മഹാനടിയുടെ പ്രമോ പുറത്തിറക്കിയപ്പോൾ ദുൽഖർ എവിടെയെന്ന് ചോദിച്ച് ആരാധകർ ബഹളമായിരുന്നെന്നും അവർ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും വെളിപ്പെടുത്തി സംവിധായകൻ നാഗ് അശ്വിൻ. അവർ ഏറെ കാത്തിരുന്ന ചിത്രമാണ്. ഫസ്റ്റ് ലുക്ക് പോസ്റ്ററിലും പ്രമോയിലും ദുൽഖറെ കാണാതിരുന്നതോടെ അവരുടെ ക്ഷമ നശിച്ചു. ഒരു ഘട്ടത്തിൽ പി ആർ ടീമിലുള്ളവരെ ആരാധകർ ദുർഖർ എവിടെയെന്ന് ചോദിച്ച് ഭീഷണിപ്പെടുത്തി. രാജീവ് മസന്ദിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇത് ദുൽഖറിനോട് പറഞ്ഞപ്പോൾ നിങ്ങളിതൊന്നും കാര്യമാക്കേണ്ട. സമർദ്ദത്തിൽപ്പെടാതെ സിനിമയ്ക്ക് ആവശ്യമായത് മാത്രം ചെയ്യൂ എന്നാണ് പറഞ്ഞത്- തിരക്കഥാകൃത്തുക്കളായ സ്വപ്നയും ഐശ്വര്യയും പറഞ്ഞു.

മഹാനടിയിൽ ജെമിനി ഗണേശനെ ദുൽഖർ അവതരിപ്പിക്കാനെത്തിയത് വലിയ ഭാഗ്യമായി. നായികാപ്രാധാന്യമുള്ള ചിത്രമായിരുന്നു മഹാനടി. ദുൽഖർ അഭിനയിക്കാൻ സമ്മതിക്കുമോയെന്ന് സംശയിച്ചു. എന്നാൽ കഥ കേട്ടപ്പോൾ തന്നെ അദ്ദേഹത്തിന് ഇഷ്ടമായി. നാഗ് അശ്വിൻ പറഞ്ഞു.

തെലുഗു സിനിമാതാരം സാവിത്രിയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് മഹാനടി ഒരുക്കിയത്. പ്രേക്ഷകർക്കിടയിൽ മികച്ച പ്രതികരണമായിരുന്നു് ചിത്രത്തിന് . സാമന്ത, വിജയ് ദേവേരക്കൊണ്ട എന്നിവരായിരുന്നു ചിത്രത്തിലെ മറ്റുതാരങ്ങൾ.