാണ് നാദിർഷാ പ്രതികരിച്ചത്.

ദിലീപിന്റെ രഹസ്യസൂക്ഷിപ്പുകാരനല്ല ഞാനെന്ന് കട്ടപ്പനയിലെ ഋത്തിക് റോഷന്റെ സംവിധായകൻ കൂടിയായ നാദിർഷ പറഞ്ഞു. ദുബായിൽ ഏഷ്യാനെറ്റ് ന്യൂസിനോടാണ് തന്റെ നിലപാട് നാദിർഷാ വ്യക്തമാക്കിയത്. ദിലീപ് കാവ്യ വിവാഹത്തിന് ചുക്കാൻ പിടിച്ചത് താനാണെന്ന വാർത്തകളോട് രൂക്ഷമായാണ് നാദിർഷ പ്രതികരിച്ചത്.

ആദ്യ വിവാഹം ബഹിഷ്‌കരിച്ച നാദിർഷ ഇതിനു ചുക്കാൻ പിടിച്ചത് എന്തുകൊണ്ട് എന്ന തലക്കെട്ടിലായിരുന്നു ആഴ്‌ച്ചപ്പതിപ്പിൽ ഫീച്ചർ പ്രസിദ്ധീകരിച്ചത്. ദിലീപിന്റെ രഹസ്യം സൂക്ഷിക്കുന്നത് തന്റെ ജോലിയല്ല. എല്ലാവരെപോലും തലേദിവസമാണ് വിവാഹക്കാര്യം അറിഞ്ഞത്. എടാ നാളെ രാവിലെ 9.30നും 10നുമിടയ്ക്ക് ഇങ്ങനെയൊരു സംഭവമുണ്ടെന്നു ദിലീപാണ് വിളിച്ചുപറയുന്നത്. വേദനാജനകമായ കാര്യമെന്തെന്നുപറഞ്ഞാൽ ഇവർ (ആഴ്‌ച്ചപ്പതിപ്പ്) എന്നോടു ഫോണിലോ നേരിട്ടോ എടുക്കാതെ സ്വയംസൃഷ്ടിയായി ഉണ്ടാക്കി. മാഗസിൻ വിറ്റുപോകാൻ ഇങ്ങനെ ചീപ്പായി ചെയ്യരുതായിരുന്നു. മാസിക വിറ്റുപോകാൻ സൗഹൃദം മുറിപ്പെടുത്തുന്നത് തീരെ ശരിയായില്ല നാദിർഷ രോഷത്തോടെ പറയുന്നു.

അനാവശ്യ വാർത്ത നല്കിയ ആഴ്‌ച്ചപ്പതിപ്പിനെതിരേ കേസ് കൊടുക്കുമെന്ന് നാദിർഷ പറയുന്നു. ദിലീപും നാദിർഷയും ചെറുപ്പം തൊട്ടുള്ള സുഹൃത്തുക്കളായിരുന്നു. മിമിക്രി രംഗത്തുകൂടിയാണ് ഇരുവരും സിനിമയിലേക്കെത്തുന്നത്. അമർ അക്‌ബർ ആന്റണി എന്ന ചിത്രത്തിലൂടെയാണ് നാദിർഷ സംവിധായകരംഗത്തേക്കെത്തുന്നത്. അദ്ദേഹത്തിന്റെ രണ്ടാംചിത്രമായ കട്ടപ്പനയിലെ ഹൃത്വിക് റോഷൻ നിർമ്മിച്ചിരിക്കുന്നത് ദിലീപാണ്.