ലങ്ങും വിലങ്ങും ചീറിപ്പായുന്ന വാഹനങ്ങൾക്കിടയിൽ സൈക്കിൾ യാത്രക്കാരുടെ സുരക്ഷയ്ക്കായി അധികൃതർ യാതൊന്നും ചെയ്യുന്നില്ലെങ്കിൽ എന്തുചെയ്യണം? പ്രതിഷേധിച്ചേ പറ്റൂ. സാധാരണ പ്രതിഷേധങ്ങളും പരാതികൊടുക്കലുമൊന്നും ഫലം ചെയ്യാതെ വന്നപ്പോൾ ബ്രസീലിലെ സാവോപോളോ നഗരത്തിലെ സൈക്കിൾ യാത്രക്കാർ വേറിട്ടൊരു പ്രതിഷേധത്തിനിറങ്ങി. പൂർണ നഗ്നരായി അവർ സൈക്കിളെടുത്ത് തെരുവിലേക്കിറങ്ങി.

മധ്യ സാവോ പോളോയിലെ പൗലിസ്റ്റ അവന്യൂവിലാണ് കഴിഞ്ഞദിവസം വിചിത്രമായ പ്രതിഷേധം അവതരിപ്പിക്കപ്പെട്ടത്. അത്യാവശ്യം ചില സ്ഥലങ്ങൾ പെയിന്റുകൊണ്ടും മറ്റു മറച്ചതൊഴിച്ചാൽ, പൂർണ നഗ്നരായിരുന്നു യുവതികളടക്കമുള്ളവർ. സൈക്കിൾ യാത്രക്കാർക്ക് സുരക്ഷിതമായി സഞ്ചരിക്കാനുള്ള നടപടികൾ കൈക്കൊള്ളണമെന്നതായിരുന്നു അവരുടെ ആവശ്യം. പ്രതിഷേധം ലോക ശ്രദ്ധയാകർഷിച്ചതോടെ അതിന് പരിഹാരം കണ്ടെത്താതെ അധികൃതർക്കും വഴിയില്ലാതായി.

ലോകത്തേറ്റവും വാഹനത്തിരക്കുള്ള നാലാമത്തെ നഗരമാണ് സാവോപോളോ. ലോസെയ്ഞ്ചൽസ്, മോസ്‌കോ, ന്യുയോർക്ക് എന്നീ നഗരങ്ങളാണ് മുന്നിലുള്ളത്. ബ്രസീലിൽ ആയിരക്കണക്കിന് സൈക്കിൾ യാത്രക്കാരാണ് ഓരോവർഷവും കൊല്ലപ്പെടുന്നത്. 2010 മുതൽ 2015 വരെയുള്ള കണക്ക് പ്രകാരം 8496 സൈക്കിൾ യാത്രക്കാർ വാഹനാപകടങ്ങളിൽ മരിച്ചു. 2017-ൽ സാവോ പോളോയിൽ 37 പേർ മരിച്ചു. തൊട്ടുതലേ വർഷത്തെക്കാൾ 23 ശതമാനം കൂടുതൽ.

വേൾഡ് നേക്കഡ് ബൈക്ക് റൈഡുമായി ചേർന്നാണ് പ്രതിഷേധക്കാർ സൈക്കിൾ റാലി സംഘടിപ്പിച്ചത്. മുദ്രാവാക്യങ്ങൾ മുതുകത്ത് എഴുതിയായിരുന്നു പ്രതിഷേധം. നിങ്ങളുടെ തിരക്ക് ഞങ്ങളുടെ ജീവനെടുക്കുന്നുവെന്നതുൾപ്പെടെ അധികൃതരുടൈ കണ്ണുതുറപ്പിക്കുന്ന മുദ്രാവാക്യങ്ങളായിരുന്നു ഏറെയും. കാറുകളിൽനിന്ന് പുറത്തിറങ്ങി തെരുവിലെ യാഥാർഥ്യം തിരിച്ചറിയണമെന്നും നിങ്ങളുടെ അനാസ്ഥയാണ് ഈ നഗ്നതയെക്കാൾ വികൃതമെന്നും മുദ്രാവാക്യങ്ങളിലൂടെ അവർ ശ്രദ്ധയിൽക്കൊണ്ടുവന്നു.