- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാനറികളുടെ നെഞ്ചു തകർന്നു; നാഗ്ജി ഫുട്ബോൾ കിരീടം ഉക്രൈനിലേക്ക്; ബ്രസീലിന് കണ്ണീരോടെ മടക്കം; ഉക്രൈന് ഏകപക്ഷീയമായ മൂന്നു ഗോളുകൾക്ക് ജയം
കോഴിക്കോട്: ഉക്രൈൻ മിസൈലിൽ കാനറികളുടെ നെഞ്ചു പിളർന്നു. നാഗ്ജി ഇന്റർനാഷണൽ ക്ലബ്ബ് ഫുട്ബാൾ കിരീടം ഉക്രൈനിലേക്ക്. ഇന്നലെ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന കലാശപ്പോരാട്ടത്തിൽ ബ്രസീലിയൻ ടീമായ അത്‌ലറ്റികോ പെരാനസിനെ ഏകപക്ഷീയമായ മൂന്നു ഗോളുകൾക്കാണ് ഉക്രൈനിന്റെ എഫ് സി ഡിനിപ്രോ കെട്ടുകെട്ടിച്ചത്. ഗ്യാലറിയിലെ ആർത്തിരമ്പിയ നാൽപ്പതിനായ
കോഴിക്കോട്: ഉക്രൈൻ മിസൈലിൽ കാനറികളുടെ നെഞ്ചു പിളർന്നു. നാഗ്ജി ഇന്റർനാഷണൽ ക്ലബ്ബ് ഫുട്ബാൾ കിരീടം ഉക്രൈനിലേക്ക്. ഇന്നലെ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന കലാശപ്പോരാട്ടത്തിൽ ബ്രസീലിയൻ ടീമായ അത്‌ലറ്റികോ പെരാനസിനെ ഏകപക്ഷീയമായ മൂന്നു ഗോളുകൾക്കാണ് ഉക്രൈനിന്റെ എഫ് സി ഡിനിപ്രോ കെട്ടുകെട്ടിച്ചത്.
ഗ്യാലറിയിലെ ആർത്തിരമ്പിയ നാൽപ്പതിനായിരത്തോളം കാണികളെ സാക്ഷിയാക്കി ആദ്യ പകുതി അവസാനിക്കാൻ 14 മിനുട്ട് ബാക്കിനിൽക്കെയാണ് കാനറികളുടെ ചിറകരിഞ്ഞ ആദ്യ ഗോൾ വീണത്. കളിയുടെ തുടക്കം മുതലെ ബ്രസീലിയൻ പ്രതിരോധത്തെ കീറിമുറിച്ച മുന്നേറ്റങ്ങൾക്കു ചുക്കാനേന്തിയ ഇഗോർ കോഹൂട്ട് വകയായിരുന്നു ആദ്യ ഗോളെങ്കിൽ ഡെന്നിസ് ബലാന്യുക് വകയായിരുന്നു രണ്ടാം ഗോൾ. മൂന്നാമത്തേത് സെൽഫ് ഗോളും.
