- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാൽപ്പന്തുകളിയുടെ ലോകത്ത് പുതുചരിത്രമെഴുതാൻ നാഗ്ജി ഫുട്ബാൾ വീണ്ടും; കോഴിക്കോടിന്റെ മണ്ണിൽ കിക്കോഫ് ഫെബ്രുവരി അഞ്ചിന്; ആവേശം പകരാൻ റൊണാൾഡീഞ്ഞ്യോയും
കോഴിക്കോട്: കാൽപ്പന്തിൽ ജീവശ്വാസം നിറച്ച മലബാറുകാർക്ക് ഫുട്ബാൾ വസന്തമായി നാഗ്ജി ഫുട്ബാളിന് കോഴിക്കോട്ട് വീണ്ടും പന്തുരുളുന്നു. 21 വർഷങ്ങൾക്കു മുമ്പ് നിലച്ച സേട്ട് നാഗ്ജി ഫുട്ബാളിന്റെ പഴയകാല ഓർമകൾക്കു നിറംപകർന്നുള്ള നാഗ്ജി അന്തർദേശീയ ക്ലബ്ബ് ഫുട്ബാൾ ചാംപ്യൻഷിപ്പിന് അടുത്തമാസം അഞ്ചിനാണ് കിക്കോഫ്. ലോകത്തെ പ്രശസ്തമായ ഏഴു ക്ലബ്ബ
കോഴിക്കോട്: കാൽപ്പന്തിൽ ജീവശ്വാസം നിറച്ച മലബാറുകാർക്ക് ഫുട്ബാൾ വസന്തമായി നാഗ്ജി ഫുട്ബാളിന് കോഴിക്കോട്ട് വീണ്ടും പന്തുരുളുന്നു. 21 വർഷങ്ങൾക്കു മുമ്പ് നിലച്ച സേട്ട് നാഗ്ജി ഫുട്ബാളിന്റെ പഴയകാല ഓർമകൾക്കു നിറംപകർന്നുള്ള നാഗ്ജി അന്തർദേശീയ ക്ലബ്ബ് ഫുട്ബാൾ ചാംപ്യൻഷിപ്പിന് അടുത്തമാസം അഞ്ചിനാണ് കിക്കോഫ്.
ലോകത്തെ പ്രശസ്തമായ ഏഴു ക്ലബ്ബുകൾക്കു പുറമെ ഒരു ഇന്ത്യൻ ടീം അടക്കം എട്ടു ടീമുകൾ ഇരുഗ്രൂപ്പുകളിലായി മാറ്റുരയ്ക്കുന്ന ചാമ്പ്യൻഷിപ്പിന് കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയമാണ് വേദിയാവുക. മത്സരത്തിന്റെ ഉദ്ഘാടനത്തിനായി ബ്രസീലിയൻ ഫുട്ബാൾ ഇതിഹാസം റൊണാൾഡീഞ്ഞ്യോ കോഴിക്കോട്ടെത്തുമെന്ന് സംഘാടകർ അറിയിച്ചു. ചടുലമായ നീക്കങ്ങളിലൂടെ മൈതാനിയിൽ സാംബനൃത്തത്തിന് വഴിയൊരുക്കി കാനറികളുടെ മാത്രമല്ല, ലോകത്തെ ഫുട്‌ബോൾ ആരാധകരുടെ മനസ്സിൽ ഇടം നേടിയ റൊണാൾഡീഞ്ഞ്യോയുടെ വരവ് കോഴിക്കോടൻ ആരാധകർക്കും പുത്തൻ അഴകാവും. ചുരുണ്ട മുടിയും പൊന്തിയ പല്ലുമായി തന്റെ വിശ്വസൗന്ദര്യം ഫുട്‌ബോളിലൂടെ പുറത്തെടുത്ത മഹാമാന്ത്രികന്റെ വരവ് കേരളത്തിനു മാത്രമല്ല, ഇന്ത്യൻ ഫുട്ബാളിനും പുതിയ ശക്തിസൗന്ദര്യം പകരുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. റൊണാൾഡീഞ്ഞ്യോയുടെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്കുള്ള ആദ്യസന്ദർശനവുമാണിത്. ഫെബ്രുവരി 21-നാണ് കലാശക്കൊട്ട്.
