കോഴിക്കോട്: 21 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഏറെ പ്രതീക്ഷയോടെ പുനരാരംഭിച്ച നാഗ്ജി ഇന്റർനാഷണൽ ക്‌ളബ് ഫുട്‌ബോൾ സംഘാടനത്തിലെ പിടിപ്പുകേട് കാരണം നിറം മങ്ങി. സംഘാടകർ തമ്മിലുള്ള തർക്കമാണ് ഒരു കാലത്ത് കായിക പ്രേമികളെ ആവേശം കൊള്ളിച്ച ടൂർണമെന്റിന് നിറം മങ്ങിയ തുടക്കം സമ്മാനിച്ചത്. സ്‌പോൺസർമാരിൽ പലരും പിന്മാറുകയും ചെയ്തതോടെ ടൂർണമെന്റ് വലിയ നഷ്ടത്തിലേക്കാണ് നീങ്ങുന്നതെന്ന് റിപ്പോർട്ടുകളുണ്ട്.

ജില്ലാ ഫുട്‌ബോൾ അസോസിയേഷനും സൗദിയിലെ ഇന്ത്യൻ ഫുട്ബോൾ ലീഗ് സംഘാടകരായ മൊണ്ടിയൽ സ്പോർട്സ് മാനേജ്‌മെന്റ് എ. എൽ. പിയും ചേർന്നാണ് കേരളത്തിന്റെ അഭിമാന ടൂർണമെന്റിനെ തിരിച്ചു കൊണ്ടുവരുവാൻ ശ്രമങ്ങൾ നടത്തിയത്.

മോണ്ടിയൽ സ്പോർട്സ് ഇതിനായി കോടിക്കണക്കിന് രൂപ ചെലവഴിച്ചുകൊണ്ട് വിവിധ പരിപാടികളും സംഘടിപ്പിച്ചു. ലോക രാജ്യങ്ങളിൽ നിന്ന് ടീമുകളെ ഉൾപ്പെടെ നാഗ്ജിക്കായി എത്തിക്കാനും ഇവരുടെ പരിശ്രമം ഉണ്ടായിരുന്നു.

എന്നാൽ ടൂർണമെന്റിന്റെ ബ്രാൻഡ് അംബാസിഡറായി ബ്രസീലിന്റെ സൂപ്പർതാരം റൊണാൾഡീഞ്ഞോയെ കോഴിക്കൊട്ടത്തെിച്ചതോടെയാണ് പ്രശ്‌നങ്ങൾ ആരംഭിച്ചത്. കോടിക്കണക്കിന് രൂപയായിരുന്നു റൊണാൾഡീഞ്ഞോയുടെ സന്ദർശനത്തിനായി ചെലവഴിച്ചത്. പണം മുഴുവനും കിട്ടാതെ എയർപോർട്ടിൽ നിന്ന് പുറത്തുവരില്ലെന്ന് റൊണാൾഡീഞ്ഞ്യോ വ്യക്തമാക്കി. റൊണാൾഡീഞ്ഞ്യോ പങ്കടെുത്ത ബീച്ചിലെ പരിപാടിയിലും സ്റ്റേജിൽ നിറഞ്ഞു നിൽക്കാനായിരുന്നു പലരുടെയും ശ്രമം. ഇതിന് സാധിക്കാത്തവരെല്ലാം പിന്നീട് ടൂർണമെന്റുമായി സഹകരിക്കാതെയായി.

