ബാഗ്ലൂർ : ചൊവ്വയിൽ മംഗൾയാനെത്തുമ്പോൾ ട്വിറ്ററിലൂടെയാണ് മാവൻ സഹയാത്രികനെ സ്വാഗം ചെയ്യുന്നത്. തനിക്ക് കൂട്ടുകാരനെ തന്നതിന് ഐഎസ്ആർഒയെ മാവൻ അഭിനന്ദിക്കുന്നുമുണ്ട്. ചൊവ്വയെ വലം വയ്ക്കാൻ നാസ വിക്ഷേപിച്ച മാവൻ ദിവസങ്ങൾക്ക് മുമ്പാണ് ലക്ഷ്യത്തിലെത്തിയത്.

ഇതിന് പ്രാതലിന് ശേഷം മടങ്ങിയെത്താമെന്നും നല്ല സുര്യപ്രകാശമുള്ളത് നിങ്ങളുടെ ബാറ്ററിക്ക് നല്ലതാണെന്നും മംഗൾയാനും ട്വിറ്ററിൽ മറുപടി നൽകുന്നു. നാസയുടെ പരിക്ഷണ വാഹനമായ ക്യൂരിയോസിറ്റി റോവറും ട്വിറ്ററിലൂടെ മംഗൾയാനെ സ്വാഗതം ചെയ്യുന്നുണ്ട്. ദൂരെക്കാണുന്ന ചുവപ്പ് ഗ്രഹമാണോ. അതാണോ എന്റെ ഭ്രമണപഥത്തിന്റെ ദൃഷ്ടികേന്ദ്രമെന്ന ചോദ്യം മാവനോടും റോവറോടുമായി മംഗൾയാൻ ഉയർത്തുന്നുമുണ്ട്.

വിക്ഷേപണ വിജയം നേടിയ ഐഎസ്ആർഒയെ അഭിനന്ദിച്ചാണ് ക്യൂരിയോസിറ്റി റോവറും ട്വീറ്റ് ചെയ്യുന്നത്. എങ്ങനെയുണ്ടെന്നും ബന്ധം നിലനിർത്തണമെന്നും ഞാൻ തൊട്ടടുത്തുണ്ടെന്നും മംഗൾയാനും മറുപടി നൽകുന്നു. നാസയാണ് മാവന്റേയും റോവറുടേയും ട്വിറ്റർ സന്ദേശങ്ങൾക്ക് പിന്നിൽ. ഇസ്രോ തന്നെയാണ് മംഗൾയാനെ ട്വിറ്റർ ലോകത്തും നിയന്ത്രിക്കുന്നത്.

ഐഎസ്ആർഒയുടെ ട്വിറ്ററിലേക്ക് പ്രധാനികളുടെ ആശംസകളും എത്തുകയാണ്. ബോളിവുഡിൽ നിന്ന് സാക്ഷാൽ അമിതാഭ് ബച്ചൻ തന്നെ സന്ദേശമിട്ടു. മംഗൾയാന്റെ ചെലവ് തന്നെയാണ് ബച്ചനെ അൽഭുതപ്പെടുത്തുന്നത്. ഒരു ഹോളിവുഡ് സിനിമയെക്കാൾ കുറഞ്ഞ ചെലവിൽ മംഗൾയാനെ ലക്ഷ്യത്തിലെത്തിയതിന്റെ അഭിമാനവും ആശ്ചര്യവുമാണ് ബച്ചൻ പങ്കുവയ്ക്കുന്നത്. ആദ്യ ശ്രമത്തിൽ ചൊവ്വാ ലക്ഷ്യം നേടിയ ഇസ്രോയെ ഇന്ത്യൻ ക്രിക്കറ്റ് ടീം ഉപനായകൻ വിരാട് കോലിയും അഭിനന്ദിക്കുന്നു.

രാഷ്ട്രപതി പ്രണാബ് കുമാർ മുഖർജിയുടെ ആശംസയും ഇസ്രോയുടെ ട്വിറ്റർ പേജിലുണ്ട്. ഉത്തർപ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവും ശശി തരൂർ എം.പിയും ട്വിറ്ററിലൂടെ സന്തോഷം രേഖപ്പെടുത്തുന്നു. രാഷ്ട്രപതി മുതൽ ബച്ചൻ വരെയുള്ള ആശംസകൾക്ക് നന്ദി പറയാനും ട്വിറ്ററിലൂടെ ഇസ്രോ പ്രത്യേക ശ്രദ്ധിച്ചിട്ടുണ്ട്.