തിരുവനന്തപുരം: മുതിർന്ന സിപിഐ(എം) നേതാവ് വി എസ് അച്യുതാനന്ദനേയും മുഖ്യമന്ത്രി പിണറായി വിജയനേയും നഗ്നരായി ചിത്രീകരിച്ചതിന് മാതൃഭൂമി ചാനലിനെതിരെ പ്രതിഷേധം ശക്തമാകുന്നു. മാതൃഭൂമി ന്യൂസ് ചാനലിൽ വെള്ളിയാഴ്ച രാത്രി അവതരിപ്പിച്ച 'ധിം തരികിട തോം' എന്ന പരിപാടിയിലാണ് രണ്ട് നഗ്ന നർത്തകരുടെ തല മോർഫുചെയ്ത് മാറ്റി വിഎസിന്റെയും പിണറായിയുടെയും തല വച്ചുപിടിപ്പിച്ച് ചിത്രീകരിച്ചത്. പരിപാടി സംപ്രേഷണം ചെയ്തതിനുപിന്നാലെ സോഷ്യൽ മീഡിയയിലുൾപ്പെടെ രൂക്ഷമായ വിമർശനങ്ങളാണ് ചാനലിനെതിരെ ഉയരുന്നത്. ഇടതുനേതാക്കളെ മനപ്പൂർവം അപമാനിക്കുകയായിരുന്നു ചാനലെന്നാണ് ആക്ഷേപം.

ഇതാണോ മാദ്ധ്യമധർമ്മമെന്നും വക്കീലന്മാർ നിങ്ങളെ ആക്രമിക്കുന്നതിൽ അതിശയമൊന്നുമില്ലെന്നുമെല്ലാമുള്ള കമന്റുകളും രൂക്ഷഭാഷയിലുള്ള വിമർശനങ്ങളും പരിപാടിക്കെതിരെ ഫേസ്‌ബുക്കിലും വാട്‌സ് ആപിലും നിറഞ്ഞു. സിപിഐ(എം) അനുയായികളുടെ ഫേസ് ബുക്ക് കൂട്ടായ്മകളിൽ പ്രമുഖ നേതാക്കന്മാരെ നഗ്നരായി ചിത്രീകരിച്ചതിനെതിരെ പ്രതിഷേധം ശക്തമാണ്. അതേസമയം, കോൺഗ്രസ് അനുകൂല കൂട്ടായ്മകൾ ഇത് ആഘോഷിക്കുകയും ചെയ്യുതും ഇടതുപക്ഷക്കാരെ ചൊടിപ്പിക്കുന്നുണ്ട്.

ആക്ഷേപ ഹാസ്യ പരിപാടികൾ എല്ലാ വാർത്താ ചാനലുകളും നൽകുന്നുണ്ടെങ്കിലും നേതാക്കന്മാരുടെ തുണിയഴിക്കുന്നത്ര തരംതാണ നിലയിലേക്ക് മാതൃഭൂമി പോലൊരു ചാനൽ തരംതാഴരുതായിരുന്നു എന്ന് സിപിഎമ്മുകാർ പറയുന്നു. നർത്തകരുടെ നഗ്നമേനിയിൽ ഞങ്ങളുടെ നേതാക്കളുടെ തലവെട്ടിക്കേറ്റുന്നത് എന്തുതരം മാദ്ധ്യമധർമ്മമാണെന്നാണ് അവരുടെ ചോദ്യം.

അടുത്തകാലത്തായി സിപിഐ(എം) നേതാക്കളെ മോശമായി ചിത്രീകരിക്കുന്നതിന് ചാനൽ പ്രത്യേകം താൽപര്യം കാട്ടുന്നതായും അവർ ആരോപിക്കുന്നു. വി എസ് അച്യുതാനന്ദൻ ഭരണപരിഷ്‌കാര കമ്മിഷൻ ചെയർമാൻ ആകുന്നതുമായി ബന്ധപ്പെട്ടായിരുന്നു ധിം തരികിട തോം. വിഎസിന് ആ സ്ഥാനം നൽകിയില്ലെങ്കിൽ സംസ്ഥാനം വലിയ പ്രതിസന്ധിയിലാകുമെന്ന് തിരിച്ചറിഞ്ഞ് അദ്ദേഹത്തിന് ആ സ്ഥാനം നൽകുകയാണെന്നും ഇത് പ്രകടന പത്രികയിൽ പറഞ്ഞതാണല്ലോ എന്നുമെല്ലാം പറഞ്ഞാണ് കളിയാക്കൽ.

