- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
2015 ൽ മിന്നലാക്രമണം നടത്തിയ ദേശീയ ഹീറോകൾ; ഇന്ന് നാഗാലാൻഡ് വെടിവയ്പ്പിൽ പ്രതികളായി വില്ലൻ പരിവേഷവും; ഗ്രാമീണരെ കൊല്ലാൻ ലക്ഷ്യമിട്ടായിരുന്നു വെടിവയ്പ്പെന്ന് ആരോപണവും പൊലീസ് എഫ്‌ഐആറിൽ; തോക്കിൻകുഴൽ പോലൊരു വസ്തു കണ്ടത് വെടിവയ്ക്കാൻ പ്രേരകമായെന്ന് സൈന്യം
ന്യൂഡൽഹി: 2015 ൽ മിന്നലാക്രമണം നടത്തി രാജ്യത്തിന്റെ ഹീറോകളായി മാറിയ സംഘമാണ് ഇപ്പോൾ നാഗാലാൻഡിലെ വെടിവെപ്പിലൂടെ വില്ലന്മാരായി മാറിയിരിക്കുന്നത്. പാരാ സ്‌പെഷൽ ഫോഴ്‌സസ് (പാരാ എസ്എഫ്) കമാൻഡോ സംഘമാണ് ഇപ്പോൾ നാഗാ ഗ്രാമീണരെ വെടിവെച്ച് കൊന്നതിന്റെ പേരിൽ വിവാദത്തിൽ പെട്ടിരിക്ുന്നത്.
കമാൻഡോ സംഘത്തിന്റെ 21ാം യൂണിറ്റിനു വനങ്ങളിലും മലനിരകളിലുമുള്ള സേനാ നടപടികളിൽ വൈദഗ്ധ്യമുണ്ട്. 2015 ൽ അതിർത്തി കടന്ന് മ്യാന്മറിലെ വിഘടനവാദികളുടെ താവളങ്ങളിൽ മിന്നലാക്രമണം നടത്തിയത് ഈ സംഘമാണ്. 40 മിനിറ്റോളം നീണ്ട മിന്നലാക്രമണം മേഖലയിൽ സ്‌പെഷൽ ഫോഴ്‌സസ് കമാൻഡോകൾ നടത്തിയ ഏറ്റവും ശക്തമായ സേനാ നടപടികളിലൊന്നാണ്.
അസമിലെ ജോർഹട്ട് ആസ്ഥാനമായുള്ള യൂണിറ്റിന്റെ 2 ഘടകങ്ങൾ നാഗാലാൻഡിലെ സഖാമയിലും മണിപ്പുരിലെ മന്ത്രിപുഖ്റിയിലുമുണ്ട്. ഇവിടെയുള്ള അസം റൈഫിൾസിനൊപ്പമാണ് ഇവർ പ്രവർത്തിക്കുന്നത്. സഖാമയിലെ സംഘമാണ് ഗ്രാമീണർക്കു നേരെ വെടിവച്ചതെന്നാണു വിവരം.
അതേസമയം വിഘടനവാദികളെന്നു കരുതി നാട്ടുകാരെ വെടിവച്ചുകൊന്ന സംഭവത്തിൽ കരസേനയുടെ '21 പാരാസ്‌പെഷൽ ഫോഴ്‌സസ്' കമാൻഡോ യൂണിറ്റിനെതിരെ സംസ്ഥാന പൊലീസ് കൊലക്കുറ്റം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തു. ഗ്രാമീണരെ കൊല്ലാൻ ലക്ഷ്യമിട്ടായിരുന്നു വെടിവയ്പ് എന്ന ആരോപണവും തിസിത് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത എഫ്‌ഐആറിലുണ്ട്.
