- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
പട്ടിണിമൂലം മൂന്നാം ക്ലാസിൽ പഠിത്തം നിർത്തി; മക്കളെ പോറ്റാൻ 24-ാം വയസു മുതൽ ലൈംഗിക തൊഴിലാളി; മൂവായിരം പുരുഷന്മാരുമായി ബന്ധപ്പെട്ടെന്ന് കഥകൾ; മാധവിക്കുട്ടിക്ക് ശേഷം മലയാളിയെ ഞെട്ടിച്ച അത്മകഥ; ഇപ്പോൾ ചലച്ചിത്ര അവാർഡും; സിനിമയെ വെല്ലുന്ന നളിനി ജമീലയുടെ ജീവിതം!
കോഴിക്കോട്: ജീവിതം അനന്തമായ അവസരങ്ങളുടെയും സാധ്യതകളുടേതുമാണ്. പലപ്പോഴും നാം അത് തിരിച്ചറിയുന്നില്ലെന്ന് മാത്രം. രണ്ടുപതിറ്റാണ്ട്മുമ്പ് തൃശൂർ ശക്തൻ തമ്പുരാൻ ബസ്റ്റാൻഡിന്് സമീപം തന്റെ ഇടപാടുകാരെ കാത്തുനിന്ന് ഒരു ലൈംഗികത്തൊഴിലാളി ഇന്ന് എഴുത്തുകാരിയാണ്, ഡോക്യൂമെന്റി നിർമ്മാതാവാണ്, ഇപ്പോൾ ചലച്ചിത്ര അവാർഡ് കൂടി നേടിയിരിക്കുന്നു. ജീവിതം ഒരു വിസ്മയമാക്കിയ ആ സ്ത്രീയുടെ പേരാണ് നളിനി ജമീല.
'ഞാൻ ലൈംഗകിത്തൊഴിലാളി' എന്ന ആത്മകഥ കൊണ്ട്, കപട സദാചാരവാദിയായ മലയാളി പരുഷന്റെ മുഖത്തേക്ക് തീണ്ടാരിത്തുണികൊണ്ട് ഒരു ഏറ് സമ്മാനിച്ചു അവർ. മാധവിക്കുട്ടിയുടെ 'എന്റെ കഥ'യ്ക്കുശേഷം മലയാളി മറ്റൊരു പുസ്തകത്തിന്റെ പേരിലും ഇത്രയേറെ നടുങ്ങിയിട്ടുണ്ടാവില്ല. ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാർഡ് നടി സുഹാസിനി പ്രഖ്യാപിച്ചപ്പോൾ, 'ഭാരതപ്പുഴ' എന്ന ചിത്രത്തിലൂടെ വസ്ത്രാലങ്കാരത്തിന് പ്രത്യേക പരാമർശനം നേടിയത് നളിനി ജമീലയാണ്. ''എന്റെ സുഹൃത്തിന്റെ സിനിമാണ് ഭാരതപ്പുഴ. ഇങ്ങനെ ഒരു ചിത്രം ചെയ്യുന്നുണ്ടെന്നും, പക്ഷേ നിനക്ക് പറ്റിയ വേഷമില്ല, പകരം സിനിമയിലെ വസ്ത്രാലങ്കാരം ചെയ്യണമെന്നും സംവിധായകൻ പറഞ്ഞു. ജീവിതത്തിൽ ആദ്യമായാണ് ഈ ജോലി ചെയ്യുന്നുത്. അതുകൊണ്ടുതന്നെ ഒരു പുരസ്ക്കാരം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിട്ടില്ല.''- അവാർഡ് വാർത്ത അറിഞ്ഞ് വിളിച്ച മാധ്യമ പ്രവർത്തകരോട് നളിനിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു.
പക്ഷേ ഏതൊരു കൊമേർഷ്യൽ ത്രില്ലർ സിനിമയെയും കവച്ചുവെക്കുന്നതാണ് നളിനി ജമീലയുടെ ജീവിതകഥ. അതിൽ സെക്സുണ്ട്, സ്റ്റണ്ടുണ്ട്, വിശപ്പുണ്ട്, ചതിയുണ്ട്, പകയുണ്ട്, പ്രണയുമുണ്ട് എല്ലാറ്റിനും ഉപരി അസാധാരണമായ അതിജീവന ത്വരയുണ്ട്.
ജീവിക്കാനായി ലൈംഗിക തൊഴിലിലേക്ക്
1954 ഓഗസ്റ്റ് 18നു തൃശ്ശൂരിലെ കല്ലൂർ ഗ്രാമത്തിലാണ് നളിനി ജമീല ജനിച്ചത്. കല്ലൂർ ഗവണ്മെന്റ് സ്കൂളിൽ 3ാം ക്ലാസ് വരെ പഠിച്ചു. 9ാം വയസ്സിൽ ഭക്ഷണമില്ലാതെ ജോലിക്കറങ്ങുമ്പോഴും, 13ാം വയസ്സിൽ വീട്ടുപണിക്ക് ഇറങ്ങുമ്പോഴുമൊക്കെ നമ്മൾക്കുള്ളത് നമ്മൾ നേടണം, എന്ന വിശ്വാസത്തിലാണ് മുന്നോട്ട് പോയത്. പക്ഷേ ഒന്നും നേടാൻ ആയില്ല.
24ാം വയസ്സിൽ കാൻസർ ബാധിച്ചു ഭർത്താവ് മരിച്ചതിൽ പിന്നെ തന്റെ കുടുംബം പുലർത്താനാണ് ലൈംഗിക തൊഴിലാളി ആയതെന്ന് നളിനി തന്റെ ആത്മകഥയിൽ പറയുന്നു. ''എന്റെ ഭർത്താവ് മരിച്ചു പോയി, എനിക്ക് രണ്ട് കുട്ടികളുണ്ടായിരുന്നു. അവരെ സംരക്ഷിക്കാൻ കൂട്ടുകാരികളോട് സഹായം അന്വേഷിച്ചപ്പോൾ, അതിലൊരു സുഹൃത്ത് പറഞ്ഞുതന്ന വഴിയാണ് ഇത്. താൻ പറയുന്നയാളുടെ കൂടെ പോയാൽ കാശുകിട്ടുമെന്ന് അവൾ പറഞ്ഞു. കൂടെ പോയാൽ എങ്ങനെയാ കാശ് കിട്ടുക, നിന്റെ ഭർത്താവ് പെരുമാറുന്നത് പോലെ അങ്ങേരും പെരുമാറുമെന്ന് സുഹൃത്ത് പറഞ്ഞു. സമൂഹം എന്ത് കരുതുമെന്നൊന്നും ഞാൻ നോക്കിയിട്ടില്ല. ഇരുട്ടിൽ തുടങ്ങി ഇരുട്ടിൽ അവസാനിക്കുന്ന പ്രശ്നം മാത്രമാണല്ലോ ഇത്.'' - നളിനി ജമീല പറയുന്നു.
