എഡ്മൺറ്റൻ: നോർത്തേൺ ആൽബെർട്ട മലയാളീ ഹിന്ദു ആസോസിയേഷന്റെ (നമഹ) ഈ വർഷത്തെ വിഷു ആഘോഷം ബാൽവിൻ കമ്മ്യൂണിറ്റി ഹാളിൽ വെച്ച് ഏപ്രിൽ 21 നു നടത്തപ്പെട്ടു. ഉച്ചക്ക് തനതു കേരളീയ ശൈലിയിൽ തൂശനിലയിൽ സദ്യ വിളമ്പി കൊണ്ടാണ് ആഘോഷങ്ങൾ ആരംഭിച്ചത്.

നമഹയുടെ അംഗങ്ങളായ കെ. പി.രാമകൃഷ്ണൻ , വിജീഷ് പരമേശ്വരൻ എന്നിവരുടെ നേതൃത്വത്തിൽ നമഹ കുടുംബാംഗങ്ങൾ തന്നെയാണ് തലേ ദിവസം ഒരുമിച്ചു കൂടി സദ്യയൊരുക്കിയത്. വിഭവസമൃദ്ധമായ സദ്യക്ക് ശേഷം സമ്മേളന പരിപാടികൾ ആരംഭിച്ചു. നമഹ പ്രസിഡന്റ് ശശി കൃഷ്ണ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ സെക്രട്ടറി പ്രമോദ് വാസു സ്വാഗതം ആശംസിച്ചു. എഡ്മണ്ടനിലെ ഇസ്‌കോൺ ക്ഷേത്രത്തിലെ മുഖ്യ പൂജാരി ബാലകൃഷ്ണ പ്രഭുജി ഭദ്രദീപം കൊളുത്തി പരിപാടികൾ ഉത്ഘാടനം ചെയ്തു.

എഡ്മണ്ടൻ എല്ലസ്‌ളി എംൽഎ റോഡ് ലയോള ആയിരുന്നു വിഷു ദിനത്തെ മുഖ്യ അതിഥി. പ്രദീപ് നാരായണൻ നമഹയുടെ പ്രവർത്തനങ്ങളെ കുറിച്ച് വിശദീകരിച്ചു. സത്യസായി സെന്റർ പ്രസിഡന്റ് നളിന കുമാർ, എച് സ് സ് പ്രതിനിധി ധനു എസ്, ഭാരതീയ കൾച്ചറൽ സൊസൈറ്റി പ്രസിഡന്റ് അർച്ചന തിവാരി എന്നിവർ പരിപാടിക്ക് ആശംസ നേർന്നു. വൈസ് പ്രസിഡന്റ് രവി മങ്ങാട്ട് പരിപാടിക്ക് നന്ദി പറഞ്ഞു. സമ്മേളന ശേഷം നമഹ അംഗങ്ങൾ അവതരിപ്പിച്ച വർണ്ണാഭമായ കലാപരിപാടികൾ വേദിയിൽ അവതരിപ്പിക്കപ്പെട്ടു.

വിവിധ ശാസ്ത്രീയ നൃത്തങ്ങൾ, ഗാനങ്ങൾ, കോൽക്കളി, സിനിമാറ്റിക് ഡാൻസ്, അക്ഷരശ്ലോകം തുടങ്ങിയ വ്യത്യസ്തങ്ങളായ കലാപരിപാടികൾ വിഷു സദ്യക്കുശേഷമുള്ള വേറൊരു വിരുന്നായി മാറി. പ്രശസ്തരായ കലാഗുരുക്കളുടെ ശിക്ഷണത്തിലാണ് കുട്ടികളും മുതിർന്നവരും കലാപരിപാടികൾക്കായി ഒരുങ്ങിയത്. വൈകിട്ട് ഏഴു വരെ നീണ്ട കലാപരിപാടികൾ നാട്ടിലെ ഓർമ്മകൾ ഉണർത്തുന്ന അസുലഭ സായാഹ്നം സൃഷ്ടിച്ചു.

റോയൽ ലിപേജ് സമ്മിറ്റ് റിയാലിറ്റി ഏജന്റ് ജിജോ ജോർജ് ആയിരുന്നു പരിപാടിയുടെ മുഖ്യ സ്‌പോൺസർ.ദിനേശൻ രാജൻ ബാലഗോകുലം കുട്ടികൾക്കുള്ള സമ്മാനങ്ങൾ സ്‌പോൺസർ ചെയ്തു. ഖജാൻജി ബിജോഷ് മോഹനൻ, ബിഗില പ്രദീപ്, കോർഡിനേറ്റർമാരായ ഗൗതം കെ റാം, രജനി പണിക്കർ, ബോർഡ് മെമ്പർമാരായ ബാബു കൊമ്പൻ, കിഷോർ രാജ് , സുഷമ ദിനേശൻ , അജയ് കൃഷ്ണ , പ്രജീഷ് നാരായണൻ , ജിഷ്ണു രാഘവ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.