മോണ്ടിയൽ സ്പോർട്സ് പ്രതിനിധികൾക്ക് പോലും വേദിയിൽ അർഹമായ ഇടം കിട്ടിയില്ല. ഈ തർക്കത്തിനിടയിൽ റൊണാൾഡീഞ്ഞ്യോയ്ക്ക് ഒപ്പമത്തെിയ സഹോദരനെ ഉൾപ്പെടെ വേണ്ട രീതിയിൽ പരിഗണിക്കാൻ സംഘാടകർക്ക് കഴിഞ്ഞില്ല. ഇതോടെ റൊണാൾഡീഞ്ഞ്യോ സംഘാടകരുമായി ഇടഞ്ഞു. നാഗ്ജി ഫുട്‌ബോളിന്റെ പ്രചരണത്തിനായി എത്തിയ ഫുട്‌ബോൾ ഇതിഹാസം അതുകൊണ്ട് തന്നെ കോഴിക്കൊട്ടത്തെിയിട്ടും ഫുട്‌ബോൾ തൊടാൻ പോലൂം കൂട്ടാക്കിയില്ല. കോടിക്കണക്കിന് രൂപ ചെലവിട്ട് റൊണാൾഡീഞ്ഞ്യോയെ എത്തിച്ചതോടെ മോണ്ടിയൽ സ്‌പോർട്‌സും പ്രതിസന്ധിയിലായി. കോഴിക്കൊട്ടെ മിംസ് ഹോസ്പിറ്റൽ റൊണാൾഡീഞ്ഞ്യോയുടെ സന്ദർശന പരിപാടികൾക്കായി മൂന്നു കോടി രൂപ നൽകാമെന്ന് ഏറ്റിരുന്നു. എന്നാൽ കരാറിൽ വ്യക്തമാക്കിയ പോലെ റൊണാൾഡീഞ്ഞ്യോയെ മിംസ് ആശുപത്രിയിലെ ചടങ്ങിലത്തെിക്കാൻ സംഘാടകർക്ക് കഴിഞ്ഞില്ല. ഇതോടെ തുക നൽകുന്നതിൽ നിന്നും മിംമ്‌സ് ആശുപത്രി പിന്മാറുകയും ചെയ്തു.

ഇതോടെ ടൂർണമെന്റിനുള്ള ബാക്കി തുക ചെലവിടാൻ മോണ്ടിയൽ ഗ്രൂപ്പിന് സാധിക്കാതെ വന്നു. ഇതോടെ കെ. ഡി.എഫ്.എ പ്രസിഡന്റും ഇറാം ഗ്രൂപ്പ് എം.ഡിയുമായ ഡോ: സിദ്ദിഖ് അഹമ്മദ് ടൂർണമെന്റിന്റെ നിയന്ത്രണം പൂർണമായും കൈക്കലാക്കി. പി. കെ സ്റ്റീൽസ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളെ സഹകരിച്ചിപ്പ് ടൂർണമെന്റ് നടത്താനായിരുന്നു നീക്കം. എന്നാൽ അതുകൊണ്ടും പരിപാടി നടത്താൻ കഴിയാതെ വന്നതോടെ പ്രമുഖ വ്യവസായി എം എ യൂസഫലിയെ ഉദ്ഘാടകനായി കൊണ്ടുവരുകയും കോടിക്കണക്കിന് രൂപ അദ്ദേഹത്തിൽ നിന്ന് വാങ്ങുകയും ചെയ്തു.

മോണ്ടിയൽ ഗ്രൂപ്പുമായി കരാറിലേർപ്പെട്ട മാദ്ധ്യമം പത്രം ഗ്രൗണ്ടിന്റെ പരിസരങ്ങളിൽ തങ്ങളുടെ ഫ്‌ളെക്‌സുകൾ സ്ഥാപിക്കാൻ ശ്രമിച്ചപ്പോൾ ഇതിനിടെ മാതൃഭൂമിയുമായി കരാറുണ്ടാക്കിയ ഡോ: സിദ്ദിഖ് അഹമ്മദ് അവരെ തടയുകയും ചെയ്തു. ടൂർണമെന്റിന്റെ പരസ്യങ്ങളിലും ബോർഡുകളിലും ഒന്നും മോണ്ടിയൽ ഗ്രൂപ്പിന്റെ പേര് പോലും വെക്കാതെ പൂർണമായി അവരെ അകറ്റുകയും ചെയ്തു. വമ്പൻ വിദേശടീമുകൾ പങ്കെടുക്കുന്നുവെന്നതായിരുന്നു ടൂർണമെന്റിന്റെ മുഖ്യ ആകർഷണം. എന്നാൽ പ്രതീക്ഷയർപ്പിച്ച പല ടീമുകളും നിരാശാജനകമായ പ്രകടനം കാഴ്ച വെക്കുകയും ചെയ്തതോടെ മത്സരത്തിന് ഓരോ ദിവസവും കഴിയുന്തോറും കാഴ്ചക്കാർ കുറഞ്ഞു വരുകയാണ്. ഇതിനിടെ ഡോ: സിദ്ദിഖ് അഹമ്മദിന്റെ നേതൃത്വത്തിൽ ടൂർണ്ണമെന്റിന്റെ മുഖ്യ സ്‌പോൺസർമാരായി മഹീന്ദ്രാ ന്റ് മഹീന്ദ്രയുമായി ധാരണയിലത്തെിയിട്ടുണ്ട്. എങ്ങിനെ മുന്നോട്ട് പോയാലും പ്രതീക്ഷയോടെ എത്തിയ നാഗ്ജി കപ്പ് കോടികളുടെ നഷ്ടമുണ്ടാക്കുമെന്ന് വ്യക്തമായിക്കഴിഞ്ഞു. മത്സരങ്ങൾ കഴിയുന്നതോടെ സംഘാടകർ തമ്മിലുള്ള പ്രശ്‌നങ്ങളും രൂക്ഷമാകുമെന്ന് ഉറപ്പാണ്.