കൂടെക്കിടന്ന പൊലീസുകാർ തന്നെ അറസ്്റ്റ് ചെയ്യിച്ചു
''പക്ഷേ അയാളൊരു പൊലീസുകാരനായിരുന്നു. രാത്രി എട്ട് മണി മുതൽ അഞ്ച് മണിവരെ അയാൾ എന്റെ കൂടെയുണ്ടായിരുന്നു.അഞ്ചരയായപ്പോൾ ഇതേ പൊലീസുകാരൻ വിളിച്ച് പറഞ്ഞ് രണ്ട് തെരുവ് വേശ്യകളുണ്ടെന്നും അവരെ അറസ്റ്റ് ചെയ്യണമെന്നും പറഞ്ഞു. അങ്ങനെ പൊലീസ് കൊണ്ടുപോയി. നല്ല അടിയാണ് സ്റ്റേഷനിൽ കിട്ടിയത്. കാലിന്റെ അടിയിൽ മൂന്നടി, പുറത്ത് മൂന്നടി. തിരിച്ച് നല്ല തെറിയാണ് ഞാൻ വിളിച്ചത്. പൊലീസുകാർക്ക് അടിക്കാനുള്ള അധികാരമുണ്ടെന്ന് എനിക്കറിയില്ലായിരുന്നു. നമ്മൾ മിണ്ടാതിരിക്കണമെന്നും അറിയില്ലായിരുന്നു. ഇപ്പോഴും ആ വേദന ആലോചിക്കുമ്പോൾ കരച്ചിൽ വരും. എന്നാൽ ഞാൻ അന്ന് കരഞ്ഞില്ല. അത് പൊലീസുകാരെ പേടിപ്പിച്ചിരുന്നു. കാലിനടിയിലെ അടി ശരിക്കും തലയിൽ വരെ വേദനയുണ്ടാക്കും. എന്നാൽ ഞാൻ കാലുവലിച്ചില്ല.
പിന്നീട് അടിച്ച ഒരു അടിക്കും ഞാൻ കാലുവലിച്ചില്ല. എണീറ്റ് ചാടെടി എന്നായി പൊലീസ്. അപ്പോഴാണ് പോടാ.... എന്ന തെറി വിളിച്ചത്. തൃശൂർ പൊലീസ് സ്റ്റേഷനിലായിരുന്നു സംഭവം. അന്ന് എന്റെ മനസ്സിൽ തോന്നിയ തീ ഇപ്പോഴും അണഞ്ഞിട്ടില്ല. പൊലീസിന്റെ കൂടെ വരുമ്പോൾ ഞാൻ മാത്രമെങ്ങനെയാണ് കുറ്റവാളിയാവുന്നത്. ആ പൊലീസുകാരനെയും അറസ്റ്റ് ചെയ്യേണ്ടതല്ലേ.'' - നളിനി ജമീല ചോദിക്കുന്നു.
പിന്നീട് ലൈംഗികത്തൊഴിലാളികൾ സംഘടന രൂപീകരിച്ചപ്പോൾ അവരുടെ പ്രധാന ആവശ്യവും പൊലീസ് പീഡനങ്ങളിൽനിന്നുള്ള മോചനം ആയിരുന്നു. ''2005ൽ പുസ്തകം ഇറക്കിയ ശേഷം തൃശൂരിൽ ഒരു സ്റ്റേഷനിലും ഒരു സ്ത്രീയെ തല്ലാൻ പൊലീസുകാർ ധൈര്യം കാണിച്ചിട്ടില്ല. പല സ്ഥലത്തും ഇപ്പോൾ അറസ്റ്റ് കുറഞ്ഞിട്ടുണ്ട്. തൃശൂർ സ്റ്റേഷനിൽ പൊലീസ് സ്ത്രീകളെ അറസ്റ്റ് ചെയ്താൽ നിനക്ക് നളിനി അറിയുമോ എന്നാണ് ചോദിക്കുക. ഉണ്ട് എന്ന് പറഞ്ഞാൽ തല്ലില്ല. ഇപ്പോൾ പഴയ സമീപനം ഒരുപാട് മാറിയിട്ടുണ്ട്. ഇതൊക്കെ ഞങ്ങൾ ഫൈറ്റ് ചെയ്ത നേടിയതാണ്. ''- നളിനി ജമീല പറയുന്നു.
സംഘടനയും ഡോക്യുമെന്റിയും മാറ്റിയ ജീവിതം
പിന്നീട് അങ്ങോട്ടുള്ള രണ്ടര പതിറ്റാണ്ട് നീണ്ട നളിനി ജമീലയുടെ ജീവിതം ലൈംഗികത്തൊഴിലുമായി ബന്ധപ്പെട്ടുതന്നെയായിരുന്നു. തൃശൂരിലും, കോഴിക്കോട്ടും, കണ്ണൂരിലും, മംഗലാപുരത്തുമായി അവർ ജീവിച്ചു തീർത്തു. ഇതിനിടെ പല റിലേഷൻ ഷിപ്പുകളും ഉണ്ടായി. പക്ഷേ ഒന്നും നില നിന്നില്ല.
സാമൂഹിക പ്രവർത്തകൻ മൈത്രേയന്റെയും, പങ്കാളി ഡോ ജയശ്രീയും ചേർന്ന് ലൈംഗികത്തൊഴിലാളികളെ സംഘടിപ്പിക്കുകയും ബോധവത്ക്കരണം നടത്തുകയും സംഘടന ഉണ്ടാക്കുകയും ചെയ്തതോടെയാണ് നളിനി ജമീല അടക്കമുള്ളവരുടെ ജീവിതം മാറിമറിയുന്നത്. മൈത്രേയന്റെ സഹായത്തോടെ തായ്ലാന്റിൽ അഞ്ചു രാജ്യങ്ങളിൽ നിന്നുള്ള ലൈംഗിക തൊഴിലാളികൾക്കായി സംഘടിപ്പിച്ച ഒരു വീഡിയോ ശിൽപ്പശാലയിൽ നളിനിയും പങ്കെടുത്തു. അവിടെവച്ചാണ് നളിനി 8 മിനിട്ട് നീളമുള്ള ''ഒരു ലൈംഗിക തൊഴിലാളിയുടെ ജീവിതത്തിലെ ഒരു ദിവസം'' എന്ന തന്റെ ആദ്യ ഡോക്യുമെന്ററി നിർമ്മിച്ചത്. 2003-ൽ 'A peep into the life of the silenced' (നിശ്ശബ്ദമാക്കപ്പെട്ടവരുടെ ജീവിതത്തിലേക്ക് ഒരെത്തിനോട്ടം) എന്ന രണ്ടാമത്തെ ഡോക്യുമെന്ററി നിർമ്മിച്ചു.