41-ാം മിനുട്ടിൽ ഫ്രീകിക്കിലൂടെയാണ് ഉക്രൈൻ ഗോൾവേട്ടക്കു തുടക്കമിട്ടത്. യൂറി വാക്കുൽക്കി എടുത്ത ഫ്രീകിക്ക് ബ്രസീൽ ബോക്‌സിൽ കാത്തുനിന്ന ബലാന്യുക്കിൽ തട്ടിത്തെറിച്ചു. പന്ത് കൈപ്പിടിയിലൊതുക്കാൻ ശ്രമിച്ച ബ്രസീലിയൻ നായകൻ ലൂക്കാസ് ഫെരേറിയയും ഉക്രൈനിന്റെ ഇഗോർ കോഹൂട്ടും തമ്മിൽ കൂട്ടിയിച്ചതിനിടെ കൊഹൂട്ടിന്റെ കാലിൽ തട്ടി പന്ത് ബ്രസീലിന്റെ നെറ്റിലേക്ക്. (1-0)
തുടർന്ന് ഗോൾ തിരിച്ചടിക്കാനുള്ള അടങ്ങാത്ത ദാഹവുമായി കാനറികൾ ഉക്രേനിയൻ ബോക്‌സിനടുത്ത് വട്ടമിട്ടു പറക്കുന്നതിനിടെയാണ് 62-ാം മിനിട്ടിൽ വീണ്ടും ഉക്രേനിയൻ മിസൈൽ തൊടുത്തത്. മൈതാന മധ്യത്തേക്ക് അതിവേഗം കുതിച്ച കൊച്ചെർഗിൻ നൽകിയ കുറിയ പാസ് വലതു വിങ്ങിലൂടെ ബ്രസീൽ ബോക്‌സിലെത്തിയ ബലാന്യൂയിക്ക് കൃത്യമായി കണക്ട് ചെയ്തു. ഓടിയെത്തിയ ഗോളി ലൂക്കാസ് ഫെരാറിയുടെ തലയ്ക്ക് മുകളിലൂടെ ബലാന്യൂയിക് ചെത്തിയിട്ട പന്ത് ബ്രസീൽ ആരാധകരുടെ ഹൃദയം പിടക്കുന്നതായിരുന്നു. (2-0)
85-ാം മിനിറ്റിൽ നടത്തിയ മുന്നേറ്റത്തിനിടെ ഉക്രൈന്റെ മൂന്നാം ഗോളും പിറന്നു. ഇടതു വിങ്ങിൽ നിന്നും യൂറി വാക്കുൽക്കി പോസ്റ്റിനെ ലക്ഷ്യമാക്കിയടിച്ച ഉന്നം ബ്രസീൽ താരം മൗറിഷ്യോ സാന്റോസിന്റെ കാലിൽ തട്ടി വലയിലേക്ക്. (3-0). ബ്രസീലിയൻ കൊടിയേന്തി ഗ്യാലറികളിൽ ആരവം നിറച്ച പതിനായിരക്കണക്കിനു കാണികളെ തീർത്തും നിശബ്ധമാക്കുന്നതായിരുന്നു മൂന്നാം ഗോൾ. കളിയുടെ 2, 5, 6 മിനുട്ടുകളിൽ തുടർച്ചയായി ഉക്രൈൻ താരങ്ങൾ ബ്രസീൽ ഗോൾമുഖത്തെത്തി. ആറാം മിനിറ്റിൽ മാക്‌സിം ലുനോവ് നീട്ടി നൽകിയ പന്ത് ബലാന്യുക്കിന് വലയിലെത്തിക്കാനായില്ല.
എട്ടാം മിനുട്ടിലാണ് ബ്രസീലിന്റെ ആദ്യ മുന്നേറ്റമുണ്ടായയത്. ജാവോ പെട്രോയും ആന്ദ്രേ ആൽഫ്രഡോയും ചേർന്ന് 18-ാം മിനിറ്റിൽ മറ്റൊരു മുന്നേറ്റം നടത്തും വരെ പന്ത് പൂർണ്ണമായും ഉക്രൈന്റെ നിയന്ത്രണത്തിലായിരുന്നു. 11-ാം മിനിറ്റിൽ യൂറി വാക്കുൽക്കിയും കൊച്ചെർഗിനും ചേർന്ന് നൽകിയ സുവർണാവസരം ഡിനിപ്രോയുടെ പ്ലേമേക്കർ ബലാന്യുയിക്ക് പുറത്തേക്കടിച്ചു തുലച്ചു. 17, 18, 23 മിനിറ്റുകളിലും യൂറി വാക്കുൽക്കിയുടെ നേതൃത്വത്തിൽ ബ്രസീലിയൻ ഗോൾ മുഖം ആക്രമിക്കപ്പെട്ടെങ്കിലും ഗോൾ പിറന്നില്ല. ആദ്യ പകുതിയുടെ അവസാന മിനുറ്റുകളിൽ ബ്രസീൽ നിര നിരന്തരം മുന്നേറ്റം നടത്തിയെങ്കിലും ഫലമുണ്ടായില്ല. 29-ാം മിനിറ്റിൽ ഉക്രൈൻ പ്രതിരോധത്തെ കബളിപ്പിച്ച് യാഗോ സിൽവ നൽകിയ സുന്ദരമായ പാസ് ബ്രസീലിയൻ സൂപ്പർ താരം ജാവോ പെട്രോ ക്രോസ് ബാറിനു മുകളിലൂടെ അടിച്ചത് നിരാശയോടെയാണ് കാണികൾ നോക്കിനിന്നത്.
