ലണ്ടൻ: കഴിഞ്ഞ കുറേക്കാലമായി ബ്രിട്ടനെ പൊതിഞ്ഞിരുന്ന കൊടും തണുപ്പിന് ഇന്നലെ ക്രിസ്മസ് ദിനത്തിൽ അൽപമൊരു ശമനമുണ്ടായിരുന്നു. ഇതിനെ തുടർന്ന് ഇംഗ്ലീഷുകാർ വസ്ത്രം ഉപേക്ഷിച്ച് ക്രിസ്മസ് നീന്തലിനായി മത്സരിച്ചിറങ്ങിയിരുന്നു. അന്തരീക്ഷം മേഘാവൃതമായിരുന്നിട്ടും ക്രിസ്മസ് നീന്തലിനിറങ്ങാൻ ജനം മടിച്ച് നിന്നില്ല. ഇന്ന് പലയിടങ്ങളിലും രണ്ട് ഇഞ്ച് വരെ മഞ്ഞ് പെയ്യുമെന്നാണ് പ്രവചനം. ഇതിനാൽ ബോക്സിങ് ഡേ ഷോപ്പിംഗിന് പുറത്തിറങ്ങുമ്പോൾ മഫ്ളർ എടുക്കാൻ മറക്കാതിരുന്നാൽ നന്നായിരിക്കും. താരതമ്യേന തണുപ്പ് കുറഞ്ഞ വായു ഇന്നലെ രാജ്യത്തേക്ക് വീശിയടിച്ചതിനെ തുടർന്നായിരുന്നു ഇന്നലത്തെ ഇവിടുത്തെ ഊഷ്മാവ് പടിഞ്ഞാറൻ മെഡിറ്ററേനിയൻ പ്രദേശങ്ങളിലേതിന് തുല്യമായി മാറിയത്.

എന്നാൽ ഇന്ന് രാജ്യം വീണ്ടും തണുപ്പിലേക്കക് തിരിച്ച് പോകുമെന്നാണ് പ്രവചനം. ഇതോടനുബന്ധിച്ച് ഇന്ന് ഇംഗ്ലണ്ടിലെ മലനിരകളിൽ രണ്ട് ഇഞ്ചോളവും വെൽഷ് പർവതനിരകളിൽ നാല് ഇഞ്ചോളവും മഞ്ഞ് പെയ്യുന്നതായിരിക്കും. ഇന്ന് രാത്രി ചിലയിടങ്ങളിലെല്ലാം കടുത്ത മഴ പെയ്യാനും സാധ്യതയുണ്ട്. 1.5 ഇഞ്ചോളം മഴ പെയ്യുന്ന സാഹചര്യത്തിൽ ഗതാഗതസംവിധാനങ്ങൾക്ക് തടസമുണ്ടാകാനും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്. ഇന്നലെ മിക്കയിടങ്ങളിലും മേഘാവൃതമായിരുന്നുവെങ്കിലും സൗത്ത് വെസ്റ്റിൽ നല്ല വെയിൽ അനുഭവപ്പെട്ടിരുന്നു. സതേൺ ഇംഗ്ലണ്ടിന്റെ മിക്ക ഭാഗങ്ങളിലും താപനില ഇരട്ട സംഖ്യയിലെത്തിയിരുന്നു. സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ടിൽ ഇത് 13 ഡിഗ്രി സെൽഷ്യസായിരുന്നു.

ഇംഗ്ലണ്ടിന്റെ ഏറ്റവും പടിഞ്ഞാറെ അറത്തും സ്‌കോട്ട്ലൻഡിലും നനവുള്ള കാലാവസ്ഥയായിരുന്നു. കുംബ്രിയയിൽ ഈ അവസരത്തിൽ രണ്ടിഞ്ചോളം മഴ പെയ്തിരുന്നു. എന്നാൽ ചിലയിടങ്ങളിൽ മുൻകൂട്ടി പ്രവചിച്ചത് പോലെ വൈറ്റ്ക്രിസ്മസ് അനുഭവപ്പെട്ടിരുന്നു. ശനിയാഴ്ച വൈകുന്നേരം തന്നെ കിഴക്കൻ സ്‌കോട്ട്ലൻഡിൽ കടുത്ത പൊടിമഞ്ഞ് ദൃശ്യമായിരുന്നു. ഇന്നലെ വൈകുന്നേരം ആറ് മുതൽ ഇന്ന് രാവിലെ 11 വരെ മഞ്ഞും മഴയും വിവിധ ഇടങ്ങളിലുണ്ടാകുമെന്നാണ് മെറ്റീരിയോളജിക്കൽ ഓഫീസ് മുന്നറിയിപ്പേകുന്നത്. അതിനാൽ ബോക്സിങ് ഡേയ്ക്ക് ഷോപ്പിംഗിന് അടക്കം വിവിധ പരിപാടികൾക്ക് പുറത്തിറങ്ങുന്നവർക്ക് കടുത്ത ബുദ്ധിമുട്ടുകൾ അനുഭവപ്പെടുകയും ചെയ്യും.

ഇന്ന് നടക്കുന്ന സ്പോർടിങ് ഇവന്റുകളെയും ഇത് ബാധിച്ചേക്കാം. വെയിൽസിന്റെ മിക്ക ഭാഗങ്ങളിലും തെയിംസ് വാലി മുതൽ ലീഡ്സ്, മാഞ്ചസ്റ്റർ വരെയുള്ള ഭാഗങ്ങളിലും കടുത്ത കാലാവസ്ഥാ മുന്നറിയിപ്പ് ഈ അവസരത്തിൽ ഉയർത്തിയിട്ടുണ്ട്. കടുത്ത മഴ പെയ്യുന്ന ചിലയിടങ്ങളിൽ റോഡ്-റെയിൽ ഗതാഗതസംവിധാനങ്ങളെ ഇത് ബാധിക്കുമെന്നാണ് മെറ്റീരിയോളജിക്കൽ ഓഫീസ് മുന്നറിയിപ്പേകുന്നത്. ചില വീടുകളും ബിസിനസ് സ്ഥാപനങ്ങളും വെള്ളത്തിലാകാനും സാധ്യതയുണ്ട്. ഈ അവസരത്തിൽ വെയിൽസ്, ഈസ്റ്റ് ആംഗ്ലിയ, ലിൻകോളിൻഷെയർ എന്നിവിടങ്ങളിലായിരിക്കും കൂടുതൽ അളവ് മഞ്ഞ് പെയ്യുന്നത്. ഇത്തരത്തിൽ യുകെയിലെ കാലാവസ്ഥ മാറി മറിഞ്ഞ് കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കാലാവസ്ഥയെക്കുറിച്ച് പന്തയം വയ്ക്കുന്നവർ വാശിയോടെ രംഗത്തെത്തിയിട്ടുണ്ട്. ക്രിസ്മസിനോട് അനുബന്ധിച്ച് ഇത്തരം പന്തയക്കാർ കൂടുതൽ സജീവമായിരുന്നു.