2013 ൽ സെക്സ്, ലൈസ് ആൻഡ് എ ബുക്ക് എന്നപേരിൽ ഇംഗ്ലീഷിലാണ് ഡോക്യു ഡ്രാമ നിർമ്മിക്കപ്പെട്ടു. പ്രമുഖ സിനിമാ സംവിധായകൻ സന്തോഷ് ശിവന്റെ സഹോദരനായ സഞ്ജീവ് ശിവനാണ് 28മിനിറ്റ് ദൈർഘ്യമുള്ള ഡോക്യുമെന്ററി സംവിധാനം ചെയ്തത്. ഈ ഡോക്യുമെന്റി ശ്രദ്ധിക്കപ്പെട്ടതോടെയാണ് നളിനി ജമീലയുടെ പൊതു ജീവിതം തുടങ്ങുന്നത്.
ഒരു ലൈംഗിക തൊഴിലാളിയുടെ ആത്മകഥ
പുസ്തം എഴുതാനുണ്ടായ സാഹചര്യം നളിനി വിശദീകരിക്കുന്നത് ഇങ്ങനെയാണ്.-'' എല്ലാം മറച്ചുവെച്ച് കള്ളം പറയുന്ന ഈ സമൂഹത്തെ ഒന്നു പൊളിച്ചെഴുതണമെന്ന് എനിക്കു തോന്നി. പെണ്ണിനു പറയാൻ പാടില്ല, പെണ്ണിനു നിൽക്കാൻ പാടില്ല, പെണ്ണിനു പോവാൻ പാടില്ല ഇങ്ങനെ കുറെ വഴികളുണ്ട് ആ വഴികളൊക്കെ മാറ്റിയെഴുതാൻ, മാറ്റി ചിന്തിപ്പിക്കാൻ കഴിയും. അതിനെന്താണ് ഒരു വഴി എന്നാലോചിക്കുമ്പോഴാണ് പുസ്തകം എഴുതാം എന്നൊരു ചർച്ച വന്നത്. 2003 ലാണ്. അപ്പോൾ സുഹൃത്തുക്കൾ പറഞ്ഞു നീ ഒരു കഥയെഴുത്. പക്ഷേ കഥ എന്നു പറയുന്നത് ഭാവന ചേർന്നതാണല്ലോ? എങ്കിൽ ജീവചരിത്രമോ, ആത്മകഥയോ എഴുത് എന്ന നിർദ്ദേശം മൈത്രേയൻ മുന്നോട്ടു വെച്ചു.
ഞാൻ ചോദിച്ചു, കഥയാണോ ആത്മകഥയാണോ ജീവചരിത്രമാണോ കൂടുതൽ സത്യസന്ധമെന്ന് തോന്നിക്കുന്നത്? അങ്ങനെയാണ് ആത്മകഥ എഴുതാം എന്നു തീരുമാനിച്ചത്. 'ഞാൻ ലൈംഗിക തൊഴിലാളി' എന്ന പുസ്തകത്തിന്റെ പിറവി. പുസ്തകം അച്ചടിച്ചു. വായിക്കപ്പെടുന്നുണ്ട്. പലരും കടയിൽ വന്നു ചോദിക്കാറുള്ളത് നളിനി എഴുതിയ പുസ്തകം ഒന്നു പൊതിഞ്ഞു തരുമോ? എന്നായിരുന്നു. പൊതിഞ്ഞു വാങ്ങിയാലും ആ പുസ്തകം തുറന്നു വായ്ക്കപ്പെടുമല്ലോ. 'ഞാൻ കൊള്ളാല്ലോ' എന്നാണ് എനിക്ക് അപ്പോൾ തോന്നിയത്. നളിനി ജമീല ചൂണ്ടിക്കാട്ടുന്നു.
''എനിക്ക് 51 വയസ്സുണ്ട്, ഞാൻ ഒരു ലൈംഗികത്തൊഴിലാളി ആയി തുടരാൻ ആഗ്രഹിക്കുന്നു''- 2005ൽ പ്രസിദ്ധീകരിച്ച നളിനിയുടെ ആത്മകഥ തുടങ്ങുന്നത് ഇങ്ങനെയാണ്. ഈ കൃതി ഡി.സി. ബുക്സ് പ്രസിദ്ധീകരിച്ച് 10 ദിവസത്തിനുള്ളിൽ 2000 കോപ്പികൾ വിറ്റുപോയി. ഇന്നും മലയാളത്തിൽ വിൽപ്പനയിൽ റെക്കോർഡിട്ട പുസ്കങ്ങളിൽ ഒന്നാണിത്. ഐ. ഗോപിനാഥ് എന്ന സാമൂഹിക പ്രവർത്തകന്റെ സഹായത്തോടെ ആണ് ഈ പുസ്തകം രചിച്ചത്. ലൈംഗികത്തൊഴിലാളികളോടും അവരുടെ ഉപഭോക്താക്കളോടുമുള്ള പുരുഷകേന്ദ്രീകൃത സമൂഹത്തിന്റെ ഇരട്ടത്താപ്പുനയം വ്യക്തമാക്കുന്നു. ലൈംഗിക തൊഴിലാളികൾ ഈ ലൈംഗിക പട്ടിണിയുള്ള സമൂഹത്തിന് ഒരു സേവനമാണ് ചെയ്യുന്നതെന്ന് നളിനി പറയുന്നു.
