കാൽഗറി : കാൽഗറി ആസ്ഥാനമായുള്ള 'നമ്മൾ' (നോർത്ത് അമേരിക്കൻ മീഡിയ സെന്റർ ഫോർ മലയാളം ആർട്സ് ആൻഡ് ലിറ്ററേച്ചർ) ക്രിസ്തുമസ്സും,പുതുവത്സരവവും സംയുക്തമായി, നോർത്ത് അമേരിക്കൻ മലയാളികൾക്കുവേണ്ടി ഒരു വിർച്വൽ ക്രിസ്തുമസ്സ് - പുതുവത്സര ആഘോഷം 'സ്വാഗതം 2022' സംഘടിപ്പിച്ചു.

നോർത്ത് അമേരിക്കയിലെ വിവിധ പ്രദേശങ്ങളിലെ നൂറിലധികം കലാകാരന്മാരും, ടീം പ്രയാഗും ചേർന്ന് ആസ്വാദ്യകരമായ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. ഡിസംബർ 31, 9 .00 പി.എം (ഇ.എസ്.ടി) ആരംഭിച്ച പരിപാടികൾ പുതുവർഷം പുലർന്നതിന് ശേഷം ഒരുമണിക്കൂറോളം നീണ്ടുനിന്നു .

കിഴക്കിന്റെ കാതോലിക്കായും മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷനുമായ അഭിവന്ദ്യ കാതോലിക്കാ ബാവാ മോറാൻ മാർ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃദീയന്റെ അനുഗ്രഹ പ്രഭാഷണത്തോട് കൂടി സ്വാഗതം 2022 ആരംഭിച്ചു. കാനഡയിലെ മലയാളം പഠിക്കാൻ ആഗ്രഹിക്കുന്ന കുട്ടികൾക്കുവേണ്ടി 'നമ്മളുടെ പള്ളിക്കുടവും', കൂടാതെ മലയാള ഭാഷയേയും , കേരളീയ കലകളെയും പ്രോൽസാഹോപ്പിക്കാനും, പരിഭോഷിപ്പിക്കാനും 'നമ്മൾ' നടത്തിവരുന്ന പ്രവർത്തനങ്ങളെ അഭിവന്ദ്യ കാതോലിക്കാ ബാവാ പ്രകീർത്തിച്ചു.

ചടങ്ങിൽ ആൽബെർട്ട പ്രൊവിൻസ് ഇൻഫ്രാസ്ട്രക്ച്ചർ മന്ത്രി പ്രസാദ് പാണ്ഡ, കേരള സംസ്ഥാന കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് എന്നിവർ ആശംസാ സന്ദേശങ്ങൾ നൽകി.

ഭാവ സൗന്ദര്യം നിറഞ്ഞു നില്ക്കുന്ന ഗാനങ്ങൾ, ഉത്സവ ഉല്ലാസ മികവ് നിറഞ്ഞു നില്ക്കുന്ന ഫ്യൂഷൻ പാട്ടുകൾ, മലയാള നാടിന്റെ സുഗന്ധം പരത്തുന്ന ഒപ്പന, മാർഗംകളി, നാടോടിനൃത്തങ്ങൾ എന്നിവകൾ കൊണ്ട് ചടങ്ങുകൾ സമ്പന്നമായിരുന്നു . ചടങ്ങിന് ജോസഫ് ജോൺ കാൽഗറിയിൽ നിന്ന് സ്വാഗതവും, ടൊറൊന്റോയിൽ നിന്ന് നന്ദകുമാർ .ജി. നന്ദിയും പറഞ്ഞു.

ഈ 2022 ൽ നോർത്ത് അമേരിക്കൻ മലയാളികളെ പങ്കെടുപ്പിച്ചു പുതിയ പരിപാടികൾക്ക് നേതൃത്വം കൊടുക്കുമെന്ന് . സംഘടനയുടെ സംഘാടകരായ രവിരാജ് രവീന്ദ്രൻ, ശ്രീകുമാർ ചന്ദ്രശേഖർ , മാധവി ഉണ്ണിത്താൻ, രഞ്ജിത് സേനൻ, നിതിൻ നാരായണ , നന്ദകുമാർ ജി. എന്നിവർ അറിയിച്ചു.