കൊച്ചി: ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും ചിലവേറിയ സിനിമയുമായി എത്തുകയാണ് സംവിധായകൻ ശ്രീകുമാര മേനോൻ. മോഹൻലാൽ നായകനായ രണ്ടാമൂഴമാണ് അണിയറയിൽ ഒരുങ്ങുന്നത്. ബി ആർ ഷെട്ടി നിർമ്മിക്കുന്ന ചിത്രത്തിൽ ലാൽ ഭീമനായി അഭിനയിക്കുമ്പോൾ തന്നെ കർണന്റെ വേഷത്തിൽ എത്തുന്നത് തെന്നിന്ത്യയിലെ ഒരു ഇതിഹാസ താരമാണ്. തെന്നിന്ത്യൻ സൂപ്പർതാരം നാഗാർജ്ജുനയാണ് ഭീമന്റെ വേഷത്തിൽ അഭിനയിക്കുന്നത് എന്നാണ് പുറത്തുവരുന്ന വാർത്തകൾ.

എംടി വാസുദേവൻ നായരുടെ വിഖ്യാതമായ രണ്ടാമൂഴം എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ആയിരം കോടി മുടക്കിലുള്ള സിനിമ വരുന്നത്. മോഹൻലാലും നാഗാർജുനയും ഒരുമിക്കുന്ന ആദ്യ സിനിമയായിരിക്കും ഇത്. നേരത്തെ മോഹൻലാൽ ചിത്രമായ നരസിംഹത്തിന്റെ തെലുങ്ക് റീമേക്കായിരുന്ന അധിപതിയിൽ നായകനായി അഭിനയിച്ചത് നാഗാർജുനയായിരുന്നു. 2001ലാണ് ഈ ചിത്രം പ്രദർശനത്തിനെത്തിയത്.

2018 സെപ്റ്റംബറിൽ ചിത്രീകരണം ആരംഭിക്കുമെന്നു അണിയറ പ്രവർത്തകർ വ്യക്തമാക്കിയിട്ടുള്ള രണ്ടാമൂഴം അഥവാ മഹാഭാരതം 2020ഓടെ തിയറ്ററുകളിലെത്തിക്കാനാണ് പദ്ധതിയിടുന്നത് എന്നറിയുന്നു. മലയാളത്തിന് പുറമെ ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ഈ ചിത്രം പ്രദർശനത്തിനെത്തും. കർണനായി അഭിനയിക്കാനുള്ള ക്ഷണം മറ്റൊന്നും ആലോചിക്കാതെ തന്നെ സ്വീകരിക്കുകയായിരുന്നുവെന്ന് നാഗാർജുന വ്യക്തമാക്കി.