പുസ്തകത്തെ അനുകൂലിച്ചും പ്രതികൂലിച്ചും രൂക്ഷമായി വിമർശിച്ചും കൊണ്ടുള്ള ലേഖന പരമ്പരകൾവരെ മലയാളം ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ വന്നിരുന്നു. ആത്മകഥ ആറോളം ഭാഷകളിൽ ഇറങ്ങി. കന്നഡത്തിൽ ഇറങ്ങിയ ബുക്ക് അന്ന് കേന്ദ്രമന്ത്രിയായിരുന്ന വീരപ്പ മൊയിലി ആയിരുന്നു പുറത്തിറക്കിയത്. തമിഴിൽ നടൻ നാസർ ആണ് പുറത്തിറക്കിയത്. മലയാളത്തിൽ പക്ഷേ ആ ചടങ്ങിൽ പങ്കെടുക്കാൻ പലർക്കും മടിയായിരുന്നു. ഒടുവിൽ ഡോക്ടർ പുനത്തിൽ കുഞ്ഞബ്ദുള്ള വന്നു, അദ്ദേഹം മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനായൊരു മനുഷ്യനാണ് എന്നു ജമീല രേഖപ്പെടുത്തുന്നു. ( പിന്നീട് എന്റെ ആണുങ്ങൾ എന്ന പുസ്തകത്തിലും പുനത്തിലിനെ കുറിച്ച് നളിനി പറയുന്നുണ്ട്. താൻ പരിചയപ്പെട്ടതിൽ ഏറ്റവും മനുഷ്യത്വമുള്ള ആൾ എന്നാണ് നളിനി എഴുതുന്നത്. ) ഈ പുസ്തകം സമൂഹത്തിൽ വൻ ചലനങ്ങൾ സൃഷ്ടിച്ചിരുന്നു. ലൈംഗികത്തൊഴിലാളികളോടുള്ള സർക്കാരിന്റെ സമീപനത്തിലും മാറ്റം വരുത്താൻ ഒരു പരിധി വരെ ഈ പുസ്തകം സഹായിച്ചു.
പിന്നീട് നളിനിക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. മൂന്ന് പുസ്തങ്ങൾ കൂടി അവർ രചിച്ചു. നിരവധി സെമിനാറുകളിലും ചർച്ചാക്ലാസുകളിലും പങ്കെടുത്തു. ആക്റ്റീവിസ്റ്റ് എന്ന നിലയിൽ വിവിധ രാജ്യങ്ങൾ സന്ദർശിച്ചു. 2000-ൽ കേരളത്തിലെ ലൈംഗിക തൊഴിലാളികളുടെ സംഘടനയായ ''കേരള സെക്സ് വർക്കേഴ്സ് ഫോറ''ത്തിൽ പ്രവർത്തിച്ചുതുടങ്ങി. 2001-മുതൽ അതിന്റെ കോർഡിനേറ്റർ ആണ്. ജമീല ഇപ്പോൾ അഞ്ച് സർക്കാരിതര സംഘടകളുടെ(എൻജിഒ) ഉന്നത സമിതിയിൽ അംഗമാണ്.
ഭർത്താക്കന്മാർക്കുവേണ്ടി ഞങ്ങളെ വിളിക്കുന്ന ഭാര്യമാർ
ലൈംഗികത്തൊഴിലാളികളുടെ നൊമ്പരങ്ങൾക്ക് ഒപ്പം കാമന്ധത ചലംപോലെ പൊട്ടി ഒലിക്കുന്ന ഒരു സമൂഹത്തിന്റെ നേർക്കാഴ്ചയാണ് നളിനി ജമീല ഈ പുസ്തകത്തിൽ നൽകുന്നത്. ഒരിടത്ത് അവർ പറയുന്നത് ഭർത്താക്കന്മാരുടെ കാമാസക്തി സഹിക്കാൻ ആവാതെ ചില ഭാര്യമാർ തന്നെ ലൈംഗികത്തൊഴിലാളികളെ വിളിച്ച് തങ്ങളുടെ ഭർത്താക്കന്മാർക്ക് കൊടുക്കുന്നുവെന്നാണ്. അതുപോലെതന്നെ സ്ത്രീ ഒന്ന് മുൻകൈ എടുത്താൽ അങ്കലാപ്പിലാവുന്ന മലയാളി പുരുഷന്റെ സെക്ഷ്വൽ ഹിപ്പോക്രിസിയും അവർ എഴുതുന്നുണ്ട്. ഒരു ചായയിട്ട് കൊടുത്താൽ അത് കുടിക്കാൻ പോലും നിൽക്കാതെ പെട്ടെന്ന് കാര്യം സാധിച്ച് മടങ്ങുന്നതിലാണ് മലയാളി പുരുഷന് താൽപ്പര്യമെന്നും അവർ എഴുതുന്നു.മാത്രമല്ല സ്ത്രീയുടെ ഭാഗത്തനിന്ന് കാര്യങ്ങൾ കാണാനും അവൾ പലപ്പോഴും ശ്രമിച്ചിട്ടുണ്ട്.
''പുരുഷന്മാർക്ക് വേണ്ടത് കിട്ടിയില്ല എന്നൊക്കെ ചോദ്യം വരാറുണ്ട്, പക്ഷേ എപ്പോഴെങ്കിലും സ്ത്രീകൾക്ക് വേണ്ടത് ലൈംഗികതയിലൂടെ കിട്ടിയില്ല എന്ന് ചോദിച്ചിട്ടുണ്ടോ? സ്ത്രീകളെ കുറിച്ച് അറിയാനുള്ള ആഗ്രഹവുമായി വന്നവരാണ് എന്റെ ക്ലയന്റുകളിൽ ഭൂരിഭാഗവും. കല്യാണമാകുമ്പോൾ ഞാൻ എങ്ങനെയാണ് അവളോട് ഇടപെടേണ്ടത് എന്നൊക്കെയായിരുന്നു ചോദ്യം. ഇവിടെ മനസ്സിലാക്കേണ്ടത് ഓരോ പുരുഷനും സ്ത്രീയും വ്യത്യസ്തരാണ് എന്നാണ്. അവർക്കെല്ലാം വ്യത്യസ്ത താൽപര്യങ്ങളായിരിക്കും. ഞാൻ ചില കാര്യങ്ങൾ പറഞ്ഞു കൊടുക്കാറുണ്ട്, അത് സ്ത്രീകളുടെ താൽപര്യമാണോ എന്ന് നോക്കിയിട്ട് മാത്രമേ ചെയ്യാൻ പാടൂ എന്നും പറഞ്ഞിട്ടുണ്ട്''- നളിനി എഴുതി.