ഉദ്ഘാടന മത്സരത്തിലെ ത്രസിപ്പിക്കുന്ന പോരാട്ടം കലാശക്കളിയിലും ആവർത്തിച്ച് നാഗ്ജി ട്രോഫിയിൽ മുത്തമിടാമെന്ന മാർസലോ വിയേനയുടെ കുട്ടികളുടെ അതിമോഹമാണ് ഇന്നലെ ഉക്രൈനിന്റെ പടക്കുതിരകൾ അടിച്ചുനിരത്തിയത്. വീറും വാശിയും നിറഞ്ഞുനിന്ന മത്സരത്തിൽ ലാറ്റിനമേരിക്കൻ-യൂറോപ്യൻ കേളീശൈലിയുടെ മനോഹര മുഹൂർത്തങ്ങൾ പിറന്നെങ്കിലും ഉക്രൈൻ ടീമിനു തന്നെയായിരുന്നു കളിയിലുടനീളം ആധിപത്യം.
ടൂർണ്ണമെന്റിൽ ഒരു ഗോൾ പോലും വഴങ്ങാത്ത ഉക്രൈൻ ഗോൾവലയം കാത്ത ചോരാത്ത കൈകളിൽ പ്രതീക്ഷയർപ്പിച്ചാണ് ഉക്രൈൻ ടീം തുടക്കം തൊട്ടേ ബ്രസീലിയൻ ഗോൾമുഖം ലക്ഷ്യമാക്കി ആക്രമിച്ചുകളിച്ചത്. കരുത്തരായ അർജന്റീന, ജർമ്മനി, ഇംഗ്ലണ്ട്, ഐറിഷ് എന്നി ടീമുകൾക്കു പിന്നാലെ ഒടുവിൽ ബ്രസീലിനും ഉക്രൈനു മുമ്പിൽ പത്തിമടക്കേണ്ടി വരികയായിരുന്നു. മൂന്നുതവണ മാത്രം ഇന്ത്യൻ അതിർത്തി കടന്ന നാഗ്ജി കിരീടം ഇതാദ്യമായാണ് ഏഷ്യൻ വൻകരക്ക് പുറത്തേക്ക് പറക്കുന്നത്. 1952-ൽ ആരംഭിച്ച നാഗ്ജിയുടെ ചരിത്രത്തിൽ 1955, 56 വർഷങ്ങളിൽ പാക്കിസ്ഥാനിൽനിന്നുള്ള കറാച്ചി കിക്കേഴ്‌സും ബംഗ്ലാദേശിൽനിന്നുള്ള അബഹാനി ക്രിരചക്രയും (1989) മാത്രമേ ഇന്ത്യക്ക് പുറത്തുനിന്നത്തെി കിരീടത്തിൽ മുത്തമിടാൻ ഭാഗ്യമുണ്ടായുള്ളൂ. ഇത്തവണയിതാ ഏഷ്യൻ വൻകരയും കടന്നു ഉക്രൈനിലേക്ക്...