ന്യൂഡൽഹി: പുറ്റിങ്ങൽ വെടിക്കെട്ടപകടത്തിന് താൻ ഉത്തരവാദിയായിരുന്നെങ്കിൽ അന്നത്തെ ആഭ്യന്തര സെക്രട്ടറിയായിരുന്ന നളിനി നെറ്റോയ്ക്കും ഉത്തരവാദിത്വമുണ്ടെന്ന് ടി.പി സെൻകുമാർ. തനിക്കെതിരെ എൽഡിഎഫ് സർക്കാർ സ്വീകരിച്ച നടപടിക്കെതിരെ സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ വാദം കേൾക്കുമ്പോളായിരുന്നു സെൻകുമാറിന്റെ അഭിഭാഷകൻ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

പുറ്റിങ്ങൽ അപകടത്തിന് ഡിജിപിയായിരുന്ന സെൻകുമാർ ഉത്തരവാദിയായിരുന്നെങ്കിൽ അന്ന് ആഭ്യന്തര സെക്രട്ടറിയായിരുന്ന നളിനി നെറ്റോയ്ക്കും ഉത്തരവാദിത്വമുണ്ട്. സെൻകുമാറിനെ സ്ഥാനം മാറ്റിയ സർക്കാർ നളിനി നെറ്റോയെ ചീഫ് സെക്രട്ടറിയായി ഉയർത്തിയെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു. തുടർന്ന് ടി.പി.സെൻകുമാറിന്റെ സ്ഥാനമാറ്റവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി സർക്കാരിനോട് വിശദീകരണം തേടി.

രാഷ്ട്രീയവിരോധമാണ് സ്ഥാനമാറ്റത്തിന് കാരണമെന്നാണ് സെൻകുമാറിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ദുഷ്യന്തവേ വാദിച്ചത്. പുറ്റിങ്ങൽ വെടിക്കെട്ടപകടവുമായി ബന്ധപ്പെട്ട് സർക്കാർ ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ അന്ന് ഡിജിപിയായിരുന്ന സെൻകുമാറിനെതിരെ യാതരുവിധ പരാമർശങ്ങളുമില്ലെന്ന് അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ജിഷാ കേസിലെ വീഴ്ചയല്ല സ്ഥാനമാറ്റത്തിന് കാരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞതിന്റെ രേഖകളും അദ്ദേഹം കോടതിയിൽ ഹാജരാക്കി.

ജിഷ വധം, പുറ്റിങ്ങൽ കേസുകളിലെ വീഴ്ചയും കാര്യക്ഷമതയില്ലാത്ത നേതൃത്വവുമാണ് സെൻകുമാറിനെ മാറ്റാനുള്ള കാരണമെന്നായിരുന്നു സർക്കാർ വ്യക്തമാക്കിയത്. അങ്ങനെയെങ്കിൽ സ്ഥാനമാറ്റം സംബന്ധിച്ച എല്ലാ രേഖകളും ഹാജരാക്കണമെന്ന് സർക്കാരിനോട് കോടതി ആവശ്യപ്പെട്ടു. പുറ്റിങ്ങൽ-ജിഷാ കേസുകളുമായി ബന്ധപ്പെട്ട രേഖകളും കോടതിയിൽ ഹാജരാക്കണം.

കേസ് ജയിച്ചാൽ നഷ്ടമായ കാലാവധി നീട്ടി നൽകണമെന്ന് സെൻകുമാറിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടു. ഇക്കാര്യം പരിശോധിക്കാമെന്നായിരുന്നു ഈ വാദത്തോട് കോടതി പ്രതികരിച്ചത്. ഏപ്രിൽ 10-ന് കേസ് വീണ്ടും പരിഗണിക്കും.