കോഴിക്കോട് കോർപ്പറേഷൻ പുൽത്തകിടിയിൽ ഇതിന് മുമ്പ് 1995ലാണ് അവസാനമായി മത്സരം നടന്നത്ഇരുപതു വർഷത്തിനു ശേഷം കോർപ്പറേഷൻ ജൂബിലിയുടെ ഭാഗമായി ജില്ലാ ഫുട്‌ബോൾ അസോസിയേഷനും സൗദി ഇന്ത്യൻ ഫുട്‌ബോൾ ഫോറവും ചേർന്നു മത്സരം നടത്താൻ തീരുമാനിച്ചിരുന്നുവെങ്കിലും സ്റ്റേഡിയം നവീകരണം പൂർത്തിയാകാത്തതിനാൽ മത്സരം നടന്നില്ല. ു സ്‌പോൺസർമാരെ കണ്ടെണ്ടത്താനും പ്രധാന ടീമുകളെ കൊണ്ടുവരാനുമൊക്കെ തീരുമാനിക്കയും അതിനായുള്ള ശ്രമങ്ങൾ ആരംഭിക്കുകയും ചെയ്തിരുന്നു. നാഗ്ജിയുടെ ചരിത്രം അനാവരണം ചെയ്യന്ന സിഡിയും അന്നു തയാറാക്കിയിരുന്നു.പക്ഷെ അന്നത് യാഥാർഥ്യമായില്ല. പിന്നീട് മേയിൽ നടക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഫൂട്‌ബോൾ ആരാധകർ. വിദേശങ്ങളിൽ നിന്ന് ആറു ടീമുകളെയും രണ്ട് ഇന്ത്യൻ ടീമുകളെയും പങ്കടെുപ്പിച്ച് മത്സരങ്ങൾ നടത്താനായിരുന്നു തീരുമാനം. പതിനേഴ് ദിവസം നീണ്ടു നിൽക്കുന്ന ടൂർണമെന്റിന് നാലുകോടി രൂപയായിരുന്നു ചെലവ് പ്രതീക്ഷിച്ചത്. പിന്നീട് ഫണ്ട് കണ്ടത്തൊനാവാതിരുന്നതും ടീമുകളെ പങ്കടെുപ്പിക്കാൻ സാധിക്കാതെ വന്നതുമാണ് വീണ്ടും ടൂർണമെന്റ് മുടങ്ങാൻ കാരണമായത്. ഇതിനെല്ലാം ശേഷമാണ് ഇപ്പോൾ വീണ്ടും പ്രതീക്ഷകളോടെ ടൂർണമെന്റ് ആരംഭിച്ചത്. അതിന്റെ ഗതിയും ഏറെ ദയനീയം തന്നെയായി മാറി.

1952ലാണ് സേട്ട് നാഗ്ജി ടൂർണമെന്റ് ആരംഭിച്ചത്. 1995 വരെ തുടർന്നു. ഒട്ടേറെ പ്രഗത്ഭ ഫുട്‌ബോൾ താരങ്ങളുടെ പ്രകടനം കോഴിക്കൊട്ടുകാർക്ക് കാണാൻ നാഗ്ജി ടൂർണമെന്റ് വഴിയൊരുക്കി. ഇന്ദർ സിങ്, ശ്യാം ഥാപ്പ, രഞ്ജിത് ഥാപ്പ, മഖൻ സിങ്, ബെർനാഡ്, നജിമുദ്ദീൻ, സുബ്രതോ ഭട്ടാചാര്യ തുടങ്ങി നിരവധിതാരങ്ങൾ കോഴിക്കൊട്ടുകാർക്ക് പ്രിയപ്പെട്ടവരായത് നാഗ്ജി ഫുട്‌ബോളിലൂടെയാണ്.