ഗോവ: ഇരുവരും രണ്ട് മത വിശ്വാസികളായതിനാൽ രണ്ട് മതാചാര പ്രകാരവും വിവാഹം നടന്നു. ആദ്യം ഹൈന്ദവ ആചാര പ്രകാരം അമ്പലത്തിൽ ആരംഭിച്ച ചടങ്ങ് പള്ളിയിൽ നടത്തിയ മോതിരമാറ്റ ചടങ്ങോട് കൂടി സമാപിച്ചു. അങ്ങനെ തെന്നിന്ത്യൻ സൂപ്പർ താരങ്ങളായ സാമന്തയ്ക്കും നാഗചൈതന്യയ്ക്കും പ്രണയസാഫല്യമായി. സമൂഹമാധ്യമങ്ങളിലൂടെയും ഇരുവരുടെയും ആരാധകർ വിവാഹം ആഘോഷിച്ചു.

വെള്ളിയാഴ്ച വൈകിട്ട് ആറിനു ഹൈന്ദവാചാരപ്രകാരം ആരംഭിച്ച വിവാഹ ചടങ്ങുകൾക്ക് ശനിയാഴ്ച പള്ളിയിൽ നടന്ന മോതിരംമാറൽ ചടങ്ങോടെ സമാപനമായി. വെള്ളിയാഴ്ച മെഹന്ദി ചടങ്ങുകൾക്കൊടുവിൽ അർധരാത്രിയോടെ സാമന്തയുടെ കഴുത്തിൽ നാഗചൈതന്യ താലി ചാർത്തി. നാഗചൈതന്യയുടെ മുത്തശ്ശിയുടെ വിവാഹസാരിയാണു സാമന്ത അണിഞ്ഞിരുന്നത്. മുണ്ടും കുർത്തയുമായിരുന്നു നാഗചൈതന്യയുടെ വേഷം.

രണ്ടുദിവസമായി ഗോവയിൽ നടന്ന വിവാഹ മാമാങ്കത്തിനു 10 കോടി രൂപ ചെലവായെന്നാണു കണക്ക്. ഹൈദരാബാദിൽ സ്വീകരണവും ഒരുക്കിയിട്ടുണ്ട്. ഷൂട്ടിങ് തിരക്കുകൾമൂലം ബഹാമാസ് ദ്വീപിലേക്കുള്ള ഹണിമൂൺ യാത്ര ഡിസംബറിലേക്കു മാറ്റിവച്ചിരിക്കുകയാണ്. നാഗചൈതന്യയുടെയും സാമന്തയുടെയും പേരുകൾ ചേർത്ത് chaisam എന്ന ഹാഷ് ടാഗിലാണു സമൂഹമാധ്യമങ്ങൾ താരവിവാഹം ആഘോഷിച്ചത്.

നാഗചൈതന്യയുടെ പിതാവും തെന്നിന്ത്യൻ സൂപ്പർതാരവുമായ നാഗാർജുന ട്വിറ്ററിൽ ഇങ്ങനെ കുറിച്ചു: ഒടുവിൽ 'ചായ്‌സം' സന്തോഷം ഔദ്യോഗികമായി.