ഞങ്ങൾ സെക്സ് കൗൺസിലേഴ്സ്
''ഇത്തരം സ്ത്രീകളെ സെക്സ് വർക്കർ എന്നതിലുപരി സെക്സ് കൗൺസിലർ എന്ന് വിളിക്കാൻ ഈ സമൂഹത്തിന് മടിയാണ്. കാരണം അവരുണ്ടാക്കിയ നിയമപ്രകാരം അത് അങ്ങനെയാണ്.സെക്സിൽ ഭാര്യ എലി ഭർത്താവ് പൂച്ച എന്ന സമ്പ്രദായമാണ്. പക്ഷേ അതൊന്നുമല്ല സെക്സ്. സ്നേഹവും ഇടപെടലുമാണ് സ്ത്രീകൾ ആഗ്രഹിക്കുന്നത്. പുരുഷന്മാർ പലരും സിനിമ കണ്ടിട്ടാണ് ആദ്യ രാത്രിയിലെ ഈ ആധിപത്യത്തിനൊക്കെ ശ്രമിക്കുന്നത്. നമ്മൾ സെക്സ് ചെയ്യുന്നതിന് മുമ്പ് എന്താണ് താൽപര്യം എന്ന് അറിയുക. നമ്മൾക്ക് എന്താണ് ഇഷ്ടമില്ലാത്തത് എന്ന് തുറന്ന് പറയണം. ഇന്നേവരെ എന്റെ അടുത്ത് ഒരു രാഷ്ട്രീയക്കാരനും അധികാരം കാണിച്ചിട്ടില്ല. ചില പൊലീസുകാർ വന്നിട്ടുണ്ട്. പക്ഷേ അവരോടും ബ്രോത്തൽ ചാർജ് വേണമെന്ന് പറഞ്ഞിട്ടുണ്ട്.
ഞാൻ പുസ്തകം എഴുതിയിട്ടുണ്ട്, ഷോർട്ട് ഫിലിം എടുത്തിട്ടുണ്ട്, സാമൂഹ്യ പ്രവർത്തനം നടത്തുന്നുണ്ട്. എന്നാൽ എന്നെ വിളിക്കുന്നത് ലൈംഗിക തൊഴിലാളിയായ നളിനി ജമീലയെന്നാണ്. തനിക്ക് ബഹുമാനം തരുന്നവരാണ് ക്ലയന്റുകളിൽ അധികമെന്നും നളിനി പറയുന്നു.
കേരളത്തിലുമുണ്ട് ബ്രോത്തൽ ഹൗസുകൾ
വേശ്യാലയങ്ങൾ ഒന്നുമില്ലാത്ത നാടാണ് ഇപ്പോൾ കേരളം എന്ന് പറയുന്നതിനെയും അവർ ഖണ്ഡിക്കുന്നു. ''കേരളത്തിൽ ബ്രോത്തൽ ഹൗസ് ഇല്ല എന്ന് പറയുന്നത് തെറ്റാണ്. അത്തരം ലോഡ്ജ് മുറികളുണ്ട്. കേരളത്തിന്റെ തെക്ക് തൊട്ട് വടക്ക് വരെ ഈ കമ്പനി ഹൗസുകളുണ്ട്. മുൻകാലങ്ങളിൽ ആവശ്യക്കാർ ക്യൂ നിന്ന് ഞങ്ങളുടെ അടുക്കൽ വന്നു. കൊണ്ടുപോയോ, നമ്മളൊരുക്കുന്ന സൗകര്യത്തിലോ അവർ അവരുടെ ആവശ്യം നടത്തുന്നു. മാന്യമായ പണം നൽകുന്നു. ആവശ്യക്കാർ വിലകൊടുത്താണെങ്കിലും അവരുടെ ആവശ്യങ്ങൾ നടത്തിയിരുന്നു. ഇന്നു വിലകൊടുത്തു വാങ്ങുന്നത് നാണക്കേടാണ്. റോഡ് സൈഡുകളിൽ നിന്നും ആശുപത്രികളുടെ മുന്നിൽ നിന്നുമെല്ലാം ലൈംഗിക തൊഴിലാളികളെ ആട്ടിപ്പായിക്കുന്നു. പക്ഷേ ഇതൊക്കെ ചെയ്യുമ്പോൾ തന്നെ അവന്റെ ആവശ്യം നടത്താനാകാതെ അലയുകയുമാണ്. കഴുത കാമം കരഞ്ഞു കളയുന്നതുപോലെയാണ് മലയാളിയുടെ അവസ്ഥയും.പുരുഷന് അവന്റെ കാമം എങ്ങനെ തീർക്കണമെന്നറിയില്ല. ലൈംഗിക താത്പര്യം അടക്കിനിർത്താൻ കഴിയാത്തവരാണ് പുരുഷന്മാർ. സ്ത്രീകൾക്കതിനു കഴിയും. വിവാഹിതരായവരിൽ 80 ശതമാനവും കന്യകമാരല്ലാത്തവരാണന്ന് റിപ്പോർട്ടുകളുണ്ട്. അതായത് സ്ത്രീകൾക്ക് അവരുടെ ആഗ്രഹം നടത്താൻ ചോയ്സുകളുണ്ട്, ആരുമറിയാതെ തന്നെ. പുരുഷന്റെ കാര്യമോ? കാമം അവന് ഭ്രാന്തായി മാറുന്നു. ആ ഭ്രാന്തിൽ മുന്നിൽ കിട്ടുന്നത് അമ്മയാണെന്നോ മകളാണെന്നോ പെങ്ങളാണെന്നോ നോക്കില്ല.''- നളിനി ജമീല ഒരിക്കൽ പറഞ്ഞു.