'പ്രകോപനമില്ലാതെയായിരുന്നു സേനയുടെ വെടിവയ്പ്. വിഘടനവാദികളെ നേരിടാൻ പോയ സൈനികർക്കൊപ്പം പൊലീസ് ഗൈഡ് ഉണ്ടായിരുന്നില്ല. ഗൈഡിന്റെ സേവനം പൊലീസ് സ്റ്റേഷനിൽ ആവശ്യപ്പെട്ടുമില്ല' എഫ്‌ഐആറിൽ പറയുന്നു. 'ഗ്രാമീണർ ഖനിയിലെ ജോലിക്കുശേഷം ശനിയാഴ്ച ഉച്ചകഴിഞ്ഞു മൂന്നരയ്ക്ക് പിക്കപ് വാനിൽ വീടുകളിലേക്കു മടങ്ങവേ അപ്പർ ടിരു, ഓടിങ് ഗ്രാമങ്ങൾക്കിടയിലുള്ള ലോങ്ഖാവ് എന്ന സ്ഥലത്താണ് തോക്കിനിരയായത്.
എൻഎസ്സിഎൻ (കെ) എന്ന നിരോധിത വിഘടനവാദി സംഘടനയിലെ അംഗങ്ങളാണെന്നു കരുതിയായിരുന്നു വെടിവയ്പ്. വെടിയൊച്ച കേട്ട് സമീപ ഗ്രാമവാസികൾ സ്ഥലത്തെത്തിയപ്പോൾ, ഗ്രാമീണരുടെ മൃതദേഹങ്ങൾ ട്രാക്കിലേക്കു കയറ്റി മറയ്ക്കാൻ സേന ശ്രമിച്ചു.' പൊലീസ് ആരോപിച്ചു. ശനിയാഴ്ച നടന്ന വെടിവയ്പിലും തുടർന്നു ഞായറാഴ്ച വരെ നീണ്ട സംഘർഷത്തിലുമായി 14 ഗ്രാമീണരും ഒരു സൈനികനുമാണു കൊല്ലപ്പെട്ടത്. 17 ഗ്രാമീണർ കൊല്ലപ്പെട്ടെന്നാണു ഗോത്രസംഘടനകൾ ആദ്യം അറിയിച്ചിരുന്നതെങ്കിലും 14 പേരേ മരിച്ചുള്ളൂവെന്ന് അവരും ഇന്നലെ വ്യക്തമാക്കി.
ശനിയാഴ്ച സേന ആദ്യം നടത്തിയ വെടിവയ്പിൽ 6 ഗ്രാമീണരാണു കൊല്ലപ്പെട്ടത്. പിന്നാലെ ജനക്കൂട്ടവുമായുണ്ടായ സംഘർഷത്തിൽ സൈനികൻ കൊല്ലപ്പെട്ടു. അക്രമാസക്ത ജനക്കൂട്ടത്തിനു നേരെ തുടർന്നു സേന നടത്തിയ വെടിവയ്പിൽ 7 ഗ്രാമീണരും ഞായറാഴ്ച അസം റൈഫിൾസ് ക്യാംപിനു നേരെയുണ്ടായ ആക്രമണത്തെത്തുടർന്നുള്ള സംഘർഷത്തിൽ ഒരാളും കൊല്ലപ്പെട്ടു. പരുക്കേറ്റ 28 ഗ്രാമീണരിൽ 6 പേരുടെ നില ഗുരുതരമാണ്. കൊലപാതകത്തിനു പുറമേ കൊലപാതക ശ്രമം, ആസൂത്രിത ക്രിമിനൽ പ്രവൃത്തി എന്നീ വകുപ്പുകളും പൊലീസ് ചുമത്തിയിട്ടുണ്ട്.
നാഗാലാൻഡ് സന്ദർശിച്ചു റിപ്പോർട്ട് നൽകാൻ കോൺഗ്രസ് നാലംഗ സമിതിയെ നിയോഗിച്ചു. ആന്റോ ആന്റണി, ഗൗരവ് ഗൊഗോയ്, ജിതേന്ദ്ര സിങ്, അജോയ് കുമാർ എന്നിവരാണ് അംഗങ്ങൾ. വാഹനത്തിലുണ്ടായിരുന്നവരുടെ പക്കൽ തോക്കിൻകുഴൽ പോലൊരു വസ്തു കണ്ടത് വെടിവയ്ക്കാൻ പ്രേരകമായി. മേജർ ജനറൽ റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
മറുനാടന് ഡെസ്ക്