രേന്ദ്ര മോദി സർക്കാരിൽനിന്ന് ഒഴിവാക്കപ്പെട്ട നജ്മ ഹെപ്തുള്ള അടുത്ത പദവി ലക്ഷ്യമിട്ട് കരുക്കൾ നീക്കുന്നു. ന്യൂനപക്ഷ കാര്യ മന്ത്രിയായിരുന്ന നജ്മയുടെ അടുത്ത ഉന്നം ഉപരാഷ്ട്രപതി കസേരയാണ്. ഇപ്പോൾ ഗവർണർ പദവി ലഭിച്ചാലും ഉപരാഷ്ട്രപതി മോഹം കൈവിടില്ലെന്നാണ് നജ്മയുമായി അടുപ്പമുള്ളവർ സൂചിപ്പിക്കുന്നത്.

ഒരുവട്ടം ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ മത്സരിച്ച് പരാജയപ്പെട്ടു എന്ന ഘടകവും തന്നെ തുണയ്ക്കുമെന്ന് നജ്മ കരുതുന്നു. 2007-ലാണ് എൻ.ഡി.എ സ്ഥാനാർത്ഥിയായി നജ്മ മത്സരിച്ചത്. എന്നാൽ ഹമീദ് അൻസാരിയോട് പരാജയപ്പെടുകയായിരുന്നു. രണ്ടുതവണയായി ഉപരാഷ്ട്രപതിയായി തുടരുന്ന അൻസാരി 2017-ൽ സ്ഥാനമൊഴിയും.

ഇപ്പോൾ ഗവർണർ പദവി വാഗ്ദാനമുണ്ടായാൽ താനത് സ്വീകരിക്കുമെന്ന് നജ്മ പറയുന്നു. എന്നാൽ, 2017-ൽ ഹമീദ് അൻസാരി ഒഴിയുമ്പോൾ ഉപരാഷ്ട്രപതി സ്ഥാനത്തേയ്ക്ക് താൻ പരിഗണിക്കപ്പെടണമെന്ന് മുതിർന്ന ബിജെപി നേതാക്കളോട് നജ്മ ആവശ്യപ്പെട്ടതായാണ് സൂചന.

2007-ൽ പരാജയമുറപ്പായ സാഹചര്യത്തിൽ മത്സരിക്കാനിറങ്ങുമ്പോൾ അടൽ ബിഹാരി വാജ്‌പേയ് തനിക്ക് വാക്കു നൽകിയിട്ടുണ്ടെന്നും നജ്മ പറയുന്നു. ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയെ വിജയിപ്പിക്കാനാവശ്യമായ ഭൂരിപക്ഷം ബിജെപിക്ക് എപ്പോൾ കിട്ടുന്നുവോ അപ്പോൾ നജ്മയെ പരിഗണിക്കും എന്നായിരുന്നു വാജ്‌പേയിയുടെ വാക്കെന്നും അവർ മുതിർന്ന നേതാക്കളെ അറിയിച്ചിട്ടുണ്ട്.

അമേരിക്കയിൽ ബന്ധുക്കളെ സന്ദർശിച്ച് മടങ്ങിവന്നശേഷം ജൂലൈ 12-നാണ് നജ്മ മന്ത്രിപദവി രാജിവച്ചത്. ഏതാനും മാസങ്ങളായി നജ്മ മന്ത്രിസഭയിൽനിന്ന് പോകുമെന്ന ശ്രുതിയുണ്ടായിരുന്നു. എന്നാൽ, വ്യക്തിപരമായ കാരണങ്ങളാൽ രാജിവെക്കുന്നുവെന്നാണ് നജ്മ അവകാശപ്പെടുന്നത്.