മംഗളൂരു: മംഗളൂരു കേന്ദ്രീകരിച്ച് ഹൈന്ദവ വർഗ്ഗീയ ധ്രുവീകരണത്തിനുള്ള നീക്കം ശക്തമാവുന്നു. ബിജെപി.യുടെ രാഷ്ട്രീയ ലക്ഷ്യത്തിനു വേണ്ടി ആർ.എസ്.എസിന്റെ പിൻതുണയോടെയാണ് കേരളവുമായി അതിർത്തി പങ്കിടുന്ന ദക്ഷിണ കന്നഡ ജില്ലയിൽ ഹൈന്ദവ വർഗ്ഗീയതയെ ഉയർത്തിക്കാട്ടുന്നത്.

ഹിന്ദു ഹിതരക്ഷണ വേദികേ എന്ന സംഘടനയുടെ പ്രവർത്തകൻ അസൈഗോളിയിലെ കാർത്തിക് രാജ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ചാണ് ബിജെപി. നേതൃത്വത്തിൽ വിവിധ ഹൈന്ദവ സംഘടനകൾ കൊനാജെ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയത്. ഒരു സംഘം ഇതര മതസ്ഥരാണ് കാർത്തിക്കിനെ കൊലപ്പെടുത്തിയതെന്നാണ് ആരോപണം. ഈ സംഭവം ഉയർത്തിക്കാട്ടി ധർണ ഉത്ഘാടനം ചെയ്ത നളിൻ കുമാർ കട്ടീൽ എം. പി. കലാപത്തിന് ആഹ്വാനം ചെയ്യുകയായിരുന്നു.

പത്ത് ദിവസത്തിനകം പ്രതികളെ പിടികൂടിയില്ലെങ്കിൽ ദക്ഷിണ കന്നഡ ജില്ലയാകമാനം ആളിക്കത്തിക്കുമെന്നാണ് ദക്ഷിണ കന്നഡ എംപി. കൂടിയായ നളിൻ കുമാർ കട്ടീൽ പ്രഖ്യാപിച്ചത്. സംഭവം വിവാദമായതോടെ കോൺഗ്രസ്സും യൂത്ത് കോൺഗ്രസ്സും ഡിവൈഎഫ്ഐ.യും എംപി ക്കെതിരെ പരാതിയുമായി രംഗത്തെത്തി. കൊനാജെ പൊലീസ് ഐ.പി.സി. 506 പ്രകാരം നളിൻ കുമാറിനെതിരെ കേസ് രജിസ്ട്രർ ചെയ്തു കോടതിക്ക് റിപ്പോർട്ട് അയച്ചു. കോടതി നിർദ്ദേശ പ്രകാരം എംപി. ക്കെതിരെ അടുത്ത നടപടി ആരംഭിക്കുമെന്ന് മംഗളൂരു പൊലീസ് കമ്മീഷണർ ചന്ദ്രശേഖർ പറഞ്ഞു.

നളിൻ കുമാറിനെതിരെ പൊലീസ് നടപടി ആരംഭിച്ചതോടെ അദ്ദേഹം മുൻ നിലപാടിൽ നിന്നും അയഞ്ഞു. ക്രമസമാധാന തകർച്ചക്കും സമാധാനത്തിനും ഭംഗം വരുത്താൻ താൻ ഉദ്ദേശിച്ചിരുന്നില്ലെന്ന് വ്യക്തമാക്കിയുള്ള പ്രസ്ഥാവന നടത്തി ഒഴിഞ്ഞു മാറാൻ ശ്രമിക്കുകയാണ്. എന്നാൽ കോൺഗ്രസ്സ് നളിൻ കുമാറിന്റെ വിവാദ പ്രസംഗത്തിനെതിരെ കേസെടുക്കണമെന്ന ആവശ്യവുമായി മുന്നോട്ട് പോവുകയാണ്. കഴിഞ്ഞ ഒക്ടോബർ 22 നാണ് കാർത്തിക് രാജ് കൊല്ലപ്പെട്ടത്. മുസ്ലിം തീവ്രവാദികളാണ് കാർത്തിക്കിനെ കൊല ചെയ്തതെന്നാണ് ആരോപണം.

കേരളത്തിൽ നിന്നുമുള്ള ക്രിമിനലുകളുടെ സഹായത്തോടെയാണ് ദക്ഷിണ കന്നഡയിലെ ഹിന്ദുക്കളെ കൊല ചെയ്യുന്നതെന്ന് നളിൻ കുമാർ എം. പി. പ്രസംഗത്തിൽ ആരോപിച്ചിരുന്നു. ഹിന്ദു സമുദായത്തിലെ ജനങ്ങൾക്ക് കർണ്ണാടകത്തിൽ പൊലീസ് സംരക്ഷണം പോലും ലഭിക്കുന്നില്ല. പശു കള്ളക്കടത്തുകാരൻ കൊല്ലപ്പെട്ടപ്പോൾ 20 ലക്ഷം രൂപ കർണ്ണാടക സർക്കാർ നഷ്ടപരിഹാരം നൽകി. എന്നാൽ ഹൈന്ദവരെ പാടെ അവഗണിക്കുകയാണ്.

സമാന പരിപാടികളുമായി പേജാവൂർ മഠാധിപതി സ്വാമി വിശ്വേശ്വര തീർത്ഥയും രാമജന്മ ഭൂമിക്കു വേണ്ടി രംഗത്തിറങ്ങുകയാണ്. അയോദ്ധ്യയിൽ രാമക്ഷേത്രം ഉടൻ ആരംഭിക്കണമെന്നാവശ്യപ്പെട്ട് മംഗള ഗോയാത്രക്കുള്ള ഒരുക്കങ്ങളും നടക്കുകയാണ്. ഈ മാസം 22 ന് രാമചന്ദ്രപുര മഠത്തിന്റെ ആഭിമുഖ്യത്തിലാണ് മംഗള ഗോയാത്ര നടത്തുന്നത്. അയോദ്ധ്യയിൽ ക്ഷേത്ര നിർമ്മാണം വൈകുന്നത് ഹൈന്ദവരെ അധിക്ഷേപിക്കുന്നതിന് തുല്യമാണെന്ന് വിശ്വേശ്വര തീർത്ഥ പറയുന്നു.

ഭൂരിപക്ഷ സമൂഹം ഈ അധിക്ഷേപം അധികനാൾ കണ്ടു നിൽക്കില്ല. ഹിന്ദുക്കളുടെ ആത്മീയ ധർമ്മമാണ് ഗോക്കളെ സംരക്ഷിക്കുക എന്നത്. പശുക്കൾക്ക് നേരെയുള്ള അക്രമത്തെ ഫലപ്രഥമായി തടയാൻ ഇനിയും കഴിഞ്ഞിട്ടില്ല. ഗോ സംരക്ഷണത്തെക്കുറിച്ചുള്ള ജന ജാഗ്രത സൃഷ്ടിക്കാനാണ് മംഗള ഗോയാത്രയെന്നും സ്വാമി പറയുന്നു. കർണ്ണാടകത്തിലെ ദക്ഷിണ കന്നഡ ജില്ലയിൽ വർഗ്ഗീയത ആളിക്കത്തിക്കാൻ ശ്രമം നടക്കുമ്പോൾ കന്നഡ മനസ്സുള്ള കാസർഗോഡും അതിന്റെ അലയടികൾ ഉണ്ടാവുമോ എന്ന ഭയത്തിലാണ് ജനങ്ങൾ.