വാഷിങ്ടൺ: അമേരിക്കയിൽ വീണ്ടും വെടിവെയ്‌പ്പ്. ഞായറാഴ്ച പുലർച്ചെ ടെന്നസ്സിയിലെ നാഷ്വില്ലിയിലുള്ള വാഫിൾ ഹൗസ് റസ്റ്റോറന്റിൽ നഗ്നനായി എത്തിയ യുവാവാണ് വെടിവെയ്‌പ്പ് നടത്തിയത്. യുവാവിന്റെ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. നാലു പേർക്ക് പരിക്കേറ്റു.

പുലർച്ചെ നഗ്‌നനായി റസ്റ്റോറന്റിലെത്തിയ യുവാവ് തുരുതുരെ വെടിയുതിർക്കുകയായിരുന്നു. റസ്റ്റോറന്റിലുണ്ടായിരുന്ന നിരവധി പേർക്ക് വെടിയേറ്റു. മൂന്നു പേർ സംഭവസ്ഥലത്തുതന്നെ മരിച്ചതായാണ് റിപ്പോർട്ട്. തുടർന്ന്, കാവൽക്കാരിലൊരാൾ ഇയാളുടെ കൈയിൽനിന്ന് തോക്ക് പിടിച്ചുവാങ്ങുകയായിരുന്നു.

ട്രാവിസ് റെയ്ൻകിങ് എന്ന 29 വയസ്സുള്ള യുവാവാണ് വെടിയുതിർത്തത്. എന്നാൽ വെടിവെപ്പ് നടത്തിയതിന് പിന്നാലെ ഇയാൾ റെസ്റ്ററന്റിൽ നിന്നും ഓടി രക്ഷപ്പെട്ടു. പൊലീസ് ഇയാൾക്കു വേണ്ടിയുള്ള തിരച്ചിലിൽ ആണ്.