അതുകൊണ്ടാണ് ഇടതുപക്ഷത്തിന് ജനം തിരഞ്ഞെടുപ്പിൽ 91 സീറ്റ് നൽകിയിരിക്കുന്നത്. അങ്ങനെയിരിക്കെ വിഎസിന് ആ പദവി നൽകിയേ സംസ്ഥാനം നേരിടുന്ന ആ വലിയ പ്രതിസന്ധി തീർക്കാനാകൂ എന്ന് തോമസ് ഐസകിനെപ്പോലെ അറിവുള്ളവർ പറയുമ്പോൾ കേട്ടിരിക്കാനേ കഴിയൂ. ഇങ്ങനെ പോകുന്നു വിഎസിന് പുതിയ പദവി നൽകുന്നതിനെ ചൊല്ലിയുള്ള പരിഹാസങ്ങൾ.

മുഖ്യമന്ത്രിയാകാനുള്ള പിണറായിയുടേയും വിഎസിന്റെയും ഡാൻസ് കണ്ടിട്ട് ജനങ്ങൾക്ക് ഒന്നും മനസ്സിലായില്ല. വി എസ് അല്ല, മുഖ്യമന്ത്രിയെന്നറിയിക്കാൻ ഒറ്റക്കണ്ണൻ കണ്ണടയും മുഖത്തൊരു മറുകും വച്ചുകൊടുത്തിരുന്നെങ്കിൽ അതായിരുന്നു നല്ലത്. പാവം ജനങ്ങൾക്ക് ഒന്നും മനസ്സിലാകുന്നില്ല. ഇത്രയും പറഞ്ഞശേഷമാണ് വിഎസിനെയും പിണറായിയേയും രണ്ട് നഗ്നനർത്തകരുടെ വേഷത്തിൽ ചിത്രീകരിക്കുന്നത്.

നാണം മറയ്ക്കാനൊരു ഗാനം... സോറി... വി എസ് ഭേദഗതി ബിൽ ചർച്ചയ്‌ക്കെടുക്കുകയാണ് എന്ന മുഖവുരയോടെയാണ് അവതരണം. വി എസ് ഡാൻസ് എന്ന് എഴുതിക്കാണിച്ച് അസംബഌയിൽ ബില്ലിന്റെ മേൽ നടന്ന ചർച്ചകളുടെ ദൃശ്യങ്ങൾ സഹിതമാണ് കളിയാക്കൽ മുന്നേറുന്നത്. ഇടയ്ക്കിടെ മാറിമാറി വിഎസിന്റെയും പിണറായിയുടേയും മുഖം മോർഫ് ചെയ്തുള്ള നഗ്നനൃത്തവും.

ഇരട്ടപ്പദവി പ്രശ്‌നം ഒഴിവാക്കാൻ നിയമസഭയിൽ ബില്ലവതരിപ്പിക്കപ്പെട്ട് ദിവസങ്ങൾ കഴിഞ്ഞാണ് ചാനൽ ഇത്തരമൊരു പരിപാടികൊണ്ടുവന്നതെന്നനിൽ ഇത് മനപ്പൂർവം പിണറായിയെയും വിഎസിനെയും അപമാനിക്കാൻ ഉദ്ദേശിച്ച് പ്രത്യേകം തയ്യാറാക്കുകയായിരുന്നു എന്ന വിമർശനമാണ് സിപിഎമ്മുകാർ ഉന്നയിക്കുന്നത്.