വേൾഡ് നാക്കഡ് ബൈക്ക് റൈഡ് പ്രമാണിച്ച് ലോകമാകമാനമുള്ള എഴുപതോളം നഗരങ്ങളിൽ നഗ്‌ന സൈക്കിൾ ഓട്ടം അടിപൊളിയായി നടന്നു. യുകെയിലും ഇതോടനുബന്ധിച്ച് നിരവധി നഗരങ്ങളിൽ തുണിയില്ലാതെ നിരവധി പേർ സൈക്കിളോടിച്ചിരുന്നു. ലണ്ടനിലും മാഞ്ചസ്റ്ററിലും അടക്കം അനേകം സ്ത്രീപുരുന്മാരാണ് പൂർണ നഗ്‌നരായി സൈക്കിളിലേറിയത്. പൂർണനഗ്‌നരായി സൈക്കിളോടിക്കുകയെന്നതാണിതിന്റെ ഡ്രസ് കോഡെങ്കിലും നിരവധി പേർ അർധനഗ്‌നരായും സൈക്കിളോടിക്കാനെത്തിയിരുന്നു. റോഡുകളിൽ സൈക്കിളിസ്റ്റുകൾ അപകടത്തിൽ പെടാനുള്ള സാധ്യത ഉയർത്തിക്കാട്ടുന്നതിനാണീ പരിപാടി വർഷം തോറും നടത്തി വരുന്നത്.നഗരങ്ങളിലെ റോഡുകളിൽ കാറുകളുടെ അധീശത്വമുള്ള സംസ്‌കാരം പടരുന്നതിലുള്ള പ്രതിഷേധം കൂടിയായി ഈ നഗ്‌ന സൈക്കിൾ ഓട്ടം മാറാറുണ്ട്.

വെള്ളിയാഴ്ച വൈകുന്നേരമാണ് മാഞ്ചസ്റ്ററിൽ പരിപാടി നടന്നത്. എന്നാൽ ലണ്ടനിൽ ശനിയാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു നഗ്‌ന സൈക്കിൾ റാലി നടന്നത്. ബ്രൈറ്റണിൽ ഇന്നാണ് പരിപാടി നടക്കുന്നത്. സൈക്ലിംഗിനെ അനുകൂലിച്ച് കൊണ്ടുള്ള സന്ദേശങ്ങൾ പെയിന്റ് കൊണ്ട് എഴുതി വച്ചിട്ടാണ് ഇതിൽ പങ്കെടുക്കുന്നവർ എത്തിയത്. ലണ്ടനിലെ പരിപാടിയിൽ സൈക്ലിളിസ്റ്റുകൾ പികാഡിലി സർക്കസ്, ട്രാഫൽഗർ സ്‌ക്വയർ, കവന്റ് ഗാർഡൻ എന്നിവിടങ്ങളിലൂടെ കടന്ന് പോയിരുന്നു. മാഞ്ചസ്റ്ററിലാകട്ടെ സെന്റ് പീറ്റേർസ് സ്‌ക്വയർ, ടൗൺഹാൾ, തുടങ്ങിയ ഇടങ്ങളിലൂടെയായിരുന്നു നഗ്‌ന സൈക്കിൾ ഓട്ടം നടന്നത്.

സൈക്ലിസ്റ്റുകളെ അനുകൂലിച്ചുള്ള സന്ദേശങ്ങൾക്ക് പുറമെ മാഞ്ചസ്റ്റർ അരീന ഭീകരാക്രമണത്തിൽ മരിച്ചവരെ ഓർമിക്കുന്നതും അവർക്ക് ആദരാഞ്ജലി അർപ്പിക്കുന്നതുമായ സന്ദേശങ്ങളും മാഞ്ചസ്റ്ററിലെ പരിപാടിക്കെത്തിയവർ ശരീരത്തിൽ പെയിന്റടിച്ചിരുന്നു. സ്റ്റ്‌ട്രെഫോർഡിലെ ബെക്ക വാറൻ ഈ പരിപാടിയിൽ വർഷം തോറും പങ്കെടുക്കുന്ന അനേകരിൽ ഒരാളാണ്.ഇപ്രാവശ്യം ബീ തീമിലുള്ള പെയിന്റാണ് തങ്ങൾ ശരീരത്തിൽ അടിച്ചിരിക്കുന്നതെന്നും മാഞ്ചസ്റ്ററിനോടുള്ള ആദരവ് പ്രകടിപ്പിക്കാനാണിതെന്നും വാറൻ പറയുന്നു. മാഞ്ചസ്റ്ററുകാരെ സംബന്ധിച്ചിടത്തോളം തേനീച്ച തങ്ങളുടെ നിലനിൽപ്പിന്റെ ഭാഗാണെന്നും ഇവർ ഇതിലൂടെ ഉയർത്തിക്കാട്ടുന്നു. 

റാലിയിൽ പങ്കെടുത്തവർ സന്തോഷത്തോടെ തങ്ങളുടെ സൈക്കിളുകളുടെ ബെൽ അടിക്കുകയും കൂടെയുള്ളവർ ഫോട്ടോകൾ എടുത്താഘോഷിക്കുകയും ചെയ്തിരുന്നു. 2003ലെ സെക്ഷ്വൽ ഒഫെൻസസ് ആക്ട് നിലവിൽ വന്നതിന് ശേഷം ഇംഗ്ലണ്ടിൽ നഗ്‌നത നിയമവിരുദ്ധമല്ലെന്നാണ് പരിപാടിയുടെ സംഘാടകർ ന്യായീകരണമെന്നോണം പറയുന്നത്. നല്ലൊരു കാര്യത്തിലേക്ക് ശ്രദ്ധ തിരിക്കാനാണ് തങ്ങൾ നഗ്‌നതയെ ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നതെന്നും ഇവർ വിശദീകരിക്കുന്നു.