ന്യൂഡൽഹി: കേന്ദ്ര മന്ത്രിസഭയിൽ വീണ്ടും അഴിച്ചുപണി. ഇതിന്റെ ഭാഗമായി ക്യാബിനറ്റ് പദവിയുള്ള ന്യൂനപക്ഷ ക്ഷേമ മന്ത്രി നജ്മ ഹെപ്ത്തുല്ല രാജിവച്ചു. ഘനവ്യവസായ വകുപ്പ് സഹമന്ത്രി ജി.എം. സിദ്ധേശ്വരയും രാജിവച്ചിട്ടുണ്ട്.

ഇരുവരുടെയും രാജി രാഷ്ട്രപതി പ്രണബ് മുഖർജി സ്വീകരിച്ചു. ഇരുവരേയും ഗവർണ്ണർമാരാക്കുമെന്നാണ് സൂചന. നിലവിലുള്ള മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റം വരുത്തിയും 19 പുതിയ മന്ത്രിമാരെ ഉൾപ്പെടുത്തിയും കേന്ദ്ര മന്ത്രിസഭ ഉടച്ചുവാർത്തതിനു പിന്നാലെയാണ് പുതിയ മാറ്റങ്ങൾ.

പാർലമെന്ററികാര്യ, ന്യൂനപക്ഷ വകുപ്പു സഹമന്ത്രി മുഖ്താർ അബ്ബാസ് നഖ് വിയെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയാക്കി ഉയർത്തി ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ അധിക ചുമതല നൽകി. നഗരവികസന, ദാരിദ്രനിർമ്മാർജ്ജന വകുപ്പു സഹമന്ത്രി ബാബുൽ സുപ്രിയോയെ വകുപ്പു മാറ്റി ഘന വ്യവസായ, പൊതുമേഖലാ വകുപ്പിന്റെ ചുമതല നൽകി.

മന്ത്രിസഭാ പുനഃസംഘടനാ കാലത്ത് തന്നെ നജ്മ ഹെപ്ത്തുല്ലയെ മാറ്റുമെന്ന് സൂചനയുണ്ടായിരുന്നു. പ്രായം ഏറെയായ വനിതാ നേതാവിനെ ഗവർണ്ണർ ആക്കുമെന്നാണ് സൂചന.