''മലയാളിയെ ഞാൻ സെക്സ് കള്ളനെന്നു വിളിക്കും. ഈ കാര്യത്തിൽ ഇത്രത്തോളം കള്ളത്തരം കാണിക്കുന്ന മറ്റാരുമില്ല. കൊൽക്കത്തയിലും ബോംബെയിലുമുള്ള കേന്ദ്രങ്ങളൊന്നും ഇവിടെ വേണ്ടെന്നു വാദിക്കുന്നവരുടെ യഥാർത്ഥ തായം കളി കാണണം! കേരളത്തിന്റെ ഭൂപ്രകൃതിയിലൂടെ മലയാളിക്ക് കുറെ സഹായങ്ങൾ കിട്ടുന്നുണ്ട്. കോഴിക്കോട് ഭാഗത്തുള്ളവർക്കാണെങ്കിൽ കാര്യം നടത്താൻ മൈസൂർ പോകാം. പെണ്ണിനെ കൂടെ കൊണ്ടുപോകണമെങ്കിൽ അതാവാം, അല്ലെങ്കിൽ സുന്ദരികളെ അവിടെ നിന്നു കിട്ടും. പാലക്കാട് ഭാഗത്തുള്ളവർക്ക് പഴനിയുണ്ട്. എല്ലാ സൗകര്യങ്ങളും അവിടെ ലഭ്യമാണ്. കണ്ണൂർ ഭാഗത്തുള്ളവർക്ക് മംഗലാപുരമാണ് കേന്ദ്രം. കേരളത്തിലെ എല്ലാ സെക്സ് കള്ളന്മാരും മംഗലാപുരത്ത് എത്താറുണ്ട്. കോട്ടയം ഭാഗത്തുള്ളവർ മധുരയ്ക്കാണ് പോകുന്നത്. കോവിലുകളുടെ അടുത്തൊക്കെ ഇഷ്ടംപോലും സൗകര്യങ്ങൾ കിട്ടും. പെണ്ണിനെ കൂട്ടിക്കൊണ്ടും ചെല്ലാം അല്ലെങ്കിൽ അവിടെ നിന്നു കിട്ടും. തിരുവനന്തപുരം ഭാഗത്തുള്ളുള്ളവർ പോകുന്നത് കന്യാകുമാരിയിലാണ്. ഇങ്ങനെയാണ് മലയാളിയുടെ ചുറ്റിക്കളി. അപ്പോൾ നാട്ടിലവന് മാന്യനായി നടക്കാം. പക്ഷേ ഒരുകാര്യം പറയാതെ വയ്യ, എല്ലായിടത്തെ പെണ്ണുങ്ങളും സമ്മതിക്കും, അവരുടെ ഏറ്റവും നല്ല ക്ലൈന്റ് എപ്പോഴും മലയാളി തന്നെയാണ്. പണത്തിന്റെ കാര്യത്തിൽ പറ്റിക്കില്ല, ഉപദ്രവിക്കുകയുമില്ല.''- നളിനി ഒരിക്കൽ എഴുതിയത് ഇങ്ങനെയാണ്.
സെക്സിൽ മലയാളിക്കുള്ളത് മുഢ വിശ്വാസങ്ങൾ
''ലൈംഗികത്തൊഴിലാളിയോടുള്ള സമീപനത്തിൽ ഏറ്റവും മോശം മലയാളികളുടേതാണ് എന്ന് ഞാൻ പറയും. കർണാടകയിലും തമിഴ്നാട്ടിലുമൊന്നും ഇത്ര പ്രശ്നങ്ങളില്ല. എന്താണ് ജോലിയെന്ന് സത്യസന്ധമായി പറഞ്ഞാൽ കേരളത്തിൽ വാടകയ്ക്ക് വീട് കിട്ടില്ല. ഒളിച്ചുതാമസിക്കണം. അതേസമയം ജോലിയുടെ ഭാഗമായി ആറുമാസത്തോളം മൈസൂരിൽ പുലർച്ചെ മൂന്നുമണിക്കൊക്കെ ബസ്സിറങ്ങി പോയിട്ടുണ്ട്. യാതൊരുവിധ ചോദ്യം ചെയ്യലുമില്ലാതെ. മലയാളികൾ ബഹുമാനിക്കണമെങ്കിൽ എന്തെങ്കിലുമൊക്കെ 'ബോണസ്സ്' ഉണ്ടായിരിക്കണം. കാണാൻ കൊള്ളാമെന്നതുകൊണ്ട് എനിക്കൊരിക്കലും കൂടുതൽ കാശു കിട്ടിയിട്ടുമില്ല. രാത്രിയായാൽ ഭംഗി, ഭംഗിക്കുറവ് എന്നൊന്നുമില്ല മലയാളി ആണുങ്ങൾക്ക്. ഭാര്യ എന്നും പറഞ്ഞ് റൂമെടുക്കാം എന്ന സൗകര്യംകൊണ്ടാണ് എന്നെയൊക്കെ പകൽ കൊണ്ടുപോവുന്നത്. ക്ഷേത്രങ്ങളായാലും പള്ളികളായാലും അതിനടുത്ത് റൂമെടുക്കാൻ ചെല്ലുന്ന വെളുത്ത സ്ത്രീകൾക്ക് റൂം കൊടുക്കും. അല്ലാത്തവർക്ക് കൊടുക്കില്ല.
അയാളൊഴികെ ആരും കാണുന്നില്ലെങ്കിൽ മലയാളിക്ക് രാത്രി ഏതു സ്ത്രീയും ചേരും. അമല ഹോസ്പിറ്റലിനടുത്ത് വേറൊരു സുഹൃത്തുണ്ടായിരുന്നു എനിക്ക്. അവളോട് കുളിക്കാൻ പറയുമ്പോ ''ഇന്നലെ രാത്രി സാറെന്നെ തേച്ചു കുളിപ്പിച്ചതാ.'' എന്നു പറയും. കുളിപ്പിച്ച് സെക്സ് ചെയ്യുന്ന ക്ലയിന്റുകളുണ്ട്. കൂടുതൽ ക്ലയന്റുകളില്ലാത്തത് ഭംഗിക്കുറവുള്ളവർക്കാണെന്ന മൂഢവിശ്വാസം കൂടിയുണ്ട് ഇതിനു പിന്നിൽ. 'കന്യകാത്വം' എന്ന മൂഢവിശ്വാസത്തിലാണല്ലോ മലയാളിയുടെ സ്വത്വബോധംതന്നെ ഉറപ്പിച്ചിട്ടുള്ളത്. ആദ്യരാത്രി കരയാത്തതുകൊണ്ട് സംശയിക്കപ്പെട്ട അനുഭവം പല ഭാര്യമാരും എന്നോടു പറഞ്ഞിട്ടുണ്ട്. ഒരുപാടു ക്ലയന്റുകളുള്ളതിനാൽ ലൈംഗികാവയവത്തിൽ പുണ്ണുണ്ടാവുകയും അതുകാരണം കരയുകയും ചെയ്താൽ ഇത്തരം ക്ലയന്റുകൾക്ക് സന്തോഷമാണ്. സ്ത്രീ കന്യകയാണെന്നാണ് അയാളുടെ വിശ്വാസം.''