സൗദി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മൊണ്ടിയാൽ സ്പോർട്സ് ലിമിറ്റഡിന്റെ സ്‌പോൺസർഷിപ്പോടെ കോഴിക്കോട് ജില്ലാ ഫുട്‌ബോൾ അസോസിയേഷന്റെ (കെ ഡി എഫ് എ) നേതൃത്വത്തിലാണ് നാഗ്ജി ഇന്റർനാഷണലിന് ചരിത്രമുറങ്ങുന്ന കോഴിക്കോടൻ മണ്ണ് വേദിയാവുന്നത്. അർജന്റീനയുടെ അണ്ടർ 23 ദേശീയ ടീം, റൊമാനിയൻ ക്ലബ്ബായ റാപ്പിഡ് ബുക്കാറസ്റ്റിന്റെ സീനിയർ ടീം, ഇംഗ്ലണ്ടിൽ നിന്നുള്ള വാട്ട്‌ഫോർഡ് എഫ് സി, സ്‌പെയ്‌നിൽ നിന്നുള്ള ലെവാന്തേ യു ഡി, ബ്രസീലിൽ നിന്നുള്ള ക്ലബ്ബ് അത്‌ലറ്റികോ പാരനെൻസ്, ജർമനിയിൽനിന്നുള്ള ടി എസ് വി 1860 മ്യൂണിച്ച്, ജർമനിയിൽനിന്നുള്ള ഹെർത ബി എസ് സി എന്നിവയുടെ അണ്ടർ 23 ടീമുകൾക്ക് പുറമെ ഇന്ത്യയിൽ നിന്നുള്ള ഒരു ഐ ലീഗ് ടീം എന്നിവയിലെ കിടയറ്റ താരങ്ങളാണ് ഒളിമ്പ്യൻ റഹ്മാന്റെ തട്ടകത്തിൽ പരസ്പരം കൊമ്പുകോർക്കുക.
ജർമൻ അണ്ടർ 19 ദേശീയ ടൂർണമെന്റിൽ ടി എസ് വിക്കായി കളിച്ച ഫാബിയാൻ ഹർസിലർ, അണ്ടർ 20 ജർമൻ ദേശീയ ടീമിൽ കളിക്കുന്ന മൈക്കിൾ കൊക്കോസിൻസ്‌കി, അണ്ടർ 17 ജർമൻ ദേശീയ ടീമിൽ കളിക്കുന്ന ജമ്മി മാർട്ടൻ, സ്‌കോട്ട്‌ലൻഡ് അണ്ടർ 17 ദേശീയ ടീമംഗം ജോർജ് ബയേർസ്, നോർത്തേൻ അയർലൻഡ് അണ്ടർ 19 ദേശീയ ടീം അംഗം ജോഷ് ദൊഹെർതി, അണ്ടർ 19 ബ്രസീൽ ദേശീയ ടീമിൽ കളിച്ച ലിയനാർഡോ പെരേര, ക്ലബ്ബ് അത്‌ലറ്റികോ പാരനെൻസിന്റെ സീനിയർ ടീം ഗോൾകീപ്പർ ലുക്കാസ് മക്കൻഹാൻ എന്നിവർ വിവിധ ടീമുകൾക്കായി കളത്തിലിറങ്ങും. 1996 ലോകകപ്പിൽ അർജന്റീനക്കായി കളിച്ച ജൂലിയോ ജോർജ്, അർജന്റീനൻ ടീമിന്റെ ടെക്‌നിക്കൽ അഡൈ്വസറുടെ റോളിൽ കോഴിക്കോട്ടെത്തും.
1952-ലാണ് നാഗ്ജി ഫുട്ബാളിന്റെ തുടക്കം. കോഴിക്കോട് കുടിയേറി പാർത്ത വ്യാപാരിയായിരുന്ന സേട്ട് നാഗ്ജിയുടെ സ്മരണക്കായി മാനാഞ്ചിറയിൽ യംഗ് ചാലഞ്ചേഴ്‌സ് ക്ലബ്ബാണ് ആദ്യമായി ടൂർണ്ണമെന്റ് സംഘടിപ്പിച്ചത്. 1957-ൽ കോഴിക്കോട് കോർപ്പറേഷനും കോഴിക്കോട് ജില്ലാ ഫുട്ബാൾ അസോസിയേഷനും മത്സരത്തിന്റെ നടത്തിപ്പ് ഏറ്റെടുത്തു. രാജ്യത്തെ ഒന്നാംകിട ടീമുകൾക്ക് പുറമേ വിദേശ ടീമുകളും നാഗ്ജിക്കായി കോഴിക്കോട്ടെത്തി. 1955-ലും 56-ലും പാക്കിസ്ഥാനിലെ കറാച്ചി കിക്കേഴ്‌സ് ആയിരുന്നു ജേതാക്കൾ. 1989-ൽ ധാക്കയിൽ നിന്നുള്ള അബഹാനി ക്രീഡാചക്ര ചാംപ്യന്മാരായി. എന്നാൽ നാഗ്ജി ട്രോഫിയിൽ ഏറ്റവും കൂടുതൽ തവണ മുത്തമിട്ടതുകൊൽക്കത്ത മുഹമ്മദൻസും പഞ്ചാബിൽ നിന്നുള്ള ജെ സി ടി മിൽസ് ഫഗ്‌വാരയുമാണ്. കേരളത്തിൽ നിന്ന് കുണ്ടറ അലിൻഡ് ടീം മാത്രമാണ് കിരീടം ചൂടിയത്. കണ്ണൂർ ലക്കിസ്റ്റാർ, കണ്ണൂർ ജിങ്കാന, കെ എസ് ആർ ടി സി, ടൈറ്റാനിയം, കേരള ഇലവൻ ടീമുകൾ റണ്ണറപ്പായിട്ടുണ്ട്.
നവീകരണത്തിനായി കോർപ്പറേഷൻ സ്റ്റേഡിയം പൊളിച്ചതോടെ 1995-ൽ മത്സരം നിർത്തിവെക്കുകയായിരുന്നു. അതാണിപ്പോൾ 2016-ൽ പുനരാരംഭിക്കുന്നത്. സൗദിയിലെ മലയാളികളായ ഫുട്ബാൾ പ്രേമികളുടെ അകമഴിഞ്ഞ പിന്തുണയോടെയാണ് ടൂർണ്ണമന്റിന്റെ പുനരാരംഭം. വാർത്താസമ്മേളനത്തിൽ കേരള ഫുട്ബാൾ അസോസിയേഷൻ വൈസ് പ്രസിഡന്റ് എ പ്രദീപ്കുമാർ എം എൽ എ, മൊണ്ടിയൽ സ്പോർട്സ് ചെയർമാൻ ഹിഫ്‌സുറഹ്മാൻ, കെ ഡി എഫ് എ സെക്രട്ടറി പി ഹരിദാസ്, വൈസ് പ്രസിഡന്റ് കുട്ടിശങ്കരൻ, മൊണ്ടിയൽ സി ഇ ഒ അംജദ് ഹുസൈൻ, വൈസ് ചെയർമാൻ അബ്ദുറഹ്മാൻ, കെ ഡി എഫ് എ ട്രഷറർ പി പ്രിയേഷ്‌കുമാർ, കേരള സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡന്റ് ടി പി ദാസൻ, റഫീഖ് കണ്ണൂർ, സന്ദീപ് മേത്ത, ബേബി, അനീസ് തുടങ്ങിയവർ പങ്കെടുത്തു.