ഇനിയൊരു ജന്മമുണ്ടെങ്കിൽ ലൈംഗിക തൊഴിലാളിയാവണം
വേശ്യാലയങ്ങൾ നിയമവിധേയം ആക്കണം എന്നും മറ്റ് എത് തൊഴിൽ പോലെയാണ് ലൈംഗികത്തൊഴിൽ തുടങ്ങിയ നളിനിയുടെ പ്രസ്താവനകൾ അവർക്ക് ഒരു പാട് വിമർശകരെയും ഉണ്ടാക്കി. പക്ഷേ അവർ അതൊന്നും വകവെച്ചില്ല. പിന്നെയും തനിക്ക് പറയാനുള്ളതൊക്കെയും നളിനി ജമീല തുറന്നു പറഞ്ഞു. വീണ്ടും പൊതുധാരണകളെ പൊളിച്ചെഴുതിക്കൊണ്ട് നളിനിയുടെ 'എന്റെ ആണുങ്ങൾ' എന്ന പുസ്തകം പുറത്തുവന്നു. 'ഞാൻ ലൈംഗിക തൊഴിലാളി' എന്ന ആത്മകഥയുടെ രണ്ടാംഭാഗവുമായി അവർ വീണ്ടും എത്തി. ആദ്യപുസ്തകത്തിൽ പറയാതെ വിട്ടവയുമാണ് 'ഒരു ലൈംഗിക തൊഴിലാളിയുടെ പ്രണയപുസ്തകം' എന്ന അത്മകഥയുടെ രണ്ടാംഭാഗത്തിൽ ഉൾച്ചേർത്തിരിക്കുന്നത്.
മക്കൾക്ക് ഒരു നല്ല ജീവിതം എന്ന ലക്ഷ്യത്തോടെ പണം സമ്പാദിച്ച് അവർക്കായി മാറ്റിവയ്ക്കുമ്പോഴും അവരെ ഒന്നു കാണാനുള്ള അവസരം പോലും നിഷേധിക്കപ്പെടുകയും, മക്കളുടെ നല്ലഭാവിക്ക് എന്നോർത്ത് അതിന് തുനിയാതിരിക്കുകയും ചെയ്ത നളിനി എന്ന അമ്മ. കുട്ടിക്കാലം മുതൽ സ്വന്തം വീട്ടിൽ തന്നെ ഒരു റിബലായി ജീവിച്ച, എവിടെയും ഒരിഞ്ച് താഴാൻ മനസ്സ് അനുവദിക്കാത്ത നളിനി എന്ന ആത്മാഭിമാനിയായ സ്ത്രീ, സാധ്യമായതിൽ വെച്ച് ഏറ്റവും നല്ല വരുമാനം ലഭിക്കുന്ന ജോലി തിരഞ്ഞെടുത്ത നളിനി എന്ന ലൈംഗികതൊഴിലാളി, വാസവദത്തയെ പോലെ പ്രണയനായകനായി കാത്തിരുന്ന നളിനി എന്ന പ്രണയിനി, മാധവിക്കുട്ടിയെ, സാഹിത്യത്തെ, സിനിമയെ, സൂസന്നയെ, ക്ലാരയെ സ്നേഹിക്കുന്നവൾ... ഇങ്ങനെ നളിനി എന്ന വ്യക്തിത്വം പല വിധത്തിൽ അടയാളപ്പെട്ടു കിടപ്പുണ്ട് ഈ പുസ്തകത്തിൽ.
'എന്റെ പൊള്ളുന്ന ജീവിതം തുടരും. ഇനിയൊരു ജന്മമുണ്ടെങ്കിൽ ലൈംഗിക തൊഴിലാളിയായി ജീവിക്കണം എന്ന് അഭിമാനത്തോടെ പറഞ്ഞ്, ഈ പുസ്തകം, കപടസദാചാര വാദികളല്ലാത്ത സുമനസ്സുകൾക്കു മുന്നിൽ സമർപ്പിക്കുന്നു.'- എന്നാണ് ഈ പുസ്തകത്തിന്റെ തുടക്കത്തിൽ നളിന ജമീല പറയുന്നത്. ആർക്കും കഴിയും ഇതുപോലെ തുറന്ന് എഴുതാൻ.
മൂവായിരം പരുഷന്മാരുമായി ബന്ധപ്പെട്ടോ?
ആത്മകഥയും ഇന്റവ്യൂകളും എല്ലാം ആയതോടെ തന്നെക്കുറിച്ച് പല നിറം പിടിപ്പിച്ച കഥകളും പ്രചരിക്കുന്നുണ്ടെന്നു നളിനി ജമീല ഇപ്പോൾ പറയുന്നു. ഈയിടെ സംവിധായകൻ മേജർ രവിക്ക് നൽകിയ ഒരു അഭിമുഖത്തിൽ അവർ ഇങ്ങനെ പറയുന്നു. ''
നളിനി ജമീല എന്നൊരു സ്ത്രീയുണ്ട്. അവർക്ക് മൂവായിരം ക്ളയന്റുണ്ട് എന്നൊക്കെയാണ് പലരും പറയുന്നത്. നേരത്തെയുള്ള ഒരു അഭിമുഖത്തിൽ പറഞ്ഞതാണിത്. പക്ഷേ അത് അവർ പെരുപ്പിച്ച് കാണിച്ചതാണ്. താനൊരു സ്ഥിരം ലൈംഗിക തൊഴിലായിരുന്നില്ല എന്നതാണ് സത്യം. എല്ലാ മാധ്യമങ്ങളും പിന്നീട് മൂവായിരം പേരുള്ള എന്ന തരത്തിലാണ് സംസാരിക്കാൻ തുടങ്ങിയത്. ഞാൻ വേറെന്തൊക്കെ പ്രവർത്തിക്കുന്നുണ്ട്. അതൊന്നും അവർ ചോദിച്ചില്ല. എല്ലാവരും ഈ ചോദ്യമാണ് ഉന്നയിക്കുന്നത്. ഞാൻ കൗൺസിലിങ് കൊടുത്തവർ ഇതിൽ അധികമുണ്ട്. പലരും വിവാഹ ജീവിതം പരാജയപ്പെട്ട്, ലൈംഗികത എന്താണെന്ന് അറിയാനായി വന്നവരുണ്ട്.''- നളിനി ജമീല പറയുന്നു.
അതുപോലെ തനിക്കുണ്ടായ ദുരനുഭവങ്ങളും അവർ പങ്കുവെക്കുന്നു. ''എന്റെ രണ്ടാമത്തെ പുസ്തകം പ്രസിദ്ധീകരിക്കാനാവാതെ കുറെ വർഷങ്ങളായി വിഷമിക്കുകയാണ്. എന്തുചെയ്യണമെന്നറിയാതെ വന്നൊരു ഘട്ടത്തിൽ ചെയ്തൊരു കാര്യമാണ്. ഫെയ്സുബക്കിൽ ഒരു കുറിപ്പിട്ടു. എന്നെ കുറിച്ച് അറിയുന്നവരും എന്റെ ആദ്യ പുസ്തകം വായിച്ചവരും ശ്രദ്ധിക്കുമെന്ന് വിശ്വാസത്തിൽ രണ്ടാമതൊരു പുസ്തകം പ്രസിദ്ധീകരിക്കാൻ എനിക്ക് താൽപര്യമുണ്ടെന്നും പണമാണ് പ്രശ്നമെന്നും നിങ്ങളാൽ കഴിയുന്ന സഹായം ചെയ്താൽ എനിക്കു തന്നെ ആ പുസ്തകം പ്രസിദ്ധീകരിക്കാമെന്നും ഞാനെഴുതി. എന്റെ ഫോൺ നമ്പറും കൊടുത്തിരുന്നു. പിറ്റേദിവസം മുതൽ ദിവസേന പത്തു ഫോൺ കോളെങ്കിലും എനിക്കു വന്നു തുടങ്ങി. വിളിക്കാരെല്ലാം പറയുന്നത് ഒരേ കാര്യം; പണം തരാം പകരം നല്ല പെൺകുട്ടികളെ ഒപ്പിച്ചു തരുമോയെന്ന്. ചിലർക്ക് ഞാനാണെങ്കിലും മതി. ഇതാണ് മലയാളി.''
ഇപ്പോൾ ജീവതം വെട്ടിപ്പിടിച്ചുവെന്ന തോന്നൽ
ഇപ്പോൾ ചലച്ചിത്ര അവാർഡ് കിട്ടിയതോടെ ജീവിതം വെട്ടിപ്പിടിച്ചുവെന്ന തോന്നാലാണ് തനിക്ക് ഉണ്ടായത് എന്ന് നളിനി ജമീല പ്രതികരിക്കുന്നു. ''ജീവിതാനുഭവങ്ങളിൽ നിന്ന് എടുത്ത ഏടുകൾ തന്നെയാണ് പകർത്താൻ ശ്രമിച്ചത്. ജീവിതത്തിൽ ആദ്യമായാണ് വസ്ത്രാലങ്കാരം ചെയ്യുന്നുത്. സൗഹൃദബന്ധത്തിന്റെ പുറത്തായിരുന്നു അത്. ഒരു പാട് പുറകോട്ട് പോവേണ്ടെന്നും, പുതിയ കാലഘട്ടത്തിന് ചേരുന്ന രീതിയിൽ ആവണം, വസ്ത്രാലങ്കാരം എന്നും പറഞ്ഞു. എന്റെ ഒരു ശൈലി തന്നെയാണ് സിനിമയിൽ സ്വീകരിച്ചത്. വലിയ അലങ്കാരങ്ങളോ ആർഭാടങ്ങളോ ഉള്ള വസ്ത്രം ഞാൻ ധരിക്കാറില്ല. ഇത് ഒരു ജോലി ആയിട്ടൊന്നും തോന്നിയതേ ഇല്ല. ലൈംഗികത്തൊഴിലാളിയായിരുന്ന കാലത്തെ അനുഭവത്തിൽനിന്നുള്ള ഏടുകളാണ് പകർത്താൻ ശ്രമിച്ചത്. വിലകൂടിയ വസ്ത്രങ്ങൾ ഒക്കെയാണ് ആദ്യം എടുക്കാൻ ശ്രമിച്ചിരുന്നത്. പക്ഷേ ഞങ്ങൾ പൂനം സാരി, ഗ്രേ സിൽക്ക് എന്നിതിനൊന്നും അപ്പുറം പോകാറില്ല. സാധാരണക്കാരിയുടെ വേഷവിധാനം തന്നെയാണ് സ്വീകരിച്ചത്. നിറങ്ങൾ തെരഞ്ഞെടുക്കുന്നതിലും പ്രത്യേകതയുണ്ട്. രാത്രി കാലങ്ങളിൽ കളർഫുള്ളായ നിറങ്ങളും, പകൽ സമയങ്ങളിൽ ഇളം നിറങ്ങളുമാണ് പൊതുവെ തിരഞ്ഞെടുക്കാറുള്ളത്. 13 സാരിയാണ് ആദ്യം ചിത്രത്തിനുവേണ്ടി തിരഞ്ഞെടുത്തത്. പിന്നീട് തികയാതെ വന്നപ്പോൾ ഒന്നു രണ്ടെണ്ണം കൂടി തിരഞ്ഞെടുക്കുക ഉണ്ടായി. ജീവിതം യുദ്ധം ചെയ്ത് വെട്ടിപ്പിടിച്ച തോന്നലാണ് ഇപ്പോൾ. ഒരാൾ വിചാരിച്ചാൽ കുറേക്കാര്യങ്ങളിൽ മുന്നോട്ട് പോകമെന്നാണ്, ഞാൻ വിശ്വസിക്കുന്നത്.
പണ്ട് വിമാനത്തിൽ കയറണം എന്നായിരുന്നു ആഗ്രഹം. പല രാജ്യങ്ങളും സന്ദർശിച്ചു. ഇപ്പോൾ ഇവിടെ എത്തി നിൽക്കുമ്പോൾ വളരെ സന്തോഷമുണ്ട്. ലൈംഗികത്തൊഴിലാളികളോട് പണ്ടത്തെ അത്ര പുച്ഛവും, അടിച്ചോടിക്കലുമൊന്നുമില്ല. ചെറിയ പരിഗണനയൊക്കെ കിട്ടുന്നുണ്ട്. വയസ്സായവർക്ക് തെരുവിൽ ഉറങ്ങാതിരിക്കാൻ ഒരു കിടപ്പാടം ഒരുക്കുക എന്നതാണ് എറ്റവും വലിയ സ്വപ്നം. അവർക്കായി അവസാനം സമാധനാത്തോടെ കിടന്നുറങ്ങാൻ ഒരു സ്നേഹവീട് ഒരുക്കണം. ഞാനും പ്രായമായ ആളാണ്. എനിക്ക് ഒപ്പം അവർക്കുമുള്ള ഇടമാണ് സ്വപ്നം. ഒപ്പം ഒരു പുസ്തകം എഴുത്തിന്റെ പണിപ്പുരയിലുമാണ്. '' - നളിനി ജമീല വ്യക്തമാക്കുന്നു.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